അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 227 ദിവസം

അത്യുന്നതനായ ദൈവത്തില്‍നിന്ന് അനവരതമായ അനുഗ്രഹങ്ങള്‍ പ്രാപിക്കുന്ന മനുഷ്യര്‍ പ്രതികരിക്കുന്നത് പല രീതികളിലായിരിക്കും. ചിലര്‍ തങ്ങളുടെ ബുദ്ധികൊണ്ടും സാമര്‍ത്ഥ്യംകൊണ്ടുമാണ് നേട്ടങ്ങളെല്ലാം കൊയ്‌തെടുക്കുന്നതെന്ന് വീമ്പടിക്കുന്നു. മറ്റു ചിലര്‍ തങ്ങളുടെ മക്കളുടെ ഭാഗ്യംകൊണ്ടാണ് സമ്പന്നരായതെന്ന് അവകാശപ്പെടും. ചുരുക്കം ചിലര്‍ മാത്രമേ ഇവയൊക്കെയും ദൈവം തങ്ങളുടെമേല്‍ ചൊരിഞ്ഞ അനുഗ്രഹങ്ങളാണെന്ന് മനസ്സിലാക്കി ദൈവത്തെ സ്‌തോത്രം ചെയ്യുകയും മഹത്ത്വപ്പെടുത്തുകയും ചെയ്യാറുള്ളു. പക്ഷേ, ദു:ഖങ്ങളും ദുരിതങ്ങളും ഒന്നൊന്നായി കടന്നുവരുമ്പോള്‍, നിരന്തരമായി പ്രാര്‍ത്ഥിച്ചിട്ടും അവയില്‍നിന്ന് വിടുതലും ആശ്വാസവും ലഭിക്കാതെ വരുമ്പോള്‍ എല്ലാവരുടെയും നീരസം ദൈവത്തോടാണ്. ഊസ്‌ദേശക്കാരനായ ഇയ്യോബ് നിഷ്‌കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ആയിരുന്നു. തന്റെ ഏഴു പുത്രന്മാരും മൂന്നു പുത്രിമാരും മരിച്ചുവെന്നു കേട്ടിട്ടും, മൃഗസമ്പത്തൊക്കെയും നശിച്ചുപോയെന്നറിഞ്ഞിട്ടും ''യഹോവ തന്നു, യഹോവ എടുത്തു, യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ'' എന്നു പറഞ്ഞ ഇയ്യോബ്, പാപം ചെയ്യുകയോ ദൈവത്തില്‍ ഭോഷത്വം ആരോപിക്കുകയോ ചെയ്തില്ല. ഹൃദയഭേദകമായ ഈ സംഭവങ്ങളുടെ മുമ്പിലും ഇയ്യോബ് ദൈവത്തെ തള്ളിപ്പറയാതിരുന്നതുകൊണ്ട് സാത്താന്‍ ദൈവത്തിന്റെ അനുവാദത്തോടുകൂടെ അവനെ ഉള്ളങ്കാല്‍മുതല്‍ നെറുകവരെ പരുക്കളാല്‍ ബാധിച്ചു. ഇയ്യോബിന്റെ ഭാര്യ പരുക്കളാല്‍ ബാധിച്ച് തിരിച്ചറിയുവാന്‍പോലും കഴിയാത്ത തന്റെ ഭര്‍ത്താവിനോട് ''...ദൈവത്തെ ശപിച്ചിട്ടു മരിക്കുക'' (ഇയ്യോബ്  2 : 9) എന്നു പറഞ്ഞപ്പോള്‍, ''ദൈവത്തിന്റെ കൈയില്‍നിന്ന് നന്മ സ്വീകരിക്കുന്നു. തിന്മയും സ്വീകരിക്കരുതോ?'' എന്നു ചോദിച്ച ഇയ്യോബ് ദൈവത്തിലുള്ള തന്റെ അചഞ്ചല വിശ്വാസവും വിശ്വസ്തതയും പ്രകടമാക്കുന്നു. 

                               ദൈവത്തിന്റെ പൈതലേ! ഇയ്യോബിനെപ്പോലെ ദൈവം നിന്നെ പരീക്ഷകളിലൂടെ കടത്തിവിടുമ്പോള്‍ നീ ദൈവത്തെ പഴിപറയാറില്ലേ? അനുഗ്രഹങ്ങള്‍ നിന്റെമേല്‍ ചൊരിഞ്ഞ ദൈവം നിന്നെ കൂടുതലായി അനുഗ്രഹിക്കേണ്ടതിനാണ് വലിയ പരീക്ഷകളില്‍ക്കൂടി കടത്തിവിടുന്നതെന്ന് നീ ഓര്‍ക്കുമോ? ഇയ്യോബിനെപ്പൊലെ വേദനയുടെയും യാതനയുടെയും താഴ്‌വരയിലൂടെയാണ് നീ കടന്നുപോകുന്നതെങ്കില്‍ പരീക്ഷകളെ ജയിച്ച കര്‍ത്താവിനോട് ഈ അവസരത്തില്‍ നിന്റെ സങ്കടങ്ങള്‍ പറയുമോ? 

പീഡകള്‍... യാതന  വേദനകള്‍ ശോധന

ജയിച്ചിടും.... യേശുവാല്‍ ജയിച്ചിടും

രാവിലും പകലിലും പ്രാര്‍ത്ഥനകളാലെ നാം

ഈ ലോകയാത്രയിന്‍ പീഡകള്‍ ജയിച്ചിടും                ജയിച്ചിടും...

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com