അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

മനുഷ്യ ശരീരത്തിന്റെ അനുനിമിഷമുള്ള പ്രവര്‍ത്തനങ്ങളില്‍ ഹൃദയം പ്രമുഖസ്ഥാനം വഹിക്കുന്നു. അശുദ്ധമായ രക്തത്തെ സ്വീകരിച്ച്, ശുദ്ധീകരിച്ച് ശരീരത്തിലെ എല്ലാ കോശങ്ങളിലുമെത്തിച്ച്, അവയെ സദാ പ്രവര്‍ത്തനനിരതമാക്കുന്ന അവയവമാണ് ഹൃദയം. മനുഷ്യന്റെ ആത്മീയ ജീവിതത്തിലും ഹൃദയത്തിന് മര്‍മ്മപ്രധാനമായ സ്ഥാനമാണുള്ളതെന്ന് തിരുവചനം പഠിപ്പിക്കുന്നു. മനുഷ്യ ഹൃദയത്തിന്റെ വിചാര വികാരങ്ങള്‍ മനസ്സിലാക്കുവാന്‍ തനിക്കല്ലാതെ ഭൂമിയിലെ ആധുനിക സാങ്കേതിക വിദ്യകള്‍ക്കോ നൂതന വൈദ്യശാസ്ത്രത്തിനോ സാദ്ധ്യമല്ലെന്ന് ഏതാണ്ട് മൂവായിരം സംവത്സരങ്ങള്‍ക്കുമുമ്പ് തന്റെ പ്രവാചകനിലൂടെ യഹോവയാം ദൈവം അരുളിച്ചെയ്യുന്നു. ''ഹൃദയം എല്ലാറ്റിനെക്കാളും കാപട്യവും ദുഷ്ടതയും ഉള്ളതാകുന്നു. അത് ആരാഞ്ഞറിയുന്നവന്‍ ആര് ?'' (യിരെമ്യാവ് 17 : 9) എന്ന് യഹോവ ചോദിക്കുന്നു. താന്‍ ഹൃദയത്തെ ശോധന ചെയ്ത്, ബാഹ്യമായ ഭക്തിയുടെ പരമാര്‍ത്ഥതയും വിശ്വസ്തതയും അന്തരംഗങ്ങളിലെ നിരൂപണങ്ങളും പരീക്ഷിച്ച് ഓരോരുത്തനും അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം പ്രതിഫലം കൊടുക്കുമെന്ന് യഹോവ അരുളിച്ചെയ്യുന്നു. ദൈവം നമ്മുടെ വിചാരങ്ങളും വികാരങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്ന് നാം ചിന്തിക്കാറില്ല. ''ഭൂമിയില്‍ മനുഷ്യന്റെ ദുഷ്ടത വര്‍ദ്ധിച്ചിരിക്കുന്നുവെന്നും അവന്റെ എല്ലാ ഹൃദയവിചാരങ്ങളും എല്ലായ്‌പ്പോഴും ദോഷത്തിലേക്കു ആകുന്നു'' (ഉല്‍പത്തി 6 : 5) എന്നും കണ്ട യഹോവ നമ്മുടെ നിരൂപണങ്ങള്‍ ദൂരത്തുനിന്നു ഗ്രഹിക്കുന്നുവെന്ന സങ്കീര്‍ത്തനക്കാരന്റെ സാക്ഷ്യം നാം ഓര്‍ക്കാറില്ല.
സഹോദരാ! സഹോദരീ! ദൈവാലയങ്ങളിലും ദൈവിക ശുശ്രൂഷകളിലുമെല്ലാം നീ ഭക്തിയുടെ മുഖം മൂടിയുമണിഞ്ഞ് കടന്നുചെല്ലുമ്പോള്‍ ഹൃദയങ്ങളെയും ഹൃദയേന്ദ്രിയങ്ങളെയും ശോധന ചെയ്യുന്ന ദൈവത്തിന്റെ സാന്നിദ്ധ്യം അവിടെയുണ്ടെന്ന് നീ ഓര്‍ക്കുമോ? നിന്റെ മധുരമായ പെരുമാറ്റംകൊണ്ടും പ്രവര്‍ത്തനം കൊണ്ടും നിനക്ക് മനുഷ്യരെ കബളിപ്പിക്കുവാന്‍ കഴിയുമെങ്കിലും ദൈവത്തെ കബളിപ്പിക്കുവാന്‍ സാദ്ധ്യമല്ലെന്ന് നീ മനസ്സിലാക്കുമോ?
എന്നെ നിന്‍ പരിശുദ്ധ ആലയമായ്
പണിതീടണമേ നിന്‍ കാരുണ്യത്താല്‍
പണിതീടണമേ യേശുപരാ നിന്‍
പരിശുദ്ധ ആലയമായ്... വരിക...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com