അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 224 ദിവസം

ഇന്നത്തെ ക്രൈസ്തവ ലോകം തങ്ങളുടേതായ വിശ്വാസപ്രമാണങ്ങളും കല്പനകളുമുള്ള ആയിരക്കണക്കിന് സഭകളാലും കൂട്ടായ്മകളാലും നിറഞ്ഞിരിക്കുന്നു. തങ്ങളുടേതായ വിശ്വാസവ്യാഖ്യാനമാണ് ശരിയെന്നു സ്ഥാപിക്കുവാന്‍ പരസ്പരം തലതല്ലിക്കീറുന്ന സഭകളും മറ്റുള്ളവരുടെ വിശ്വാസം തെറ്റാണെന്ന് പ്രചരിപ്പിക്കുന്ന ക്രൈസ്തവ സമൂഹങ്ങളും ഈ ഭൂമണ്ഡലത്തില്‍ ധാരാളമുണ്ട്. അത്യുന്നതനായ ദൈവം നല്‍കിയ പത്തു കല്പനകള്‍ വിശദീകരിച്ച് അറുന്നൂറിലധികം ഉപകല്പനകളാക്കിയ യെഹൂദാസഭ ജനങ്ങളെ ഞെരുക്കിക്കൊണ്ടിരുന്ന അവസ്ഥയിലാണ് കര്‍ത്താവ്, ''നിങ്ങള്‍ അന്യോന്യം സ്‌നേഹിക്കണം'' എന്ന പുതിയ കല്പന അവര്‍ക്ക് നല്‍കുന്നത്. ''ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും അന്യോന്യം സ്‌നേഹിക്കണം'' എന്നും ''സ്‌നേഹിതനുവേണ്ടി സ്വന്തം ജീവനെ കൊടുക്കുന്നതിനെക്കാള്‍ വലിയ സ്‌നേഹം ഇല്ല'' എന്നും അരുളിച്ചെയ്ത കര്‍ത്താവ് സ്വന്തം ജീവനര്‍പ്പിച്ച് നമ്മോടുള്ള ദൈവത്തിന്റെ അനന്തമായ സ്‌നേഹം വെളിപ്പെടുത്തിയെന്ന് യോഹന്നാന്‍ശ്ലീഹാ ചൂണ്ടിക്കാണിക്കുന്നു. തന്റെ ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയ, തന്നെ തള്ളിപ്പറഞ്ഞ പത്രൊസിനെ വീണ്ടും മാറോടണച്ച, തന്നെ വിട്ടോടിപ്പോയ ശിഷ്യന്മാര്‍ക്കു പ്രാതല്‍ ഒരുക്കി തിബെര്യാസ് കടല്‍ക്കരെ കാത്തുനിന്ന, ആയിരംപതിനായിരങ്ങളുടെ രോഗത്തിലും രോദനത്തിലും മനസ്സലിഞ്ഞ് അവരെ ആശ്വസിപ്പിച്ച തന്റെ അവര്‍ണ്ണനീയ സ്‌നേഹത്തില്‍ തന്റെ അനുഗാമികള്‍ അലിഞ്ഞു ചേരുവാന്‍ യേശു ആഗ്രഹിക്കുന്നു. പരസ്പരമുള്ള സ്‌നേഹംകൊണ്ടാണ് ലോകം തന്റെ ശിഷ്യന്മാരെ തിരിച്ചറിയേണ്ടതെന്ന് യേശു അവരെ ഉദ്‌ബോധിപ്പിച്ചു. 

                                ദൈവത്തിന്റെ പൈതലേ! യേശുവിന്റെ സ്‌നേഹത്തെക്കുറിച്ച് പാടുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന നിനക്ക്, നിന്റെ ഇടവകയില്‍, ശുശ്രൂഷയില്‍ ആ സ്‌നേഹം പ്രാവര്‍ത്തികമാക്കുവാന്‍ കഴിയുന്നുണ്ടോ? നീ പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്നുവെങ്കില്‍ യേശുവിന്റെ അതുല്യസ്‌നേഹം നിന്നില്‍നിന്ന് അണപൊട്ടിയൊഴുകുമെന്ന് നീ മനസ്സിലാക്കുമോ? സ്‌നേഹത്തിന്റെ പ്രദര്‍ശനം നിന്റെ പ്രവൃത്തികളിലൂടെ ലോകം കാണുമ്പോള്‍ അവര്‍ നിന്നിലൂടെ യേശുവിനെ കാണും എന്ന് നീ ഓര്‍ക്കുമോ? 

സ്‌നേഹിപ്പാന്‍ പുതിയൊരു കല്പന

ശിഷ്യന്മാര്‍ക്കേകിയ താതാ

സ്‌നേഹത്താലെന്നെ നിറയ്‌ക്കേണമേ - നിന്‍

സ്‌നേഹത്താലെന്നെ നിറയ്‌ക്കേണമേ

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com