അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

മനുഷ്യന്റെ വിവേകം നഷ്ടപ്പെടുന്നത് ജീവിതത്തിന്റെ ക്ഷണികതയെക്കുറിച്ചുള്ള ഓര്‍മ്മ അവന് ഇല്ലാതെയാകുമ്പോഴാണ്. ദൈവത്തിന്റെ അപ്രമാദിത്വത്തെക്കുറിച്ച് ജനമദ്ധ്യത്തില്‍ പ്രസംഗിക്കുകയും ദൈവത്തിന്റെ തിരുസന്നിധിയിലേക്ക് അവരെ നയിക്കുവാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന മതനേതാക്കന്മാര്‍പോലും അനുദിന ജീവിതത്തില്‍ ഇതു വിസ്മരിച്ചുപോകാറുണ്ട്. അതിരുകള്‍ വിസ്താരപ്പെടുത്തുവാനും അധികാരത്തിന്റെ ചെങ്കോല്‍ കൈയാളുവാനും അഹോരാത്രം അദ്ധ്വാനിക്കുന്ന അജപാലകന്മാരും അജഗണങ്ങളും ഭൂമിയില്‍ തങ്ങള്‍ക്കു നല്‍കപ്പെട്ടിരിക്കുന്ന കാലയളവ് എഴുപതോ എണ്‍പതോ സംവത്സരങ്ങള്‍ മാത്രമാണെന്നും ആ കാലയളവില്‍ ദൈവം തങ്ങളെ ആക്കിയിരുന്ന സ്ഥാനങ്ങളില്‍ എന്തു പ്രവര്‍ത്തിച്ചുവെന്നതിനെക്കുറിച്ചുള്ള കണക്ക് ദൈവസന്നിധിയില്‍ ബോധിപ്പിക്കേണ്ടിവരുമെന്നും ചിന്തിക്കാറില്ല. മനുഷ്യജീവിതത്തിന്റെ പൊലിമയും വലിപ്പവും, ഉഷസ്സില്‍ പൊട്ടിവിടര്‍ന്നു ശോഭ പരത്തി അസ്തമയത്തോടെ വാടിക്കരിഞ്ഞ് കൊഴിഞ്ഞുപോകുന്ന പൂക്കള്‍പോലെയാകുന്നുവെന്ന് തിരുവചനം സാക്ഷിക്കുന്നു. ഭൂമിയിലെ നമ്മുടെ ദിവസങ്ങളുടെ അനിശ്ചിതത്വത്തെക്കുറിച്ചുള്ള ബോധം നമുക്കുണ്ടാകണം. മനുഷ്യായുസ്സിന്റെ പരിമിതിയെക്കുറിച്ചുള്ള ബോദ്ധ്യമുണ്ടാകുമ്പോള്‍ വിവേകമതികളായി ജീവിക്കുവാന്‍ അതു പ്രേരകമാകും. മനുഷ്യജീവിതം എഴുപതോ ഏറെയായാല്‍ എണ്‍പതോ മാത്രം ആയതിനാല്‍ ''ഞങ്ങളുടെ നാളുകള്‍ എണ്ണുവാന്‍ ഞങ്ങളെ പഠിപ്പിക്കണമേ'' എന്ന് ദൈവപുരുഷനായ മോശെ പ്രാര്‍ത്ഥിക്കുന്നു. ജീവിതത്തിന്റെ ഹ്രസ്വതയെക്കുറിച്ചു ബോധമുണ്ടാകുമ്പോള്‍ മാത്രമേ ദൈവത്തിനും മനുഷ്യര്‍ക്കും പ്രയോജനമുള്ളവരായിത്തീരുവാനുള്ള വിവേകം നമുക്ക് ഉണ്ടാകുകയുള്ളു.
സഹോദരാ! സഹോദരീ! ധനവും മാനവും സമ്പാദിക്കുവാനുള്ള അത്യാര്‍ത്തി നിറഞ്ഞ നിന്റെ പ്രയാണത്തിനിടയില്‍ ഈ ഭൂമിയിലെ നിന്റെ ദിവസങ്ങളെത്രയെന്ന് ചിന്തിക്കുവാന്‍ നിനക്കു കഴിഞ്ഞിട്ടുണ്ടോ? നിന്റെ ആയുസ്സിന്റെ അല്പത്വത്തെക്കുറിച്ച് നിന്നെ പഠിപ്പിക്കണമേ എന്ന് നിനക്കു പ്രാര്‍ത്ഥിക്കുവാന്‍ കഴിയുമോ? അതു പഠിക്കുമ്പോള്‍ നീ ദൈവത്തിനും മനുഷ്യനും കൊള്ളാവുന്ന വ്യക്തിയായിത്തീരും.
ലോകത്തെ പിരിയേണ്ട നാളും നേരവും
അറിയുന്നുവോ പ്രിയ സോദരരേ
യേശുവിനായ് ശിഷ്ടായുസ്സു നല്‍കുവിന്‍
യേശു നയിച്ചിടും അന്ത്യംവരെ
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com