അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

സര്‍വ്വശക്തനായ ദൈവത്തെ ആശ്രയിച്ച് പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന ജീവിതചര്യയിലേക്കു പ്രവേശിക്കുമ്പോള്‍, അതുവരെയും അഭിമുഖീകരിച്ചിട്ടാത്ത രോഗങ്ങളും കഷ്ടങ്ങളും നഷ്ടങ്ങളുമൊക്കെ ഒരു ദൈവപൈതലിനു നേരിടേണ്ടിവരും. അവന്‍ ആ വേദനകളുടെയും കടുത്ത പരീക്ഷണങ്ങളുടെയും താഴ്‌വാരങ്ങളില്‍ക്കൂടി കടന്നുപോകുമ്പോള്‍, ദൈവത്തെ മറന്ന് ദുഷ്ടതയിലും മ്ലേച്ഛതയിലും ജീവിക്കുന്നവര്‍ സുഖസൗഭാഗ്യങ്ങളുടെ പട്ടുപരവതാനിയില്‍ക്കൂടി മുമ്പോട്ടു പോകുന്ന കാഴ്ച സര്‍വ്വസാധാരണമാണ്. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ഒരു ദൈവപൈതല്‍ നിരാശപ്പെടുകയോ അസൂയപ്പെടുകയോ ചെയ്യരുതെന്ന് തിരുവചനം പഠിപ്പിക്കുന്നു. എന്തെന്നാല്‍ പ്രത്യേകമായ ഉദ്ദേശ്യങ്ങളോടെ മാത്രമേ ദൈവം തന്റെ മക്കളെ കഷ്ടങ്ങളിലൂടെയും വേദനകളിലൂടെയും കടത്തിവിടുകയുള്ളു. യിസ്രായേലിന്റെ രാജാവായി അഭിഷേകം ചെയ്യപ്പെട്ടിട്ടും തന്റെ ജീവനൊടുക്കുവാന്‍ ശ്രമിച്ച ശൗലിന്റെ ക്രൂരതകള്‍ അനുഭവിച്ച ദാവീദിനു പറയുവാനുള്ളതും ''ദുഷ്പ്രവൃത്തിക്കാരുടെ നിമിത്തം നീ ഉല്‍ക്കണ്ഠപ്പെടരുത്; നീതികേടു ചെയ്യുന്നവരോട് അസൂയപ്പെടുകയുമരുത് '' എന്നാണ്. കാരണം ''അവര്‍ പുല്ലുപോലെ വേഗത്തില്‍ ഉണങ്ങി പച്ചച്ചെടിപോലെ വാടിപ്പോകുന്നു'' (സങ്കീര്‍ത്തനങ്ങള്‍ 37 : 1, 2). ദൈവപൈതലിന് അനര്‍ത്ഥങ്ങള്‍ നേരിട്ടാലും അവന് യാതൊരു ഹാനിയും വരുത്തുവാന്‍ അവയ്‌ക്കൊന്നിനും കഴിയുകയില്ല. ദുഷ്ടന്‍ പ്രബലനായിരിക്കുന്നതും സ്വദേശികമായ പച്ചവൃക്ഷംപോലെ തഴയ്ക്കുന്നതും താന്‍ കണ്ടിട്ടുണ്ട് എന്നു പറയുന്ന ദാവീദ് ദുഷ്ടന്മാര്‍ നേരിടുന്ന അനര്‍ത്ഥങ്ങളില്‍നിന്ന് അവര്‍ രക്ഷപ്പെടുകയില്ലെന്നും ''ദുഷ്ടന്മാര്‍ ഛേദിക്കപ്പെടുന്നത് നീ കാണും'' എന്നും സാക്ഷിക്കുന്നു.
ദൈവപൈതലേ! ദൈവത്തിനുവേണ്ടി ജീവിക്കുവാന്‍ ഇറങ്ങിത്തിരിച്ച നീ കഷ്ടനഷ്ടങ്ങളുടെ നടുവില്‍ സങ്കടത്തോടെയാണോ ഈ വരികള്‍ വായിക്കുന്നത്? ദുഷ്ടന്മാരുടെ അഭിവൃദ്ധി നിന്റെ മുമ്പില്‍ ഉത്തരം കിട്ടാത്ത ചോദ്യമാണോ? എങ്കില്‍ ധൈര്യപ്പെടുക! നീതിമാന്‍ ഏഴു പ്രാവശ്യം വീണാലും എഴുന്നേല്ക്കുമെന്നും ദുഷ്ടന്മാര്‍ അനര്‍ത്ഥത്തില്‍ നശിച്ചുപോകുമെന്നും നീ മനസ്സിലാക്കുമോ? നിന്റെ സങ്കടങ്ങള്‍ നിന്നെ വിളിച്ച കര്‍ത്താവിന്റെ സന്നിധിയില്‍ ഈ സമയത്ത് നീ സമര്‍പ്പിക്കുമോ?
എന്നെ വിളിച്ച ദൈവം
എന്നെ വേര്‍തിരിച്ച ദൈവം
എന്നധിപതിയായ് തന്‍ വഴികളിലെന്നെ
അനുദിനം നടത്തിടുന്നു
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com