അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അത്യുന്നതനായ ദൈവത്തിനുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ അനേക സഹോദരങ്ങള്‍ ആഗ്രഹിക്കുന്നു. ഉപവാസ പ്രാര്‍ത്ഥനകളിലും ധ്യാനശുശ്രൂഷകളിലും കണ്‍വെന്‍ഷനുകളിലുമൊക്കെ പങ്കെടുക്കുന്ന അനേകര്‍ കര്‍ത്താവിന്റെ വിളി കേള്‍ക്കാറുണ്ട്. ആ ധന്യനിമിഷങ്ങളില്‍ പരിശുദ്ധാത്മ സ്പര്‍ശനത്തിന്റെ ആനന്ദ നിര്‍വൃതിയില്‍ കര്‍ത്താവിനുവേണ്ടി പ്രവര്‍ത്തിക്കുവാനും ഈ വലിയ അനുഭവത്തിന്റെ സാക്ഷികളാകുവാനും പരപ്രേരണയില്ലാതെ സ്വയം തീരുമാനിച്ചുകൊണ്ടാണ് പലരും ഭവനങ്ങളിലേക്കു മടങ്ങുന്നത്. പക്ഷേ മണിക്കൂറുകള്‍ക്കകം സ്‌നേഹിതരെയും സഹോദരങ്ങളെയുമൊക്കെ കണ്ടുമുട്ടുമ്പോള്‍ പലര്‍ക്കും തങ്ങളെ വിളിച്ച കര്‍ത്താവിനെക്കുറിച്ചോ, തങ്ങള്‍ക്കുണ്ടായ പരിശുദ്ധാത്മാവിന്റെ അനുഭവത്തെക്കുറിച്ചോ യാതൊന്നും പറയുവാന്‍ കഴിയാത്തത് ധൈര്യമില്ലാത്തതുകൊണ്ടാണ്. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ ധൈര്യം പ്രാപിക്കേണ്ടത് എങ്ങനെയെന്ന് പത്രൊസിന്റെയും യോഹന്നാന്റെയും പ്രതികരണം ചൂണ്ടിക്കാണിക്കുന്നു. ''യേശുവിന്റെ നാമത്തില്‍ യാതൊന്നും സംസാരിക്കുകയോ ഉപദേശിക്കുകയോ അരുത് '' (അപ്പൊ. പ്രവൃ. 4 : 18) എന്നുള്ള ന്യായാധിപസംഘത്തിന്റെ താക്കീതു ലഭിച്ചു പുറത്തുവന്ന പത്രൊസിന്റെയും യോഹന്നാന്റെയും ''ഇപ്പോഴോ കര്‍ത്താവേ, അവരുടെ ഭീഷണികളെ നോക്കണമേ'' (അപ്പൊ. പ്രവൃ. 4 : 29) എന്നുള്ള പ്രാര്‍ത്ഥന അവരുടെ മാനസിക സമ്മര്‍ദ്ദങ്ങള്‍ വെളിപ്പെടുത്തുന്നു. കര്‍ത്താവിന്റെ സാക്ഷികളായി പ്രവര്‍ത്തിക്കുവാന്‍ ധൈര്യം നല്‍കുന്നതിനായി ഏക ആത്മാവോടും ഏകഹൃദയത്തോടും പ്രാര്‍ത്ഥിച്ചപ്പോള്‍ അവര്‍ കൂടിയിരുന്ന സ്ഥലം കുലുങ്ങി. പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ അവര്‍ ഭീഷണികള്‍ വകവയ്ക്കാതെ ദൈവവചനം ധൈര്യത്തോടെ പ്രസ്താവിച്ചു.
സഹോദരാ! സഹോദരീ! കര്‍ത്താവിന്റെ സാക്ഷിയായിത്തീരാമെന്നും അവനുവേണ്ടി പ്രവര്‍ത്തിക്കാമെന്നും പലപ്പോഴും തീരുമാനിച്ചു സമര്‍പ്പിക്കുന്ന നിനക്ക് ഇതുവരെയും കര്‍ത്താവിനുവേണ്ടി ശബ്ദമുയര്‍ത്തുവാന്‍ കഴിയാത്തത് പ്രതികരണങ്ങളെയും ഭവിഷ്യത്തുകളെയും നേരിടുവാനുള്ള ധൈര്യമില്ലാത്തതുകൊണ്ടാണെന്ന് മനസ്സിലാക്കുമോ? ന്യായാധിപസംഘത്തിന്റെ താക്കീതിന്റെ മുമ്പില്‍ പ്രാര്‍ത്ഥിച്ച് പരിശുദ്ധാത്മശക്തി പ്രാപിച്ച ആദിമസഭയെപ്പോലെ നിനക്കു പ്രാര്‍ത്ഥിച്ച് പരിശുദ്ധാത്മശക്തിയാല്‍ ധൈര്യം പ്രാപിക്കുവാന്‍ കഴിയുമോ?
സമൃദ്ധമാം കൃപയെ നല്‍കണമേ
ധൈര്യമായ് വചനം ഘോഷിപ്പാന്‍
ലോകത്തിന്‍ അറ്റങ്ങളോളം
യേശുവിന്‍ സാക്ഷിയാകുവാന്‍
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com