അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 209 ദിവസം

ആത്മീയ ജീവിതത്തിന്റെ അടിത്തറയിളക്കുവാന്‍ സാത്താന്‍ അതിവിദഗ്ദ്ധമായി ഉപയുക്തമാക്കുന്ന ആയുധമാണ് അസാന്മാര്‍ഗ്ഗികത. ദൈവത്തിന്റെ മന്ദിരമായ മനുഷ്യ ശരീരത്തെ മലിനമാക്കി അതില്‍ അധിവസിക്കുന്ന ദൈവത്തിന്റെ വിശുദ്ധാത്മാവിനെ നഷ്ടമാക്കുവാന്‍ ലൈംഗിക പാപത്തിലൂടെ സാത്താന്‍ പരിശ്രമിക്കുന്നു. മന:പൂര്‍വ്വമായി ലൈംഗിക പാപങ്ങള്‍ ചെയ്യുവാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാത്തതുകൊണ്ടും, അങ്ങനെയുള്ള ചിന്തകളില്‍ മുഴുകാത്തതുകൊണ്ടും, ലൈംഗിക പാപങ്ങളില്‍ വീഴുകയില്ലെന്നുള്ള വിശ്വാസത്തില്‍ ദൈവത്തിന്റെ പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന പല സഹോദരങ്ങളും അപ്രകാരമുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കാറില്ല. മ്ലേച്ഛത ഏറെ നടമാടിയിരുന്ന കൊരിന്തിലെ വിശ്വാസികളോട് അസാന്മാര്‍ഗ്ഗിക ജീവിതത്തിലേക്കു വഴുതിവീഴുവാന്‍ വഴി ഒരുക്കുന്ന ആകര്‍ഷകരമായ സാഹചര്യങ്ങള്‍ വിട്ട് ഓടി അകലുവാന്‍ അപ്പൊസ്തലന്‍ ഉദ്‌ബോധിപ്പിക്കുന്നു. എന്തെന്നാല്‍ അങ്ങനെയുള്ള സാഹചര്യങ്ങളിലേക്കു വഴിതെളിക്കുന്ന പ്രേരണകളിലൂടെ കടന്നുപോകുമ്പോഴാണ് ചില ദുര്‍ബ്ബലനിമിഷങ്ങളില്‍ സാത്താന്‍ ദൈവജനത്തെ വീഴ്ത്തുവാന്‍ ശ്രമിക്കുന്നത്. ആധുനിക ലോകത്തില്‍ ലൈംഗിക മോഹങ്ങളിലേക്കും പാപങ്ങളിലേക്കും പ്രേരണ ചെലുത്തുന്ന ദൃശ്യ, ശ്രവണ, ലിഖിത മാദ്ധ്യമങ്ങള്‍ അനവധിയാണ്. അവ സൃഷ്ടിക്കുന്ന ലൈംഗികതയുടെ അതിപ്രസരം പാപത്തിലേക്കു മനുഷ്യരെ നയിക്കുന്നു. ശരീരത്തിനു പുറത്തുള്ള മറ്റെല്ലാ പാപങ്ങളെക്കാളും ലൈംഗികപാപം ജീവിത വിശുദ്ധിയെ നഷ്ടപ്പെടുത്തും. ദൈവത്തിന്റെ മന്ദിരത്തെ നശിപ്പിക്കുന്ന അസാന്മാര്‍ഗ്ഗികതയിലേക്കു നമ്മെ നയിക്കുന്ന എല്ലാ മാദ്ധ്യമങ്ങളെയും നാം ഒഴിവാക്കുന്നില്ലെങ്കില്‍ അവ ലൈംഗിക പാപങ്ങളിലേക്ക് നമ്മെ നയിക്കും. 

               സഹോദരാ! സഹോദരീ! നീ അസാന്മാര്‍ഗ്ഗികമായ യാതൊന്നും ചെയ്യുന്നില്ലെന്ന് അവകാശപ്പെട്ടേക്കാം! പക്ഷേ നീ കാണുന്ന സിനിമകളിലെ മ്ലേച്ഛതകളും നീ വായിക്കുന്ന തുടര്‍ക്കഥകളും നോവലുകളും മഞ്ഞപ്പത്രങ്ങളുമെല്ലാം നിന്റെ ഉപബോധമനസ്സില്‍ ഉളവാക്കുന്ന വികാരതരംഗങ്ങള്‍ നിന്നെ ലൈംഗിക പാപങ്ങളിലേക്കു വീഴ്ത്തുവാന്‍ മുഖാന്തരമൊരുക്കുമെന്ന് നീ മനസ്സിലാക്കുമോ? ഈ സമയത്ത് അങ്ങനെയുള്ള ദൃശ്യ, ശ്രവണ, മാദ്ധ്യമങ്ങളില്‍നിന്നും സാഹചര്യങ്ങളില്‍നിന്നും ഓടി അകലുവാന്‍ നീ തീരുമാനിക്കുമോ? 

പാപത്തിന്‍ പാത വിട്ടോടുവാനെന്നും നിന്‍ 

ആത്മാവിന്‍ ദാനങ്ങള്‍ നല്കീടണേ 

ജീവിതയാത്രയില്‍ നിന്‍ സാക്ഷ്യമായ് തീരുവാന്‍ 

കൃപകള്‍ നല്കുകെന്‍ ആത്മനാഥാ                        നാള്‍തോറു...

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com