അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 228 ദിവസം

ശ്രുതിമധുരമായി പാടി സ്തുതിക്കുന്നവരും, തിരുവചനശകലങ്ങള്‍ ഉദ്ധരിച്ച് പ്രാര്‍ത്ഥിക്കുന്നവരും പ്രസംഗിക്കുന്നവരും മാത്രമാണ് കര്‍ത്താവിനുവേണ്ടി പ്രവര്‍ത്തിക്കുന്നതെന്ന് പലരും ധരിക്കാറുണ്ട്. എന്നാല്‍ ദൈവത്തിന്റെ വേലയുടെ അഭ്യുന്നതിക്കുവേണ്ടിയും, ശുശ്രൂഷകളുടെയും ആരാധനകളുടെയും സുഗമമായ നടത്തിപ്പിനുവേണ്ടിയും ക്രമീകരണങ്ങള്‍ക്കുവേണ്ടിയും അഹോരാത്രം അദ്ധ്വാനിക്കുന്ന സഹോദരങ്ങളും ദൈവത്തിന്റെ സന്നിധിയില്‍ പ്രാഗത്ഭ്യമുള്ളവരാണ്. ശൂശന്‍രാജധാനിയിലെ പാനപാത്രവാഹകനായിരുന്ന നെഹെമ്യാവ് യെരൂശലേമിലെ തന്റെ ജനത്തിന്റെ തകര്‍ന്ന അവസ്ഥ അറിഞ്ഞപ്പോള്‍ കണ്ണുനീരോടെ അവരെ യഥാസ്ഥാനപ്പെടുത്തുവാനായി ഉപവസിച്ചു പ്രാര്‍ത്ഥിച്ചു. ദൈവം ഒരുക്കിയ മുഖാന്തരങ്ങളുമായി അവന്‍ യെരൂശലേമില്‍ എത്തി മതില്‍ പണിയുവാനാരംഭിച്ചു. അപ്പോള്‍ മതില്‍പണി തടസ്സപ്പെടുത്തുവാന്‍ യിസ്രായേല്‍മക്കളുടെ ശത്രുക്കളായ സന്‍ബല്ലത്തും തോബീയാവും അരാബ്യരും കൂട്ടുകെട്ടുണ്ടാക്കി. ആ സാഹചര്യത്തെ പ്രാര്‍ത്ഥനയോടെ നേരിട്ട നെഹെമ്യാവ് അതോടൊപ്പം ''...ജനത്തെ കുടുംബംകുടുംബമായി വാളുകളോടും കുന്തങ്ങളോടും വില്ലുകളോടുംകൂടെ നിര്‍ത്തി'' (നെഹെമ്യാവ്  4 : 13). ആയുധധാരികളായി അവര്‍ കാവല്‍നില്‍ക്കുകയും ചുമടെടുക്കുന്ന ചുമട്ടുകാര്‍ ഒരു കൈയില്‍ ആയുധം പിടിക്കുകയും മറ്റേ കൈകൊണ്ട് വേല ചെയ്യുകയും ചെയ്തപ്പോള്‍ നെഹെമ്യാവിന് 52 ദിവസംകൊണ്ട് മതില്‍ പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞു. ദൈവത്തിനുവേണ്ടി വന്‍കാര്യങ്ങള്‍ പ്രവര്‍ത്തിക്കുവാന്‍ സ്വര്‍ഗ്ഗീയാനുഗ്രഹങ്ങളോടെ ഇറങ്ങിത്തിരിക്കുന്നവര്‍ക്കു മുമ്പില്‍ ഉയര്‍ന്നുവരുന്ന പ്രതിസന്ധികള്‍ കണ്ട് പകച്ചുനില്‍ക്കാതെ മുന്നേറുമ്പോഴാണ് ശീഘ്രത്തില്‍ തങ്ങളുടെ ദൗത്യം പൂര്‍ത്തിയാക്കുവാന്‍ കഴിയുന്നതെന്ന് നെഹെമ്യാവിന്റെ പ്രവര്‍ത്തനങ്ങള്‍ പഠിപ്പിക്കുന്നു. 

                      ദൈവത്തിന്റെ പൈതലേ! ദൈവാലയങ്ങളിലും ശുശ്രൂഷകളിലുമൊക്കെ നീ വളരെ പ്രാര്‍ത്ഥിക്കുന്നുണ്ടായിരിക്കാം! എന്നാല്‍ ദൈവം നിന്നെ ആക്കിയിരിക്കുന്ന അവന്റെ തോട്ടത്തിന്റെ അവസ്ഥയെക്കുറിച്ച് നെഹെമ്യാവിനെപ്പോലെ ചിന്തിച്ച് പ്രാര്‍ത്ഥിക്കുവാനും ആവശ്യങ്ങളറിഞ്ഞ് പ്രവര്‍ത്തിക്കുവാനും നിനക്കു കഴിഞ്ഞിട്ടുണ്ടോ? പ്രാര്‍ത്ഥിച്ചതോടൊപ്പം വാളും കുന്തവുമേന്തി രാപ്പകലില്ലാതെ അദ്ധ്വാനിച്ചപ്പോഴാണ് ദൈവത്തിന്റെ പ്രമോദമായ യെരൂശലേമിന്റെ തകര്‍ന്ന മതില്‍ 52 ദിവസംകൊണ്ട് പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞതെന്ന് നീ ഓര്‍ക്കുമോ? 

ഭീഷണികള്‍ നേരിടും വേളകളില്‍ 

ഭീരുവായ് തീരാതെന്നും ഞാന്‍ 

നിന്റെ വേല എരിവായ് ചെയ്തിടുവാന്‍

യേശുവേ വന്‍ കൃപയേകണമേ                        അഭിഷേകം...

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com