അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

സര്‍വ്വശക്തനായ ദൈവത്തിന്റെ വഴി തിരഞ്ഞെടുത്ത് ആത്മീയ പാതയില്‍ മുമ്പോട്ടു പോകുമ്പോള്‍ ദൈവത്തിന്റെ വേലയില്‍ നമുക്കുണ്ടാകുന്ന അശ്രദ്ധയും അലസതയും നമ്മെ വീഴ്ചയിലേക്കും തകര്‍ച്ചയിലേക്കും നയിക്കുന്നു. ദൈവത്തിനുവേണ്ടി സ്വയം സമര്‍പ്പിച്ച് ഇറങ്ങിത്തിരിച്ചിരിക്കുന്നതുകൊണ്ട് ദൈവസന്നിധിയിലുള്ള പ്രാര്‍ത്ഥനയുടെ തീക്ഷ്ണതയും ദൈവത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുടെ ശുഷ്‌കാന്തിയും കുറഞ്ഞുപോയാലും ദൈവം തങ്ങളെ കാത്തുസൂക്ഷിക്കുമെന്നുള്ള ധാരണയിലാണ് അനേകര്‍ മുമ്പോട്ടുപോകുന്നത്. കര്‍ത്താവിന്റെ പ്രിയ ശിഷ്യനായ പത്രൊസ് ഈ പ്രവണതയ്‌ക്കെതിരേ വിരല്‍ ചൂണ്ടുന്നു. കര്‍ത്താവിന്റെ പിന്നാലെ ഇറങ്ങിത്തിരിച്ചിരിക്കുന്ന വിശ്വാസികളോട് ഉണര്‍ന്നിരിക്കുവാനും അലസതയകറ്റി ജാഗരൂകരായിരിക്കുവാനും അദ്ദേഹം ആഹ്വാനം ചെയ്യുന്നു. എന്തെന്നാല്‍ ദൈവത്തിന്റെ പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്നവരുടെ നിത്യശത്രുവായ പിശാച്, അലറുന്ന സിംഹംപോലെ ആരെ വിഴുങ്ങണമെന്നു നോക്കി ചുറ്റിനടക്കുകയാണെന്ന് അപ്പൊസ്തലന്‍ മുന്നറിയിപ്പു നല്‍കുന്നു. ദൈവത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ വിസ്തൃതമാകുമ്പോള്‍ നാം വിശ്രമമില്ലാതെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ക്ഷീണവും അതു നിമിത്തമുണ്ടാകുന്ന അശ്രദ്ധയും നിമിത്തം ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കുവാന്‍ നമുക്കു കഴിയാതെ വരും. ഉറക്കവും മയക്കവും നമ്മുടെ പ്രാര്‍ത്ഥനകളുടെ ദൈര്‍ഘ്യവും തവണയും കുറയ്ക്കുമ്പോള്‍ പാപത്തിന്റെ സാഹചര്യങ്ങളെക്കുറിച്ച് ജാഗ്രതയില്ലാതെ മുമ്പോട്ടു പോകുമ്പോള്‍, ഇരയെ വിഴുങ്ങുവാന്‍ തരംപാര്‍ത്തു ചുറ്റിനടക്കുന്ന, വിശന്നിരിക്കുന്ന സിംഹത്തെപോലെ അവന്‍ നമ്മെ കടന്നാക്രമിക്കുമെന്ന് അപ്പൊസ്തലന്‍ ഉദ്‌ബോധിപ്പിക്കുന്നു.
ദൈവപൈതലേ! പരിശുദ്ധാത്മാവിനെ രുചിച്ചറിഞ്ഞുകൊണ്ട് കര്‍ത്താവിനുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചിറങ്ങിത്തിരിച്ച നിനക്ക് ഇപ്പോള്‍ ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കുവാന്‍ കഴിയുന്നുണ്ടോ? ദൈവത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നില്‍ ഉദാസീനത കടന്നുകൂടിയിട്ടുണ്ടോ? എങ്കില്‍ അലറുന്ന സിംഹത്തെപ്പോലെ നിന്നെ വിഴുങ്ങുവാന്‍ സാത്താന്‍ കൂടെയുണ്ടെന്നോര്‍ത്തുകൊണ്ട് ജാഗ്രതയോടെ ഉണര്‍ന്നിരുന്ന് പ്രാര്‍ത്ഥിക്കുക!
ശത്രുവിന്‍ സൈന്യത്തിന്‍ പോരാട്ടങ്ങള്‍
ഏഴയാം എന്നെ ചുറ്റുമ്പോള്‍
യേശുവേ എന്നേശുവേ നിന്റെ പുണ്യ രക്തത്താല്‍
ജയം നല്‍കി കാക്ക ഞങ്ങളെ... യേശുവേ...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com