അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

വിശുദ്ധ ബൈബിള്‍ ഇല്ലാത്ത ക്രൈസ്തവ ഭവനങ്ങള്‍ വിരളമാണ്. പക്ഷേ അനുദിനം മുടക്കം കൂടാതെ അതു വായിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നവര്‍ ഏറെയില്ല. ഇന്നത്തെ തിരക്കേറിയ ജീവിതചര്യയില്‍ തിരുവചനം വായിക്കുവാനുള്ള സമയം കണ്ടെത്തുവാന്‍ കഴിയാറില്ല എന്നതാണ് അനേക സഹോദരങ്ങള്‍ക്കു പറയുവാനുള്ളത്. അതിരാവിലെ ബെഡ്‌കോഫിയോടൊപ്പം കിടക്കയിലെത്തുന്ന പത്രം പാരായണം ചെയ്തുകൊണ്ട് തുടക്കം കുറിക്കുന്ന ദിവസം പൂര്‍ത്തിയാക്കുന്നത് രാവേറെച്ചെന്ന് അവസാനിക്കുന്ന ടെലിവിഷന്‍ രാപ്പടങ്ങളോടെയോ മറ്റു വിനോദ പരിപാടികളോടെയോ ആയിരിക്കും. നിദ്രാഭാരം നിറഞ്ഞു നില്‍ക്കുന്ന രാവിന്റെ ആ അന്ത്യയാമങ്ങളില്‍ തിരുവചനം വായിക്കുവാന്‍ അധികമാരും മിനക്കെടാറില്ല. പകലിന്റെ തിരക്കില്‍ തിരുവചനം ധ്യാനിക്കുവാനും സാദ്ധ്യമല്ല. അങ്ങനെ ബൈബിള്‍ മിക്ക ക്രൈസ്തവ ഭവനങ്ങളിലും ചില്ലലമാരകളില്‍ സൂക്ഷിക്കപ്പെടുന്ന വിശേഷവസ്തുവായിത്തീര്‍ന്നിരിക്കുന്നു. ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളിലും സങ്കടങ്ങളിലും വേദനകളിലുമെല്ലാം അത്യുന്നതനായ ദൈവത്തില്‍ ആശ്വാസവും ആനന്ദവും സമാധാനവും ശാന്തിയും കണ്ടെത്തുവാന്‍ കഴിയണമെങ്കില്‍ യഹോവയുടെ പുസ്തകം വായിച്ച് അന്വേഷിക്കുവാന്‍ പ്രവാചകന്‍ ഉദ്‌ബോധിപ്പിക്കുന്നു. എന്തെന്നാല്‍ അന്ധകാരം നിറഞ്ഞ ഈ ലോകയാത്രയില്‍ തിരുവചനം തന്റെ കാലുകള്‍ക്ക് ദീപവും പാതയ്ക്ക് പ്രകാശവുമാണെന്ന് സങ്കീര്‍ത്തനക്കാരന്‍ സാക്ഷിക്കുന്നു. യഹോവയാം ദൈവത്തിന്റെ ശബ്ദം കേള്‍ക്കുവാനുള്ള അന്തര്‍ദാഹത്തോടെ അവനെ അന്വേഷിച്ച് തിരുവചനം വായിക്കുന്നവര്‍ക്ക് അവനെ കണ്ടെത്തുവാന്‍ കഴിയുന്നു.
സഹോദരാ! സഹോദരീ! പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും വായിക്കുവാന്‍ പ്രതിദിനം ചെലവഴിക്കുന്ന സമയത്തിന്റെ പത്തിലൊരംശമെങ്കിലും നിന്റെ ദൈവത്തിന്റെ തിരുവചനം വായിക്കുവാനായി നീ ചെലവഴിക്കുന്നുണ്ടോ? അനുദിന ജീവിതത്തില്‍ ദൈവത്തിന്റെ വചനം നിന്റെ കാലുകള്‍ക്കു ദീപവും പാതയ്ക്ക് പ്രകാശവും ആകുന്നു എന്ന് നീ ഓര്‍ക്കുമോ? തിരുവചനം ദിനംപ്രതി വായിക്കുമെന്ന് ഇപ്പോള്‍ നിനക്കു തീരുമാനിക്കുവാന്‍ കഴിയുമോ?
നിന്‍ വചനമെന്നാനന്ദമേ
നിന്‍ വചനമെന്നാശ്വാസമേ
നിത്യ ജീവന്നുറവിടമാം
ദൈവ വചനമെന്നാലംബമേ
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com