അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

വചന പ്രഘോഷണങ്ങള്‍ വളരെ സാധാരണമായിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. നാടാകെ നടക്കുന്ന കണ്‍വെന്‍ഷനുകളിലും വചനോത്സവമേളകളിലും ധ്യാനസമ്മേളനങ്ങളിലുമെല്ലാം തിരുവചനം പ്രഘോഷിക്കപ്പെടുന്നതു കൂടാതെ ഇന്ന് റേഡിയോ, ടെലിവിഷന്‍ മാദ്ധ്യമങ്ങളിലൂടെയുള്ള വചനഘോഷണ ശുശ്രൂഷകളും അനവധിയാണ്. ഈ മാദ്ധ്യമങ്ങളിലൂടെ പതിനായിരക്കണക്കിന് ശ്രോതാക്കള്‍ വചനം കേള്‍ക്കുന്നു. കര്‍ത്താവില്‍നിന്നു പുറപ്പെട്ട ജീവന്റെ വചസ്സുകള്‍ കേള്‍ക്കുവാന്‍ കൂടിയിരുന്ന ജനക്കൂട്ടത്തോട് വചനം അവരുടെ ഹൃദയത്തില്‍ സൃഷ്ടിക്കുന്ന പ്രതികരണത്തെക്കുറിച്ച് കര്‍ത്താവ് അരുളിച്ചെയ്യുന്നു. വചനത്തെ വിത്തിനോടുപമിക്കുന്ന കര്‍ത്താവ്, വിതയ്ക്കുമ്പോള്‍ ചിലത് വഴിയരികെ വീണു, പറവകള്‍ അതു വന്നു തിന്നുകളഞ്ഞു എന്നു പറയുന്നു. വഴിയരിക് ഉറച്ചു കിടക്കുന്ന സ്ഥലമാണ്. നിലം ഉഴുതു മറിച്ച്, അടിച്ചു നിരപ്പാക്കി പ്രത്യേകമായി ഒരുക്കിയശേഷമാണ് വിത്ത് വിതയ്ക്കപ്പെടുന്നത്. വഴിയരികെ വീഴുന്ന വിത്ത് ഉറച്ചുകിടക്കുന്ന മണ്ണില്‍ പതിയാതെ ഉപരിതലത്തില്‍ കിടക്കുന്നതുകൊണ്ടാണ് യാത്രക്കാര്‍ അതിനെ ചവിട്ടിമെതിച്ചുകളയുകയും പറവജാതി അതിനെ തിന്നുകളയുകയും ചെയ്യുന്നതെന്ന് കര്‍ത്താവ് ഉദ്‌ബോധിപ്പിക്കുന്നു. വഴിയരികുപോലെ ഒരുക്കപ്പെടാത്ത കഠിനഹൃദയങ്ങളില്‍ വചനത്തിന് പതിയുവാനോ വേരിറക്കുവാനോ സാദ്ധ്യമല്ല. പാപത്താല്‍ ഉറച്ചിരിക്കുന്ന അവരുടെ ഹൃദയത്തിന്റെ ബലഹീനതകള്‍ സാത്താന്‍ മുതലെടുത്ത് കേട്ട വചനങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുവാനും ഫലങ്ങള്‍ പുറപ്പെടുവിക്കുവാനും ഇടയാക്കുന്നില്ലെന്ന് കര്‍ത്താവ് ഉദ്‌ബോധിപ്പിക്കുന്നു.
സഹോദരങ്ങളേ! നിങ്ങള്‍ ശ്രവിക്കുന്ന ദൈവത്തിന്റെ തിരുവചനം നിങ്ങളുടെ ജീവിതത്തില്‍ പരിവര്‍ത്തനം ഉളവാക്കുന്നുണ്ടോ? അനേകര്‍ നടന്ന് ഉറച്ചുകിടക്കുന്ന വഴിയരികുപോലെ പാപംകൊണ്ട് കഠിനമായ നിങ്ങളുടെ ഹൃദയങ്ങളുടെ ഉപരിതലങ്ങളില്‍ വിതയ്ക്കപ്പെടുന്ന വിത്തിനെ സാത്താന്‍ നീക്കിക്കളഞ്ഞ് വീണ്ടും പാപത്തിലേക്കു പോകുന്ന അവസ്ഥയിലാണോ നിങ്ങള്‍ മുമ്പോട്ടു പോകുന്നത്? എങ്കില്‍ ആ വചനം നിങ്ങളെ ന്യായം വിധിക്കുമെന്നു മനസ്സിലാക്കുമോ?
വഴിയില്‍ വീണിടും വിത്തുകളുണ്ട്
പാറപ്പുറത്തും വിത്തുകള്‍ വീഴും
മുള്ളിനിടയില്‍ വിത്തുകള്‍ വീണാലും
വിത്തു വിതയ്ക്കാം നാം വിത്തു വിതയ്ക്കാം കഷ്ടങ്ങളേറി...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com