അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

മനസ്സിനെയും ശരീരത്തെയും തകര്‍ക്കുന്ന ആശങ്കകളുടെയും ആകുലങ്ങളുടെയും നീരാളിപ്പിടുത്തത്തില്‍നിന്നു മോചനം നേടുവാനാവാതെ, ദൈവത്തില്‍ വിശ്വസിക്കുന്നു എന്ന് അവകാശപ്പെടുന്ന സഹോദരങ്ങള്‍ അനുദിനം ജീര്‍ണ്ണിച്ചുകൊണ്ടിരിക്കുന്നു. വിശ്വാസികളെന്ന് അഭിമാനിക്കുമെങ്കിലും പലരും തങ്ങളുടെ ചെറുതും വലുതുമായ പ്രശ്‌നങ്ങള്‍ പലപ്പോഴും കര്‍ത്താവിനെ ഭരമേല്പിക്കാതെ സ്വന്തം ബുദ്ധിയിലും യുക്തിയിലും പരിഹരിക്കുവാനാണ് പരിശ്രമിക്കാറുള്ളത്. അവയൊക്കെയും പരാജയപ്പെട്ട് നഷ്ടബോധങ്ങളും നിരാശകളും നിറഞ്ഞ ചുമടുകളുമായി മുമ്പോട്ടു പോകുവാന്‍ നിര്‍വ്വാഹമില്ലാതെ വരുമ്പോഴാണ് അവരില്‍ അനേകര്‍ തങ്ങളുടെ സങ്കീര്‍ണ്ണങ്ങളായ പ്രശ്‌നങ്ങള്‍ കര്‍ത്താവിനെ ഭരമേല്പിക്കുവാനായി കടന്നുവരുന്നത്. ഒരു ദൈവപൈതല്‍ തന്റെ ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും കര്‍ത്താവിനെ ഭരമേല്പിക്കണമെന്ന് ഇടയച്ചെറുക്കന്റെ പദവിയില്‍നിന്ന് യിസ്രായേലിന്റെ സിംഹാസനത്തിലേക്ക് ദൈവം ഉയര്‍ത്തിയ ദാവീദ് ഉദ്‌ബോധിപ്പിക്കുന്നു. നമ്മുടെ കാര്യങ്ങള്‍ നാം കര്‍ത്താവിനെ ഭരമേല്പിക്കുന്നതിനോടൊപ്പം നമ്മുടെ ചിന്താഗതിക്കും ബുദ്ധിവൈഭവത്തിനും തക്കവണ്ണം അവയെ കൈകാര്യം ചെയ്യുവാന്‍കൂടി ശ്രമിക്കുമ്പോള്‍ കര്‍ത്താവ് പ്രവര്‍ത്തിക്കുമെന്നുള്ള വിശ്വാസം നമ്മില്‍ ഇല്ലെന്ന് വ്യക്തമാകുന്നു. കര്‍ത്താവിന്റെ കരങ്ങളില്‍ നമ്മുടെ കാര്യങ്ങള്‍ നാം സമര്‍പ്പിക്കുമ്പോള്‍ അവന്‍ പ്രവര്‍ത്തിച്ചുകൊള്ളുമെന്നുള്ള സമ്പൂര്‍ണ്ണമായ വിശ്വാസം നമുക്കുണ്ടായിരിക്കണം. അങ്ങനെ വിശ്വാസമുള്ള ഒരു വ്യക്തിയും കര്‍ത്താവില്‍ സമര്‍പ്പിച്ചിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ആശങ്കപ്പെടുകയോ, ആകുലപ്പെടുകയോ, മറ്റു പോംവഴികള്‍ തേടുകയോ ചെയ്യുകയില്ല. അപ്പോള്‍ കര്‍ത്താവ് നമുക്കായി പ്രവര്‍ത്തിക്കും. പുല്‍മാലികളില്‍ ആടുകളെ മേയിക്കുമ്പോഴും യിസ്രായേലിനെ ഭരിക്കുമ്പോഴും ഓമനപ്പുത്രന്‍ സിംഹാസനം പിടിച്ചടക്കുമ്പോഴും തന്റെ വഴികളൊക്കെയും യഹോവയെ ഭരമേല്പിച്ചതായിരുന്നു. ദാവീദിന്റെ ജീവിതവിജയം.
ദൈവത്തിന്റെ പൈതലേ! കര്‍ത്താവിന്റെ കരങ്ങളില്‍ നിന്റെ കാര്യങ്ങളൊക്കെ ഭരമേല്പിച്ചിട്ടും ആകുലങ്ങളോടെയും ആശങ്കകളോടെയുമാണോ നീ ഈ സമയത്ത് കര്‍ത്താവിന്റെ സന്നിധിയിലിരിക്കുന്നത് ? ഇപ്പോഴെങ്കിലും അവനില്‍ നിനക്ക് സമ്പൂര്‍ണ്ണമായി വിശ്വാസമര്‍പ്പിക്കുവാന്‍ കഴിയുമോ? എങ്കില്‍ നിന്റെ സകല കാര്യങ്ങളും കര്‍ത്താവിനെ ഭരമേല്പിക്കുക! ധൈര്യമായിരിക്കുക! അവന്‍ നിനക്കായി പ്രവര്‍ത്തിച്ചുകൊള്ളും.
യേശുവില്‍ വിശ്വസിക്ക യേശുവില്‍ സമര്‍പ്പിക്ക
യേശു നമ്മെ പുലര്‍ത്തും
യേശുവിന്‍ ചാരെ വരുവോര്‍ക്കെല്ലാം
യേശു സങ്കേതമേ യേശു രോഗത്തെ...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com