അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

കര്‍ത്താവിനുവേണ്ടി പടച്ചട്ടയണിഞ്ഞ് അവന്റെ പോര്‍ക്കളത്തില്‍ പോരാടുമ്പോള്‍ നമ്മോടൊപ്പം ഇറങ്ങിത്തിരിച്ചവര്‍ നമ്മെ ഒറ്റപ്പെടുത്തി പിന്മാറിയെന്നിരിക്കും. പട മുറുകുമ്പോള്‍ ചിലര്‍ ഓടി ഒളിച്ചെന്നിരിക്കും. മറ്റു ചിലര്‍ ശത്രു പാളയത്തില്‍ ചേര്‍ന്നെന്നിരിക്കും. അവിടെയൊക്കെയും നമുക്കു തുണയും ബലവും സഹായവുമായി കര്‍ത്താവ് കടന്നുവരുമെന്ന് തന്റെ അനുഭവത്തില്‍ക്കൂടി അപ്പൊസ്തലനായ പൗലൊസ് നമ്മെ ഉദ്‌ബോധിപ്പിക്കുന്നു. താന്‍ റോമന്‍കാരാഗൃഹത്തില്‍ അടയ്ക്കപ്പെട്ടപ്പോഴും തുടര്‍ന്നു വിസ്തരിക്കപ്പെട്ടപ്പോഴും കൂട്ടുവേലക്കാരോ, തന്റെ ആത്മീയമക്കളോ തന്നെ സഹായിക്കുവാനോ ആശ്വസിപ്പിക്കുവാനോ കടന്നുചെന്നില്ലെന്ന് പൗലൊസ് സങ്കടത്തോടെ തന്റെ ആത്മീയ മകനായ തിമൊഥെയൊസിനെ അറിയിക്കുന്നു. യെരൂശലേമിലെ തടവറയില്‍വച്ച് കര്‍ത്താവ് തന്നോട് ''നീ എന്നെക്കുറിച്ച് യെരൂശലേമില്‍ സാക്ഷീകരിച്ചതുപോലെ റോമിലും സാക്ഷീകരിക്കേണ്ടതാകുന്നു'' (അപ്പൊ. പ്രവൃ. 23 : 11) എന്നരുളിച്ചെയ്തത് അനുസരിച്ചാണ് കൈസരിനെ അഭയം ചൊല്ലി കടലും കരയും താണ്ടി, അനേക ക്ലേശങ്ങളും കഷ്ടങ്ങളും സഹിച്ച് പൗലൊസ് റോമില്‍ എത്തിയത്. റോമിലെ വിസ്താരത്തില്‍ തന്റെ കൂട്ടുവേലക്കാരും സ്‌നേഹിതരുമെല്ലാം തന്നെ കൈവിട്ട് താന്‍ ഏകാകിയായിത്തീര്‍ന്നപ്പോള്‍ തന്നെ ഓമനപ്പേര്‍ ചൊല്ലി വിളിച്ച കര്‍ത്താവ് സഹായിയായി തന്റെ ചാരത്തുണ്ടായിരുന്നു എന്ന് പൗലൊസ് സന്തോഷത്തോടെ തന്റെ ആത്മീയ മകനെ അറിയിക്കുന്നു. അതുകൊണ്ടാണ് പൗലൊസ് പ്രഖ്യാപിക്കുന്നത് ''ഞാന്‍ ആരെ വിശ്വസിച്ചിരിക്കുന്നുവെന്ന് ഞാന്‍ അറിയുന്നു; എന്നെ ഭരമേല്പിച്ചിരിക്കുന്നത് ആ ദിവസംവരെ കാത്തുസൂക്ഷിക്കുവാന്‍ അവന്‍ പ്രാപ്തനാണെന്ന് എനിക്കു പൂര്‍ണ്ണബോധ്യമുണ്ട് '' (2 തിമൊഥെയൊസ് 1 : 12)
ദൈവത്തിന്റെ പൈതലേ! നിന്റെ ആത്മീയ യാത്രയിലെ പ്രതിസന്ധിവേളകളില്‍ നിന്നോടൊപ്പം ഇറങ്ങിത്തിരിച്ച കൂട്ടുവേലക്കാരും സ്‌നേഹിതരുമെല്ലാം നിന്നെ ഉപേക്ഷിച്ചുപോയെന്നിരിക്കാം... കള്ളക്കഥകള്‍ പ്രചരിപ്പിച്ചെന്നിരിക്കാം... അപ്പോള്‍ സങ്കടപ്പെടാതെ ധൈര്യമായിരിക്കുവാന്‍ നിനക്കു കഴിയുമോ? പ്രതിസന്ധികളിലാകുമ്പോള്‍ കര്‍ത്താവിന്റെ വിളി കേട്ടിറങ്ങിത്തിരിച്ച നിന്നെ എല്ലാവരും ഉപേക്ഷിച്ചാലും, നിന്നെ പേരു ചൊല്ലി വിളിച്ച കര്‍ത്താവ് നിന്റെ ചാരത്തു കടന്നുവന്ന് നിന്നെ രക്ഷിക്കുമെന്ന് നീ ഓര്‍ക്കുമോ?
സ്‌നേഹിതരും പ്രിയ സഹചരുമെങ്ങളെ തള്ളിയ നാളുകളില്‍
തള്ളാതെ എന്നും നിന്‍ മാറോടണച്ച നിന്‍
സ്‌നേഹത്തിനായ് സ്‌തോത്രം. സ്‌തോത്രമെന്നേശുവേ...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com