അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

സര്‍വ്വശക്തനായ ദൈവത്തിന്റെ വിളികേട്ട് അവന്റെ ദൗത്യമേറ്റെടുത്ത് മുമ്പോട്ടു പോകുമ്പോള്‍ പര്‍വ്വതസമാനങ്ങളായ പ്രതിസന്ധികള്‍ വഴിത്താരയില്‍ മാര്‍ഗ്ഗതടസ്സങ്ങള്‍ സൃഷ്ടിക്കുമ്പോഴും, ജീവനെപ്പോലും അപകടപ്പെടുത്തുന്ന അപ്രതീക്ഷിതമായ ആക്രമണങ്ങള്‍ ശത്രു അഴിച്ചുവിടുമ്പോഴും അനേക സഹോദരങ്ങള്‍ പതറിപ്പോകാറുണ്ട്. മിദ്യാന്യമരുഭൂമിയില്‍ ആടുകളെ മേയിച്ചുകൊണ്ടിരിക്കുമ്പോള്‍ മോശെയെ യഹോവയാം ദൈവം മിസ്രയീമ്യ അടിമത്തത്തില്‍നിന്നു തന്റെ ജനത്തെ വിടുവിച്ച് അവരെ പാലും തേനും ഒഴുകുന്ന കനാനിലെത്തിക്കുവാനായി വിളിച്ചു. എന്നാല്‍ ആ ദൗത്യം ഏറ്റെടുത്ത് മുമ്പോട്ടു ഇറങ്ങിത്തിരിച്ച നിമിഷംമുതല്‍ അവന്‍ നേരിട്ടത് പ്രതിസന്ധികളുടെ നീണ്ട ഘോഷയാത്രകളായിരുന്നു. അനേക വൈതരണികള്‍ തരണംചെയ്ത് കനാനിലേക്ക് യാത്രചെയ്യുമ്പോള്‍ യിസ്രായേല്‍മക്കളെ ബാശാന്‍രാജാവായ ഓഗ്, എദ്രേയില്‍വച്ച് ആക്രമിച്ചു. അപ്പോള്‍ തന്നെ വിളിച്ചിറക്കിയ ദൈവം മോശെയോട് ''അവനെ ഭയപ്പെടേണ്ട; അവനെയും അവന്റെ സകല ജനത്തെയും അവന്റെ ദേശത്തെയും ഞാന്‍ നിന്റെ കൈയില്‍ ഏല്പിച്ചിരിക്കുന്നു'' എന്നരുളിച്ചെയ്തു. യിസ്രായേല്‍മക്കള്‍ ബാശാന്‍രാജാവായ ഓഗിനെയും അവന്റെ സകല ജനത്തെയും പൂര്‍ണ്ണമായി സംഹരിച്ച് ബാശാന്‍ കൈവശമാക്കി. ദൈവം നമ്മെ ഏല്പിച്ചിരിക്കുന്ന ദൗത്യത്തിന്റെ പൂര്‍ത്തീകരണത്തിനായി നാം മുന്നോട്ടിറങ്ങുമ്പോള്‍, നേരിടേണ്ടിവരുന്ന അനിശ്ചിതത്വങ്ങളുടെയും ആക്രമണങ്ങളുടെയും മുമ്പില്‍ ദൈവം നമ്മോടുകൂടെയിരുന്ന് നമ്മെ ജയോത്സവമായി വഴി നടത്തുമെന്ന് ബാശാന്‍രാജാവിനെയും അവന്റെ സകല ജനത്തെയും സംഹരിച്ചുകളഞ്ഞ സംഭവം നമ്മെ പഠിപ്പിക്കുന്നു. യഹോവയുടെ വാക്ക് സമ്പൂര്‍ണ്ണമായി വിശ്വസിച്ചുകൊണ്ട് ബാശാന്‍രാജാവായ ഓഗിനെ നേരിടുവാന്‍ ഭയമില്ലാതെ മുമ്പോട്ടിറങ്ങിയതുകൊണ്ടാണ് രാജാവിനെയും രാജ്യത്തെയും ദൈവം മോശെയുടെ കൈയില്‍ ഏല്പിച്ചുകൊടുത്തത്.
ദൈവത്തിന്റെ പൈതലേ! ഇപ്പോള്‍ നീ നേരിടുന്ന ശത്രുവിന്റെ ആക്രമണങ്ങളെക്കുറിച്ചും നീ ആയിരിക്കുന്ന അനിശ്ചിതത്വത്തെക്കുറിച്ചുമുള്ള ഭാരത്തോടെയാണോ നീ ഈ വരികള്‍ വായിക്കുന്നത് ? എങ്കില്‍ ബാശാന്യ ആക്രമണത്തിനു മുമ്പില്‍ മോശെയോട് ''ഭയപ്പെടേണ്ട'' എന്നരുളിച്ചെയ്ത് ബാശാന്‍രാജാവിനെ തകര്‍ത്ത ദൈവം നിന്നോടുകൂടെയുണ്ടെന്ന് നീ ഓര്‍ക്കുമോ? ഭയപ്പെടേണ്ട!
ഭയമിനി വേണ്ടാ ഭയപ്പെടവേണ്ടാ
പാറയാമേശുവെന്നഭയം
കൊടുങ്കാറ്റിനെ തകര്‍ക്കും ജയക്കൊടി ഉയര്‍ത്തും
യേശുവാണെന്നഭയം
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com