അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 211 ദിവസം

ദൈവത്തെ മറന്നുള്ള ജീവിതങ്ങള്‍ക്കെതിരേ വിരല്‍ ചൂണ്ടുമ്പോള്‍ ഒരു ദൈവപൈതലിന് ലോകം സമ്മാനിക്കുന്നത് കല്ലേറുകളായിരിക്കും. ദൈവത്തിന്റെ പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന ഒരു വ്യക്തിക്ക് പാപത്തിന്റെ പെരുവഴിയിലൂടെ പോകുന്നവരോടു യോജിക്കുവാനോ വിട്ടുവീഴ്ചയോടെ അവരുടെ പാപങ്ങള്‍ക്കു മുമ്പില്‍ കണ്ണടയ്ക്കുവാനോ സാദ്ധ്യമല്ല. ദൈവം തന്റെ ജനത്തെ നയിക്കുവാന്‍ നിയോഗിച്ചിരിക്കുന്ന തന്റെ ദാസന്മാര്‍ പാപത്തെ ചൂണ്ടിക്കാണിക്കുമ്പോള്‍ ദൈവത്തിന്റെ ദാസന്മാരെ ലോകത്തിന്റെ പ്രഭുക്കന്മാര്‍ കല്ലെറിയുന്നു. തന്റെ ഏഴാം വയസ്സില്‍ യെരൂശലേമില്‍ രാജാവായിത്തീര്‍ന്ന യോവാശ്, യെഹോയാദാപുരോഹിതന്റെ ആയുഷ്‌കാലത്ത് ദൈവത്തിന്റെ വഴികളില്‍ നടക്കുകയും അവന്റെ ആലയത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുകയും അതിനെ മനോഹരമാക്കുകയും ചെയ്തു. യെഹോയാദാപുരോഹിതന്റെ മരണാനന്തരം യോവാശ് ദൈവത്തെ മറന്ന് പാപത്തിലേക്കു വഴുതിവീണു. അവന്റെ രാജത്വം ദൈവം സുസ്ഥിരമാക്കിയപ്പോള്‍ അവന് ദൈവം ധനവും മാനവും നല്‍കിയപ്പോള്‍ അവന്റെ ഏഴാം വയസ്സു മുതല്‍ അവനെ കാത്തുരക്ഷിച്ച് വളര്‍ത്തിയെടുത്ത ദൈവത്തെ അവന്‍ മറന്നു. അപ്പോള്‍ ദൈവത്തിന്റെ ആത്മാവ് യെഹോയാദാപുരോഹിതന്റെ മകനായ സെഖര്യാവിന്റെമേല്‍ വന്നു. അവന്‍ യോവാശിന്റെ പാപത്തിനെതിരേ വിരല്‍ ചൂണ്ടിയതിനാല്‍ യോവാശിന്റെ കല്പനപ്രകാരം സെഖര്യാവിനെ കല്ലെറിഞ്ഞു കൊന്നു. ഏഴു വയസ്സുള്ളപ്പോള്‍ തന്നെ രാജസ്ഥാനത്തേക്കുയര്‍ത്തിയ ദൈവത്തെ മറക്കുകയും ദൈവത്തിന്റെ ദാസനെ കൊലപ്പെടുത്തുകയും ചെയ്ത യോവാശിന്റെ അന്ത്യം അതിദാരുണമായിരുന്നു. 

               സഹോദരാ! സഹോദരീ! ബാല്യംമുതല്‍ നിന്നെ പോറ്റിപ്പുലര്‍ത്തിയ ദൈവത്തെ മറന്നാണോ നീ ഇന്നു ജീവിക്കുന്നത്? നിന്റെ പാപത്തെക്കുറിച്ച് വിരല്‍ ചൂണ്ടുന്ന ദൈവത്തിന്റെ ശബ്ദത്തെ നീ കല്ലെറിയാറുണ്ടോ? തന്റെ വാഴ്ചയുടെ ആരംഭത്തില്‍ ദൈവത്തിങ്കലേക്കു തന്നെ വഴിനടത്തിയ യെഹോയാദാപുരോഹിതനെ യോവാശ് മറന്നതുപോലെ ശൂന്യമായ അവസ്ഥയില്‍നിന്ന് നിന്നെ ഇന്നത്തെ അനുഗ്രഹങ്ങളിലേക്കു കൈ പിടിച്ചു കയറ്റിയ ദൈവത്തെയും അവന്റെ ദാസന്മാരെയും മറന്നാണോ നീ ജീവിക്കുന്നത്? എങ്കില്‍ യോവാശിന്റെ അനുഭവം നിനക്കു പാഠമാകട്ടെ. 

ഇന്നുവരെയും ഇത്രത്തോളവും 

എന്നെകാത്തു പരിപാലിക്കുന്ന 

ദൈവത്തെ ഞാന്‍ സ്തുതിക്കുമെന്‍ 

ദൈവത്തെ ഞാന്‍ പുകഴ്ത്തുമെന്‍ 

ആയുസ്സിന്‍ നാളൊക്കെയും 

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com