അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിപുരാതനമായ ക്രൈസ്തവ പാരമ്പര്യത്തില്‍ അഭിമാനം കൊള്ളുന്നവര്‍ അനേകരാണ്. തങ്ങളുടെ സഭയുടെ പൗരാണിക ഉല്‍പത്തിയെക്കുറിച്ചും വിശ്വാസസംഹിതകളെക്കുറിച്ചുമൊക്കെ വീറോടെ സംസാരിക്കുന്ന അനേക സഹോദരങ്ങള്‍ തങ്ങള്‍ ദൈവമക്കളാണെന്നുള്ള ധാരണയിലാണ് മുമ്പോട്ടുപോകുന്നത്. ക്രിസ്ത്യാനികളായി ജനിച്ചതുകൊണ്ട് ദൈവമക്കളാണെന്ന് വിചാരിക്കുന്നവരും അനേകരാണ്. അന്യദൈവങ്ങളെ ആരാധിക്കുകയും യഹോവയാം ദൈവത്തിന്റെ കല്പനകള്‍ മറന്നു ജീവിക്കുകയും ചെയ്യുമ്പോഴും തങ്ങള്‍ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമെന്ന് യിസ്രായേല്‍മക്കള്‍ അഭിമാനിച്ചിരുന്നു. പാരമ്പര്യംകൊണ്ടോ പൈതൃകംകൊണ്ടോ അല്ല, പിന്നെയോ ദൈവാത്മാവിനാല്‍ നയിക്കപ്പെടുന്നവരത്രേ ദൈവമക്കള്‍ എന്ന് അപ്പൊസ്തലനായ പൗലൊസ് വ്യക്തമാക്കുന്നു. ലോകത്തില്‍, തന്നെ യഥാര്‍ത്ഥമായി അനുഗമിക്കുന്നവരില്‍ മാത്രം എന്നെന്നും വസിച്ച് സകല സത്യത്തിലും അവരെ വഴിനടത്തുവാന്‍ കര്‍ത്താവ് വാഗ്ദത്തം ചെയ്ത സത്യത്തിന്റെ ആത്മാവ് എന്ന മറ്റൊരു ആശ്വാസപ്രദനാണ് നമ്മെ ദൈവമക്കളാക്കിത്തീര്‍ക്കുന്നത്. ''എന്നാല്‍ ഞാന്‍ പിതാവിനോടു ചോദിക്കും; നിങ്ങളോടുകൂടെ എന്നേക്കും ഉണ്ടായിരിക്കേണ്ടതിന് അവന്‍ മറ്റൊരു ആശ്വാസപ്രദനെ നിങ്ങള്‍ക്കു തരും'' (യോഹന്നാന്‍ 14 : 16). ലൗകിക മോഹങ്ങളിലും ഇമ്പങ്ങളിലും ജീവിക്കുന്നവരും സഭകളുടെയും ആത്മീയ ശുശ്രൂഷകളുടെയും ചുക്കാന്‍ പിടിക്കുന്നവരുമെല്ലാം ദൈവമക്കളായിത്തീരണമെങ്കില്‍ അവര്‍ ദൈവാത്മാവിനാല്‍ നയിക്കപ്പെടുന്നവരായിരിക്കണമെന്ന് അപ്പൊസ്തലന്‍ ചൂണ്ടിക്കാണിക്കുന്നു. അല്ലെങ്കില്‍ സത്യത്തിന്റെ ആത്മാവിനെ ലഭിക്കുവാന്‍ കഴിയുകയില്ലെന്ന് കര്‍ത്താവ് നമ്മെ മനസ്സിലാക്കുന്നു.
സഹോദരാ! സഹോദരീ! ആഴ്ചതോറും ആരാധനകളില്‍ സംബന്ധിക്കുന്നതുകൊണ്ടും, ഇടവകയിലും പ്രാര്‍ത്ഥനാ ശുശ്രൂഷകളിലുമൊക്കെ ചില സ്ഥാനമാനങ്ങള്‍ വഹിക്കുന്നതുകൊണ്ടും ഒരു ദൈവപൈതലാണെന്ന ധാരണയിലാണോ നീ മുമ്പോട്ടു പോകുന്നത്? സത്യത്തിന്റെ ആത്മാവ് എന്ന ആശ്വാസപ്രദന്‍ നിന്റെ ജീവിതത്തിലില്ലെങ്കില്‍ നിന്റെ നേട്ടങ്ങളൊക്കെ ദൈവസന്നിധിയില്‍ ശൂന്യവും ശിക്ഷാര്‍ഹവുമാണെന്ന് ഈ അവസരത്തില്‍ നീ മനസ്സിലാക്കുമോ? പരിശുദ്ധാത്മാവിനുവേണ്ടി ഈ നിമിഷംമുതല്‍ നീ യാചിക്കൂ! അവന്‍ സകല സത്യത്തിലും നിന്നെ വഴിനടത്തുമെന്ന് നീ ഓര്‍ക്കുമോ?
പരിശുദ്ധതാതാ തരേണമേ
പുത്രനാം യേശുവേ വരേണമേ
പരിശുദ്ധാത്മാവിനാല്‍
അഭിഷേകം ചെയ്യേണമേ
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com