അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

ശാരീരിക വേദനകളുടെയും മാനസിക വിഷമങ്ങളുടെയും ആപത്തനര്‍ത്ഥങ്ങളുടെയും നടുക്കടലില്‍ നാം മുങ്ങിത്താഴുമ്പോള്‍, സഹായിക്കുവാന്‍ ആരോരുമില്ലാതെ മാനുഷിക സഹായം പ്രതീക്ഷിച്ചു നാം നിലവിളിക്കാറുണ്ട്. ആ ദുര്‍ഘടങ്ങളില്‍നിന്നു നമ്മെ കരം പിടിച്ചു കയറ്റി, ആശ്വാസത്തിന്റെയും സമാധാനത്തിന്റെയും തീരങ്ങളിലെത്തിക്കുവാന്‍ അത്യുന്നതനായ ദൈവത്തിനു മാത്രമേ കഴിയുകയുള്ളുവെന്ന് ആ ദുര്‍ബ്ബലനിമിഷങ്ങളില്‍ നാം ചിന്തിക്കാറില്ല. ഒരു വേട്ടമൃഗത്തെപ്പോലെ തന്നെ പിന്തുടരുന്ന യിസ്രായേലിന്റെ ഒന്നാം രാജാവായ ശൗലിന്റെയും അവന്റെ പടയാളികളുടെയും മുമ്പില്‍നിന്നു പ്രാണരക്ഷാര്‍ത്ഥം ഗുഹയിലേക്ക് ഓടിപ്പോകുമ്പോഴും, പരാതിയില്ലാതെ പരിഭവമില്ലാതെ ദാവീദ് തന്റെ അഭയവും സങ്കേതസ്ഥാനവുമായ ദൈവത്തോടാണ് നിലവിളിക്കുന്നത്. താന്‍ നേരിടുന്ന അസംഖ്യങ്ങളായ അനര്‍ത്ഥങ്ങള്‍, തന്നെക്കുറിച്ചുള്ള ദൈവത്തിന്റെ തിരുഹിതം നിറവേറ്റുന്നതിന് തന്നെ സജ്ജമാക്കുന്നതിനായി ദൈവം ഒരുക്കുന്ന മുഖാന്തരങ്ങളായി കാണുന്നതുകൊണ്ടാണ് ''എനിക്കുവേണ്ടി സകലതും നിര്‍വ്വഹിക്കുന്ന അത്യുന്നതനായ ദൈവത്തെ ഞാന്‍ വിളിച്ചപേക്ഷിക്കുന്നു'' എന്ന് ദാവീദ് പ്രാര്‍ത്ഥിക്കുന്നത്. തന്നെ ചുറ്റിവളഞ്ഞിരിക്കുന്ന ശൗലിന്റെയും സൈന്യത്തിന്റെയും കൈയില്‍ നിന്ന് രക്ഷപ്പെടുവാന്‍ മരണഭയത്താല്‍ ജീവരക്ഷയ്ക്കായി ഗുഹയിലേക്ക് ഓടിപ്പോകുമ്പോഴും തന്നോടുള്ള ദൈവത്തിന്റെ വാഗ്ദത്തങ്ങളിലുള്ള അചഞ്ചലമായ വിശ്വാസം ദാവീദ് ഈ സ്വര്‍ണ്ണഗീതത്തിലൂടെ (സങ്കീര്‍ത്തനങ്ങള്‍ 57) പ്രകടമാക്കുന്നു. അതുകൊണ്ടാണ് ''എന്നെ വിഴുങ്ങുവാന്‍ ഭാവിക്കുന്നവര്‍ ധിക്കാരം കാട്ടുമ്പോള്‍ അവന്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് കൈ നീട്ടി എന്നെ രക്ഷിക്കും'' എന്ന് ദാവീദിന് പാടുവാന്‍ കഴിയുന്നത്.
ദൈവത്തിന്റെ പൈതലേ! നീ ഇന്ന് മാനസികവ്യഥകളുടെയും ശാരീരിക അസ്വാസ്ഥ്യങ്ങളുടെയും നടുക്കടലിലൂടെയാണോ കടന്നുപോകുന്നത് ? ഇവയൊക്കെ ദൈവം നിനക്കു തരുവാനാഗ്രഹിക്കുന്ന പദവിയിലേക്കു കയറുവാനുള്ള പടവുകളാണെന്ന് നീ മനസ്സിലാക്കുമോ? നിന്നെ വിളിച്ചു വേര്‍തിരിച്ച അത്യുന്നതനായ ദൈവത്തിന്റെ സന്നിധിയില്‍ പ്രത്യാശയോടെ നിനക്ക് നിരന്തരമായി നിലവിളിക്കുവാന്‍ കഴിയുമോ? അപ്പോള്‍ അവന്‍ സ്വര്‍ഗ്ഗത്തില്‍നിന്നു കൈ നീട്ടി നിന്നെ രക്ഷിക്കുമെന്ന് നീ ഓര്‍ക്കുമോ?
വന്ദിക്കുന്നേ യേശു നാഥനേ
സ്തുതിക്കുന്നേ യേശു നാഥനേ
ആരാധിക്കുന്നേ ആത്മനാഥനേ
ആയുസ്സിന്‍ നാളെന്നുമേ
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com