അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

ദൈവത്തില്‍നിന്ന് അനുഗ്രഹങ്ങള്‍ നേടിക്കൊണ്ട് പരിശുദ്ധാത്മാവിനെ രുചിച്ചറിഞ്ഞ്, ദൈവത്തിനുവേണ്ടി ജീവിക്കുവാനും പ്രവര്‍ത്തിക്കുവാനും അനേകര്‍ ഇറങ്ങിത്തിരിക്കുന്നു. അവരില്‍ പലരും തങ്ങളായിരിക്കുന്ന സഭയിലെയും സമൂഹത്തിലെയും ഔദ്യോഗിക തലങ്ങളിലെയും സ്ഥാനമാനങ്ങള്‍ നിലനിര്‍ത്തുവാന്‍വേണ്ടി, മനുഷ്യരുടെ പ്രീതി നേടുകയാണോ, ദൈവത്തിന്റെ പ്രസാദം നിലനിര്‍ത്തുകയാണോ വേണ്ടതെന്ന ചിന്താക്കുഴപ്പത്തില്‍ ചെന്നുപെടാറുണ്ട്. മനുഷ്യരുടെ പ്രീതി നേടിയെടുക്കുവാന്‍ പരിശ്രമിക്കുമ്പോള്‍ അവരോട് ദൈവത്തെക്കുറിച്ചോ, ദൈവം നടത്തുന്ന വിധങ്ങളെക്കുറിച്ചോ ഒന്നും പറയുവാന്‍ സാദ്ധ്യമല്ല. കാരണം പരിശുദ്ധാത്മാവിന്റെ അനുഭവം അവര്‍ക്ക് അജ്ഞാതമായിരിക്കുന്നതുകൊണ്ട് അതനുഭവിക്കുന്നവരെ അവജ്ഞയോടെയാണ് അവര്‍ വീക്ഷിക്കുന്നത്. അങ്ങനെ മനുഷ്യരുടെ പ്രീതിവാത്സല്യങ്ങള്‍ സമ്പാദിക്കുവാന്‍ താന്‍ രുചിച്ചറിയുന്ന യേശുവിനെക്കുറിച്ച് പറയുവാന്‍ കഴിയാതിരിക്കുന്ന ഒരു വ്യക്തിക്ക് യേശുവിന്റെ ദാസനായിരിക്കുവാന്‍ കഴിയുകയില്ല. അങ്ങനെയുള്ളവര്‍ക്ക് ദൈവത്തിന്റെ കൃപ നിലനിര്‍ത്തുവാനാവില്ല എന്ന് റോമാപൗരനും ഗമാലീയേലിന്റെ പാദപീഠത്തിലിരുന്നു പഠിച്ചവനും പരീശനും യെഹൂദാസഭയില്‍ സ്ഥാനമാനങ്ങളുണ്ടായിരുന്നവനുമായ പൗലൊസ് വ്യക്തമാക്കുന്നു. കര്‍ത്താവിനുവേണ്ടി സമ്പൂര്‍ണ്ണമായി സമര്‍പ്പിച്ചശേഷവും തന്റെ പഴയ ലൗകിക പ്രതാപങ്ങളും സ്ഥാനമാനങ്ങളും നിലനിര്‍ത്തുവാനായി മനുഷ്യരെ പ്രീതിപ്പെടുത്തുവാനാണ് താന്‍ ശ്രമിക്കുന്നതെങ്കില്‍ താന്‍ ക്രിസ്തുവിന്റെ ദാസനായിരിക്കുകയില്ല എന്ന് പൗലൊസ് പ്രഖ്യാപിക്കുന്നു.
ദൈവത്തിന്റെ പൈതലേ! ദൈവത്തിന്റെ വിളികേട്ട് അവന്റെ പരിശുദ്ധാത്മാവിനെ രുചിച്ചറിഞ്ഞ് അവനായി ജീവിക്കുവാന്‍ ഇറങ്ങിത്തിരിച്ചശേഷം, ലോകത്തിന്റെ ലാഭങ്ങള്‍ക്കുവേണ്ടി ദൈവത്തെ മറന്ന് മനുഷ്യരെ പ്രീതിപ്പെടുത്തുവാന്‍ നീ ശ്രമിക്കാറില്ലേ? നീ പ്രാപിച്ചിരിക്കുന്ന ദൈവത്തിന്റെ വിശുദ്ധാത്മാവിന്റെ മര്‍മ്മരം മറന്ന്, സ്ഥാനമാനങ്ങള്‍ക്കുവേണ്ടി മനുഷ്യരെ പ്രീണിപ്പിക്കുവാന്‍ ഇറങ്ങിത്തിരിക്കുമ്പോള്‍ ദൈവസന്നിധിയില്‍ നിനക്കുള്ള പ്രാഗത്ഭ്യവും സ്ഥാനവുമാണ് എന്നെന്നേക്കുമായി നഷ്ടമാക്കുന്നതെന്ന് നീ ഓര്‍ക്കുമോ?
ജീവിത പാതയില്‍ നിന്നെ കാട്ടുവാന്‍
സ്‌നേഹവും നിന്‍ശക്തിയും പകര്‍ന്നീടുവാന്‍
യേശുവേ നിന്നാത്മാവാല്‍ ഏഴയെ നിറച്ചു നിന്‍
വേല ചെയ്‌വാന്‍ ശക്തി നല്‍കുകേ... യേശുവേ...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com