അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 221 ദിവസം

കര്‍ത്താവിന്റെ ശബ്ദം കേട്ടിരുന്നാലും കര്‍ത്താവിനായി അല്പസമയം ചെലവഴിക്കുവാനോ, ക്ലേശങ്ങള്‍ വഹിക്കുവാനോ, ത്യാഗങ്ങള്‍ സഹിക്കുവാനോ തയ്യാറാകുന്നവര്‍ ചുരുക്കമാണ്. ഗലീലക്കടല്‍ത്തീരത്ത് തന്റെ ചുറ്റും തിങ്ങിക്കൂടിയ നൂറു കണക്കിന് ജനങ്ങളെ അഭിസംബോധന ചെയ്യുവാന്‍ കര്‍ത്താവിന് പ്രസംഗപീഠമൊന്നും ഉണ്ടായിരുന്നില്ല. തന്റെ അടുത്ത് വല കഴുകിക്കൊണ്ടിരുന്ന ശിമോന്റെ പടകില്‍ കയറി, കരയില്‍നിന്ന് അല്പം നീക്കണമെന്നു അവനോട് അപേക്ഷിച്ചു. രാത്രി മുഴുവന്‍ കടലില്‍ കഠിനാദ്ധ്വാനം ചെയ്യുന്ന ഒരു മുക്കുവന്‍ പ്രഭാതമാകുമ്പോഴേക്കും ശാരീരികമായും മാനസികമായും തളര്‍ന്നിരിക്കും. വല കഴുകി വേഗം വീട്ടില്‍ ചെന്ന് ഉറങ്ങിയെങ്കില്‍ മാത്രമേ വീണ്ടും ആ സായാഹ്നം അവന് പടകുമായി മീന്‍ പിടിക്കുവാനായി പോകുവാന്‍ കഴിയുകയുള്ളു. പക്ഷേ തന്റെ ബുദ്ധിമുട്ടുകള്‍ ഒന്നും നിരത്തിവയ്ക്കാതെ, കര്‍ത്താവിന്റെ ആവശ്യമനുസരിച്ച് അവന്‍ പടകു കടലിലിറക്കി. കര്‍ത്താവ് പടകിലിരുന്ന് ജനക്കൂട്ടത്തെ ഉപദേശിച്ചു. കര്‍ത്താവിന്റെ വാക്കുകള്‍ ജനക്കൂട്ടത്തിന് കേള്‍ക്കുവാന്‍ കഴിയണമെങ്കില്‍ വെള്ളത്തിന്റെ ഓളങ്ങളില്‍ പടകിനെ നിശ്ചലമായി നിര്‍ത്തുവാന്‍ കഴിയണം. അതു ആയാസകരമായ ജോലിയാണ്. രാത്രി മുഴുവന്‍ ഉറക്കമിളച്ച ശിമോന്‍ യാതൊരു പിറുപിറുപ്പുമില്ലാതെ കര്‍ത്താവിന്റെ ഉപദേശം കഴിയുന്നതുവരെയും, ഉറങ്ങി വിശ്രമിക്കുവാനുള്ള തന്റെ സമയം കര്‍ത്താവിനായി ചെലവഴിച്ചു. കര്‍ത്താവിന്റെ പ്രിയശിഷ്യനായി മനുഷ്യരെ പിടിക്കുന്നവനായിത്തീരുവാന്‍ ശിമോന്റെ അനുസരണവും ത്യാഗവും മുഖാന്തരമൊരുക്കി. 

                       സഹോദരാ! സഹോദരീ! അനേകമനേകം സന്ദര്‍ഭങ്ങളില്‍ നിന്റെ ജീവിത പടകില്‍ ഒരല്പം സ്ഥലം കര്‍ത്താവ് ചോദിച്ചിട്ടില്ലേ? നിനക്ക് തന്നിരിക്കുന്ന ജീവിതത്തിന്റെ ചില നിമിഷങ്ങള്‍ കര്‍ത്താവിനായി ചെലവഴിക്കുവാന്‍ പലപ്പോഴും നിന്നോട് അപേക്ഷിച്ചപ്പോള്‍, അവയൊക്കെയും സമ്പന്നതയ്ക്കും സൗഭാഗ്യങ്ങള്‍ക്കുമായുള്ള പരക്കം പാച്ചിലില്‍ നീ നിഷേധിച്ചിട്ടുണ്ടോ? ഈ നിമിഷങ്ങളിലെങ്കിലും നിന്റെ ജീവിതപടകില്‍ പ്രവേശിക്കുവാനായി കാത്തുനില്‍ക്കുന്ന കര്‍ത്താവിന് ഒരല്പം സ്ഥലം നല്‍കുമോ? യേശുവിനുവേണ്ടി നീ ത്യാഗം സഹിക്കുമ്പോള്‍ യേശു നിന്റെ ഒഴിഞ്ഞ പടകിനെ നിറയ്ക്കുമെന്ന് നീ മനസ്സിലാക്കുമോ? 

ആഴങ്ങളില്‍ പോകാം...... ആഴിയിന്‍

ആഴങ്ങളില്‍ പോകാം......

യേശുവിന്‍ വാക്കു കേട്ടു നമുക്ക്

യേശുവിന്‍ വാക്കു കേട്ടു നമുക്ക്

ആഴങ്ങളില്‍ പോകാം...... ആഴിയിന്‍

ആഴങ്ങളില്‍ പോകാം......

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com