അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 216 ദിവസം

ദൈവത്തില്‍ വിശ്വസിക്കുകയും ആധുനിക വൈദ്യശാസ്ത്രത്തിന്റെ പുരോഗതിയില്‍ അഭിമാനിക്കുകയും ചെയ്യുന്ന അനേക സഹോദരങ്ങള്‍ മനുഷ്യശരീരത്തെയും അതിന്റെ അവയവങ്ങളെയും പൂര്‍ണ്ണമായോ ഭാഗികമായോ പ്രവര്‍ത്തനരഹിതമാക്കുവാനും രോഗത്തിലാക്കുവാനും പിശാചിന് കഴിയുമെന്ന് വിശ്വസിക്കുന്നില്ല. ദൈവാലയാരാധനകളില്‍ സ്ഥിരമായി പങ്കെടുക്കുന്നതുകൊണ്ട് പിശാചിന് തങ്ങളുടെ ശരീരത്തിന്മേല്‍ പ്രവര്‍ത്തിക്കുവാന്‍ കഴിയുകയില്ലെന്ന് ധരിക്കുന്നവരും കുറവല്ല. ശബ്ബത്തില്‍ കര്‍ത്താവ് പള്ളിയില്‍ ഉപദേശിച്ചുകൊണ്ടിരുന്നപ്പോള്‍ അവിടെയുണ്ടായിരുന്ന പതിനെട്ടു സംവത്സരമായി ഒട്ടും നിവരുവാന്‍ കഴിയാതെ കൂനിയായിരുന്നവള്‍ക്ക് നല്‍കിയ സൗഖ്യം പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു. നീണ്ട പതിനെട്ടു സംവത്സരങ്ങളായി ചികിത്സകളെ പരാജയപ്പെടുത്തി, പ്രാര്‍ത്ഥനകള്‍ക്കു മറുപടിയില്ലാതെ, അവളെ കൂനിയാക്കി ബന്ധിച്ചിരുന്നത് സാത്താനാണെന്ന് പ്രഖ്യാപിച്ച കര്‍ത്താവ്, അവളെ തന്റെ അടുക്കലേക്കു വിളിച്ച് അവളുടെമേല്‍ കൈവച്ച് സൗഖ്യം നല്‍കുന്നു. കൂനിയായി അനേക ശബ്ബത്തുകളില്‍ അവള്‍ അതേ പള്ളിയില്‍ ആരാധനയില്‍ പങ്കെടുത്തിരിക്കാം. എന്നാല്‍ യേശുവിനെ ആ പള്ളിയില്‍വച്ച് അവള്‍ കണ്ടെത്തിയപ്പോഴാണ് അവള്‍ക്കു നിവരുവാന്‍ കഴിയാതിരുന്നത് പിശാചിന്റെ ബന്ധനത്താലാണെന്നും, കര്‍ത്താവിനു മാത്രമേ സാത്താന്റെ ബന്ധനങ്ങള്‍ തകര്‍ത്ത് സൗഖ്യം നല്‍കുവാന്‍ കഴിയൂ എന്നും അവള്‍ക്ക് അനുഭവിച്ചറിയുവാന്‍ കഴിഞ്ഞത്. 

                      സഹോദരാ! സഹോദരീ! നീ മുടക്കം കൂടാതെ ആരാധനകളിലും ശുശ്രൂഷകളിലുമൊക്കെ സംബന്ധിക്കുന്നതുകൊണ്ട് പിശാചിന് നിന്നെ ഒന്നും ചെയ്യുവാന്‍ കഴിയുകയില്ലെന്നുള്ള ധാരണയിലാണോ മുമ്പോട്ടു പോകുന്നത്? ജീവിതയാത്രയില്‍ ഭാരങ്ങളുമായി കൂനിയ അവസ്ഥയിലാണോ നീ ഈ വാക്കുകള്‍ ശ്രദ്ധിക്കുന്നത് ? എങ്കില്‍ ആ കൂനിയായ സ്ത്രീയെപ്പോലെ യേശുവിനെ ഈ സമയത്ത് വാസ്തവമായി കണ്ടെത്തുവാന്‍ നീ ശ്രമിക്കുമോ? നിന്റെ ചുമലിലെ ഭാരങ്ങള്‍ അവന്റെ പാദാരവിന്ദങ്ങളില്‍ സമര്‍പ്പിക്കുവാന്‍ നിനക്കു കഴിയുമോ? 

സാത്താനാല്‍ ബന്ധിതരേ ബന്ധനത്താല്‍ തകരുന്നോരേ

യേശുവിനെ നോക്കുവിന്‍ പാപത്തെ വിട്ടോടുവിന്‍

സാത്താനെ തകര്‍ക്കുവാന്‍ യേശുവില്‍ സമര്‍പ്പിപ്പിന്‍

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com