അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

മക്കള്‍ ദൈവഭയത്തിലും ഭക്തിയിലും വളരണമെന്ന് എല്ലാ മാതാപിതാക്കളും ആഗ്രഹിക്കാറുണ്ട്. എന്നാല്‍ തങ്ങളുടെ ദൈവാശ്രയവും ദൈവത്തിലുള്ള വിശ്വാസവും അനുസരിച്ചു മാത്രമേ മക്കള്‍ ദൈവത്തിന്റെ വഴിയില്‍ വളരുകയുള്ളുവെന്ന് അനേക മാതാപിതാക്കള്‍ മനസ്സിലാക്കുന്നില്ല. ''ബാലന്‍ നടക്കേണ്ട വഴിയില്‍ അവനെ അഭ്യസിപ്പിക്കുക; അവന്‍ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല'' എന്ന് ശലോമോന്‍ പറയുന്നു (സദൃശവാക്യങ്ങള്‍ 22 : 6). ദൈവസന്നിധിയില്‍ ഒരുമനസ്സോടെ പ്രാര്‍ത്ഥിക്കുവാനും ദൈവത്തിനുവേണ്ടി തീക്ഷ്ണതയോടെ ഒരേ ഹൃദയത്തോടെ പ്രവര്‍ത്തിക്കുവാനും കഴിയാത്ത മാതാപിതാക്കള്‍ക്ക്, ദൈവത്തെ തങ്ങളുടെ മക്കള്‍ക്കു കാണിച്ചുകൊടുക്കുവാന്‍ കഴിയുകയില്ല. മാതാപിതാക്കള്‍ തമ്മില്‍ അനൈക്യവും അഭിപ്രായ വ്യത്യാസങ്ങളും നിലനില്‍ക്കുമ്പോള്‍, അവരുടെ മക്കള്‍ അസമാധാനത്തിലും അശാന്തിയിലും വളരുന്നു. മാതാപിതാക്കളില്‍നിന്നു ദൈവഭയമോ ഭക്തിയോ മനസ്സിലാക്കുവാന്‍ കഴിയാതെ വളരുന്ന മക്കള്‍ ദൈവത്തെ അറിയാതെ വളരുന്നു. യെഹൂദാരാജാവായ യെഹോശാഫാത്ത് തന്റെ പിതാവായ ആസായുടെ ദൈവത്തെ അന്വേഷിക്കുകയും ദൈവത്തിന്റെ കല്പനകള്‍ അനുസരിച്ചു നടക്കുകയും ചെയ്തതുകൊണ്ട് യഹോവ അവന്റെ രാജത്വം ഉറപ്പിച്ചു കൊടുത്തു (2 ദിനവൃത്താന്തം 17 : 4, 5). യഹോവയാം ദൈവത്തിനുവേണ്ടി തീക്ഷ്ണതയോടെയും വിശ്വസ്തതയോടെയും പ്രവര്‍ത്തിക്കുന്ന തന്റെ പിതാവിനെ കണ്ടു വളര്‍ന്ന യെഹോശാഫാത്ത് ദൈവത്തില്‍ സമ്പൂര്‍ണ്ണമായി ആശ്രയിച്ച് ദൈവത്തിനു പ്രസാദമുള്ളവനായിത്തീര്‍ന്നു. മാതാപിതാക്കന്മാര്‍ തങ്ങളുടെ മക്കളെ ദൈവഭക്തിയിലും ഭയത്തിലും വളര്‍ത്തുമ്പോഴാണ് ദൈവം അവരുടെ ഭാവിയെ അനുഗ്രഹിക്കുന്നതെന്ന് യെഹോശാഫാത്തിന്റെ അനുഭവം നമ്മെ പഠിപ്പിക്കുന്നു.
സഹോദരാ! സഹോദരീ! നിന്റെ മക്കള്‍ ദൈവമുള്ളവരായിത്തീരണമെന്ന് നീ ആഗ്രഹിക്കുന്നുവോ? ദൈവത്തിലുള്ള അവരുടെ ഭക്തിയും ഭയവും നിന്നെ ആശ്രയിച്ചിരിക്കുന്നുവെന്ന് നീ മനസ്സിലാക്കുമോ? മാതാപിതാക്കളെന്ന നിലയില്‍ കുടുംബജീവിതത്തില്‍ നിങ്ങള്‍ കാട്ടുന്ന ദൈവാശ്രയവും തീക്ഷ്ണതയും പരസ്പര സ്‌നേഹവും ബഹുമാനവുമാണ് നിങ്ങളുടെ മക്കളെ ദൈവമുള്ളവരാക്കിത്തീര്‍ക്കുന്നതെന്ന് ഓര്‍ക്കുമോ? കുടുംബമായി ഈ സമയത്ത് നിങ്ങള്‍ ദൈവസന്നിധിയില്‍ സമര്‍പ്പിക്കുമോ?
യേശു നിന്നെ വിളിക്കുന്നു യേശുവിന്നരികെ വന്നാല്‍
യേശു നിന്നെ കൈവിടില്ലാ യേശുനിന്നെ കാത്തുരക്ഷിക്കും
നിത്യം കാത്തു രക്ഷിക്കും നിന്നെ കാത്തു രക്ഷിക്കും
യേശുവിനെ കാണേണം നിങ്ങള്‍ യേശുവിനെ കാണേണം
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com