അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

ദൈവത്തിന്റെ പരിശുദ്ധാത്മാവ് പരിവര്‍ത്തിക്കുന്ന ശുശ്രൂഷകളില്‍ കടന്നുചെന്ന് കര്‍ത്താവിന്റെ സമാധാനവും സൗഖ്യവും പൈശാചിക ബന്ധനങ്ങളില്‍നിന്നുള്ള വിടുതലും അനുഭവമാക്കി പുറത്തു വരുമ്പോള്‍ വിമര്‍ശനങ്ങളുടെ വിഷമുള്ള ചോദ്യങ്ങളാണ് അനേകരെ എതിരേല്ക്കുന്നത്. മാതൃസഭയില്‍നിന്നും സമൂഹത്തില്‍നിന്നുമുയരുന്ന കൂര്‍ത്ത മുനയുള്ള ചോദ്യശരങ്ങളേല്ക്കുമ്പോള്‍ പലരും തങ്ങള്‍ക്കു സൗഖ്യം നല്‍കിയ കര്‍ത്താവിനെയും അതിനു മുഖാന്തരങ്ങളൊരുക്കിയ ശുശ്രൂഷകളെയും സാഹചര്യങ്ങളെയും തള്ളിപ്പറയാറുണ്ട്. കര്‍ത്താവ് സൗഖ്യം നല്‍കിയ പിറവിക്കുരുടന്റെ നേര്‍ക്ക് യെഹൂദാസഭയിലെ മേധാവികള്‍ തൊടുത്തുവിട്ട ചോദ്യങ്ങള്‍ക്ക് അവന്‍ നല്‍കിയ മറുപടി, ഇപ്രകാരമുള്ള ചോദ്യങ്ങള്‍ക്കു മുമ്പില്‍ ചൂളിപ്പോകുന്ന സഹോദരങ്ങള്‍ക്കു മാതൃകയാകണം. കുരുടനായിരുന്നവന്‍, യേശു തനിക്കു കാഴ്ച നല്‍കിയെന്ന് പ്രഖ്യാപിച്ചപ്പോള്‍ ജനം അവനെ പരീശന്മാരുടെ അടുക്കല്‍ കൊണ്ടുപോയി. അവരുടെ ചോദ്യങ്ങള്‍ക്കും യേശു എന്ന മനുഷ്യനാണ് തന്നെ സൗഖ്യമാക്കിയതെന്ന് അവന്‍ ആവര്‍ത്തിച്ചു. ശബ്ബത്ത് ദിവസം യേശു കാഴ്ച നല്കി ശബ്ബത്ത് ലംഘിച്ചതുകൊണ്ട് ''അവന്‍ ദൈവത്തില്‍നിന്ന് വന്നവനല്ല'' എന്ന് പരീശന്മാര്‍ കുരുടനായിരുന്നവനോടു പറഞ്ഞതിനുശേഷം, നീ അവനെക്കുറിച്ച് എന്തു പറയുന്നു എന്നു ചോദിച്ചു. അതിന് ''അവന്‍ ഒരു പ്രവാചകന്‍'' എന്നാണ് അവന്‍ മറുപടി നല്‍കിയത്. കുരുടനായിരുന്നവനെ രണ്ടാമതും വിളിച്ച് ''ദൈവത്തിനു മഹത്ത്വം കൊടുക്കുക, ആ മനുഷ്യന്‍ പാപിയെന്ന് ഞങ്ങള്‍ അറിയുന്നു'' എന്നു പറഞ്ഞപ്പോള്‍ ''അവന്‍ പാപിയാണോ അല്ലയോ എന്ന് എനിക്ക് അറിഞ്ഞുകൂടാ: ഒന്ന് ഞാന്‍ അറിയുന്നു; ഞാന്‍ കുരുടനായിരുന്നു; ഇപ്പോള്‍ കാഴ്ച പ്രാപിച്ചിരിക്കുന്നു'' എന്നാണ് അവന്‍ നല്‍കിയ മറുപടി.
സഹോദരാ! സഹോദരീ! സഭയുടെയും സമൂഹത്തിന്റെയും ആവര്‍ത്തിച്ചുള്ള ചോദ്യശരങ്ങളുടെ മുമ്പില്‍ യേശുവില്‍നിന്നും നീ പ്രാപിച്ച സൗഖ്യത്തെക്കുറിച്ച് നിനക്കു പറയുവാന്‍ കഴിഞ്ഞിട്ടുണ്ടോ? കഷ്ടനഷ്ടങ്ങളുടെ കൂരിരുട്ടിലായിരുന്ന നിനക്കു അനുഗ്രഹങ്ങളുടെ വെളിച്ചം പകര്‍ന്ന് അനുദിനം വഴിനടത്തുന്ന യേശുവിനെക്കുറിച്ച് മറ്റുള്ളവരോട് പറയുവാന്‍ നിനക്കു കഴിയുമോ? ഭയപ്പെടാതെ, ഭീഷണികളെ വകവയ്ക്കാതെ പിറവിക്കുരുടന്‍ യേശുവിന്റെ സാക്ഷിയായപ്പോള്‍ അവന് വീണ്ടും യേശുവിനെ കണ്ടെത്തുവാന്‍ കഴിഞ്ഞു എന്ന് നീ ഓര്‍ക്കുമോ?
പ്രാര്‍ത്ഥനയാല്‍ കുരുടന്മാര്‍ക്ക് കാഴ്ച കൊടുത്തോന്‍ നീ
ഊമന്മാര്‍ക്കും ചെകിടന്മാര്‍ക്കും സൗഖ്യമേകിയോന്‍
നാഥാ സൗഖ്യമേകിയോന്‍
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com