അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 215 ദിവസം

ജീവിതത്തില്‍ സ്ഥാനമാനങ്ങള്‍ നിലനിര്‍ത്തുവാനും ഔന്നത്യങ്ങള്‍ നേടിയെടുക്കുവാനും ന്യായം മന:പൂര്‍വ്വം മറിച്ചുകളയുന്ന അനേകരുണ്ട്. നേട്ടങ്ങള്‍ക്കായുള്ള അത്യാര്‍ത്തിയില്‍ സ്ഥാനമാനങ്ങള്‍ നേടിയെടുക്കുവാനായുള്ള തങ്ങളുടെ പ്രവൃത്തികള്‍ നിമിത്തം നീതി നഷ്ടപ്പെടുന്നവരുടെ വ്യഥയും വേദനയും എന്തെന്ന് ഇങ്ങനെയുള്ളവര്‍ ചിന്തിക്കാറില്ല. പാപമില്ലാത്ത, നിഷ്‌കളങ്കനും നിര്‍ദ്ദോഷിയുമായ ദൈവത്തിന്റെ ഏകജാതനെ ക്രൂശിക്കുവാന്‍ വിധിയെഴുതിയ റോമന്‍ ന്യായാധിപനായ പീലാത്തൊസ് മാനവ മനസ്സാക്ഷിയുടെമേല്‍ ഒരിക്കലും മായാത്ത കറുത്ത അദ്ധ്യായമാണ് എഴുതിച്ചേര്‍ത്തത്. ഇവനില്‍ ഞാന്‍ ഒരു കുറ്റവും കാണുന്നില്ല എന്ന് മൂന്നു പ്രാവശ്യം ആവര്‍ത്തിച്ചു പ്രഖ്യാപിച്ച പീലാത്തൊസ് തന്റെ നിലനില്‍പ്പിനും ഔദ്യോഗിക ഔന്നത്യങ്ങള്‍ക്കും ജീവിതത്തില്‍ മറ്റെല്ലാറ്റിനെക്കാളും വില കല്പിച്ചിരുന്നു. ''ആ നീതിമാന്റെ കാര്യത്തില്‍ ഇടപെടരുത് '' (മത്തായി 27 : 19) എന്ന് തന്റെ പ്രിയപ്പെട്ട ഭാര്യ പറഞ്ഞയച്ചിട്ടും, പീലാത്തൊസ് അതിനെ അവഗണിച്ചു. ''നീ ഇവനെ വിട്ടയച്ചാല്‍ കൈസരുടെ സ്‌നേഹിതന്‍ അല്ല'' എന്നുള്ള പരീശന്മാരുടെയും പുരോഹിതന്മാരുടെയും വാക്കിനെ അവന്‍ ഭയപ്പെട്ടു. കൈസരുടെ മുമ്പില്‍ തനിക്കെതിരായി അവര്‍ പരാതിപ്പെട്ടാല്‍ തന്റെ ഭരണനിപുണതയുടെ പരാജയമായി അതിനെ കണക്കാക്കി, തന്നെ നാടുവാഴിയുടെ സ്ഥാനത്തുനിന്നു നീക്കം ചെയ്യുമെന്ന് പീലാത്തൊസ് ചിന്തിച്ചു. യേശുവിനെ യെഹൂദന്മാരുടെ ആവശ്യപ്രകാരം ക്രൂശിക്കുവാന്‍ അനുവദിച്ചാല്‍ യേശുവിനെതിരായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭണങ്ങള്‍ക്ക് അറുതി വരുന്നതോടൊപ്പം അവരുടെ സ്‌നേഹവാത്സല്യങ്ങള്‍ നേടുവാനും കഴിയുമെന്ന് പീലാത്തൊസ് കണക്കുകൂട്ടി. അതുകൊണ്ട്, ഒരു കുറ്റവും കണ്ടെത്തുവാന്‍ കഴിയാതിരുന്നിട്ടും യേശുവിനെ അവന്‍ ക്രൂശിക്കുവാന്‍ വിധിച്ചു. 

               സഹോദരാ! സഹോദരീ! മറ്റുള്ളവരുടെ പ്രീതിവാത്സല്യങ്ങള്‍ സമ്പാദിക്കുവാന്‍ പീലാത്തൊസിനെപ്പോലെ നീ ന്യായം മറിച്ചുകളയാറുണ്ടോ? നിന്റെ ഭാവിയുടെ ഉന്നമനത്തിനായും സ്ഥാനമാനങ്ങള്‍ നേടിയെടുക്കുന്നതിനായും നീ അന്യായത്തിന് കൂട്ടുനില്‍ക്കാറുണ്ടോ? നിന്റെ അഭിവൃദ്ധിക്കുവേണ്ടി അന്യായത്തിനുനേരേ നീ കണ്ണടയ്ക്കാറുണ്ടോ? എങ്കില്‍ നീയും യേശുവിനെ ക്രൂശിക്കുകയാണെന്ന് ഓര്‍ക്കുമോ? 

സത്യത്തിന്‍ സാക്ഷിയായ് നീതി പ്രവര്‍ത്തിപ്പാന്‍ 

വന്‍കൃപയാലെന്നും നിന്‍ സ്‌നേഹമേകണമേ                   സ്‌നേഹമാം നിന്‍...

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com