അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

ജീവിതത്തില്‍ കല്ലും മുള്ളും നിറഞ്ഞ, ഇടുങ്ങിയതും ഞെരുങ്ങിയതുമായ വഴിത്താരയിലൂടെ മുമ്പോട്ടു പോകുവാന്‍ കഴിയാതെ നിസ്സഹായരായി അനേകര്‍ കര്‍ത്താവിനോടു നിലവിളിക്കാറുണ്ട്. സഹായിക്കുവാന്‍ ആരുമില്ലാതെ നിസ്സഹായതയില്‍ നിന്നുയരുന്ന ആ നിലവിളിക്കു മുമ്പില്‍ കാരുണ്യവാനായ കര്‍ത്താവ് കടന്നുവന്ന് അവരെ കോരിയെടുത്ത് അനുഗ്രഹങ്ങളുടെ പ്രകാശവര്‍ഷം ചൊരിയുന്ന രാജവീഥിയിലെത്തിക്കുന്നു. വലുതും വിശാലവുമായ, സമ്പല്‍സമൃദ്ധിയുടെ മനോഹാരിത നിറഞ്ഞ ആ വീഥിയിലെത്തുമ്പോള്‍ തങ്ങളെ അവിടെയെത്തിച്ച കര്‍ത്താവിനെ പലരും പാടേ മറന്നുപോകാറുണ്ട്. ദു:ഖത്തിന്റെയും ദാരിദ്ര്യത്തിന്റെയും രോഗത്തിന്റെയും കൂര്‍ത്ത മുനയുള്ള കല്ലുകള്‍കൊണ്ട് പാദങ്ങള്‍ മുറിഞ്ഞു രക്തം വാര്‍ന്നൊഴുകി മുമ്പോട്ടു പോകുവാന്‍ കഴിയാതിരുന്ന കാലങ്ങളില്‍ തങ്ങളെ കോരിയെടുത്തു ആശ്വസിപ്പിച്ച് സൗഖ്യമാക്കിയ യേശുവിനെക്കുറിച്ച് മറ്റുള്ളവരോടു പറയുവാന്‍ അനേകര്‍ക്ക് ലജ്ജയാണ്. തങ്ങളുടെ പുതിയ സാമൂഹ്യബന്ധങ്ങളില്‍ യേശുവിനെക്കുറിച്ച് പറഞ്ഞാല്‍ തങ്ങളുടെ സ്റ്റാറ്റസ് കുറഞ്ഞുപോകുമെന്നുള്ള ധാരണ അവരെ മൗനികളാക്കുന്നു. വിശാലത നിറഞ്ഞ ആ വീഥിയില്‍നിന്നുകൊണ്ട് യേശുവിന്റെ സ്‌നേഹത്തെയും ശക്തിയെയുംകുറിച്ച് ഉദ്‌ഘോഷിക്കുന്നവരെയും കര്‍ത്താവ് കാണുന്നു. തനിക്കുവേണ്ടി ഭൂമിയില്‍ ശബ്ദമുയര്‍ത്തുവാന്‍ കഴിയാത്തവരെ തന്റെ പിതാവിന്റെ സന്നിധിയില്‍ താനും തള്ളിപ്പറയുമെന്ന് കര്‍ത്താവ് അരുളിച്ചെയ്യുന്നു. ഭവിഷ്യത്തുകളെ ഭയപ്പെടാതെ യേശുവിനെ മനുഷ്യരുടെ മുമ്പില്‍ ഏറ്റുപറയുന്നവരെ കര്‍ത്താവ് പിതാവിന്റെ സന്നിധിയില്‍ ഏറ്റുപറയുന്നു.
സഹോദരാ! സഹോദരീ! പലപ്പോഴും കഷ്ടങ്ങളുടെയും നഷ്ടങ്ങളുടെയും കൂര്‍ത്ത കല്ലുകളും മുള്ളുകളും നിറഞ്ഞ ജീവിതപന്ഥാവില്‍ വഴിമുട്ടി നില്‍ക്കുമ്പോള്‍ നിന്നെ കോരിയെടുത്തു രക്ഷിച്ച യേശുവിനെക്കുറിച്ച് മനുഷ്യരോടു പറയുവാന്‍ നിനക്കു കഴിഞ്ഞിട്ടുണ്ടോ? ഇല്ലെങ്കില്‍ നിന്നെ കോരിയെടുത്ത കര്‍ത്താവിനെക്കുറിച്ച് വര്‍ണ്ണിക്കുവാനും അവനെ ഏറ്റുപറയുവാനും ഈ സമയംമുതല്‍ നിന്റെ ശബ്ദം ഉയര്‍ത്തുമോ? അങ്ങനെ കര്‍ത്താവിനുവേണ്ടി നിന്റെ ശബ്ദം ഉയരുമ്പോഴാണ് നിനക്കുവേണ്ടി പിതാവിന്റെ സന്നിധിയില്‍ കര്‍ത്താവിന്റെ ശബ്ദവും ഉയരുന്നതെന്ന് നീ ഓര്‍ക്കുമോ?
മാറുകില്ല മറക്കുകില്ല
മാറ്റമില്ലാത്ത സ്‌നേഹിതന്‍
യേശു മാറ്റമില്ലാ സ്‌നേഹിതന്‍
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com