അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 210 ദിവസം

സ്തുതികളുടെ വരള്‍ച്ചയും, സ്‌തോത്രങ്ങളുടെ ക്ഷാമവും അനേക സഹോദരങ്ങളുടെ പ്രാര്‍ത്ഥനകളെ നിര്‍ജ്ജീവമാക്കിത്തീര്‍ക്കുന്നു. അച്ചടിപ്രാര്‍ത്ഥനകളില്‍ പ്രത്യക്ഷപ്പെടുന്ന സ്തുതി, സ്‌തോത്രം തുടങ്ങിയുള്ള പദവിന്യാസങ്ങള്‍ ആരാധനാവേളകളില്‍ ''വായിച്ചു തീര്‍ക്കുവാന്‍'' എല്ലാവര്‍ക്കും ഉത്സാഹമാണ്. പക്ഷേ ദൈവത്തിന്റെ തിരുസന്നിധിയില്‍ തനിച്ചിരുന്നു, സ്‌നേഹസ്വരൂപനായ ദൈവം അനുനിമിഷം ചൊരിയുന്ന അനവരതമായ നന്മകള്‍ക്കായി, ദൈവത്തിന് ഹൃദയത്തിന്റെ അഗാധങ്ങളില്‍നിന്ന് സ്‌തോത്രങ്ങള്‍ പറയുവാനും മഹത്ത്വപ്പെടുത്തുവാനും ഭൂരിഭാഗം ക്രൈസ്തവ സഹോദരങ്ങള്‍ക്കും കഴിയാറില്ല. വാഗ്വാദങ്ങളിലും ശകാരങ്ങളിലും സംഭാഷണങ്ങളിലും മുഴങ്ങിക്കേള്‍ക്കുന്ന അതേ ശബ്ദം ദൈവത്തെ സ്തുതിക്കുമ്പോള്‍ കേള്‍ക്കുവാന്‍ കഴിയുന്നില്ല. കാരണം നമുക്ക് ഭൂമിയില്‍ ലഭിക്കുന്ന ഓരോ നിമിഷവും മഹാകാരുണ്യവാനായ ദൈവത്തിന്റെ സ്‌നേഹവാത്സല്യങ്ങള്‍കൊണ്ടു മാത്രം ലഭിക്കുന്നതാണെന്ന് നാം ഓര്‍ക്കാറില്ല. സങ്കീര്‍ത്തനങ്ങളുടെ സമാപ്തിയില്‍ ''ജീവനുള്ളതൊക്കെയും യഹോവയെ സ്തുതിക്കട്ടെ'' എന്ന് ദാവീദ് പാടുന്നത് ഈ വലിയ സത്യം മനസ്സിലാക്കിക്കൊണ്ടാണ്. ഒരു മിനിട്ടില്‍ 18 പ്രാവശ്യം ശ്വാസോച്ഛ്വാസം ചെയ്യുന്ന മനുഷ്യന്‍ മണിക്കൂറില്‍ 1080 പ്രാവശ്യവും പ്രതിദിനം 25920 പ്രാവശ്യവും സാധാരണ ഗതിയില്‍ അതു തുടരുന്നു. എന്നാല്‍ മനുഷ്യന്റെ ആരോഗ്യത്തിനോ, ധനത്തിനോ, അധികാര പദവികള്‍ക്കോ, അവന്‍ കണ്ടുപിടിച്ചിരിക്കുന്ന കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കുവാനുള്ള അത്യന്താധുനിക യന്ത്രങ്ങള്‍ക്കോ ഒന്നും ഈ ശ്വാസത്തെ മനുഷ്യനില്‍ നിലനിര്‍ത്തുവാന്‍ കഴിയുകയില്ല. എന്തെന്നാല്‍ മണ്ണുകൊണ്ട് മെനഞ്ഞുണ്ടാക്കിയ മനുഷ്യന്റെ മൂക്കില്‍ ജീവശ്വാസം ഊതിയത് ദൈവമാണ്. അതിന്റെമേല്‍ അന്തിമമായ അധികാരമുള്ള ദൈവം നമുക്കു തരുന്ന ഓരോ നിമിഷത്തിനും നാം ദൈവത്തെ സ്തുതിക്കുവാന്‍ കടപ്പെട്ടിരിക്കുന്നു. 

                 സഹോദരാ! സഹോദരീ! ദൈവത്തിന്റെ തിരുസന്നിധിയില്‍ തനിച്ചിരിക്കുമ്പോള്‍ ഹൃദയത്തിന്റെ ആഴങ്ങളില്‍നിന്ന് നിനക്ക് ദൈവത്തെ സ്‌തോത്രം ചെയ്യുവാന്‍ കഴിഞ്ഞിട്ടുണ്ടോ? ഈ വരികള്‍ വായിക്കുന്ന ഈ നിമിഷവും നിന്നെ സ്‌നേഹിക്കുന്ന ദൈവം നിനക്കു തന്നതാണെന്ന് മനസ്സിലാക്കി ഈ നിമിഷംമുതല്‍ ദൈവത്തെ സ്‌തോത്രസ്തുതികളോടെ മഹത്ത്വപ്പെടുത്തുവാന്‍ കഴിയുമോ? സ്‌തോത്രം സ്‌തോത്രം! 

സ്തുതിപ്പിന്‍ സ്തുതിപ്പിന്‍ ആ...ര്‍പ്പോടെ സ്തുതിപ്പിന്‍

പൂര്‍ണ്ണ ഹൃദയത്തോടെ യഹോവയെ സ്തുതിപ്പിന്‍                    കിന്നരങ്ങളാല്‍...

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com