അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

ജീവിതയാത്രയുടെ ഉഷ്ണച്ചൂടില്‍ നിസ്സഹായരും നിരാലംബരുമായി വാടിത്തളര്‍ന്ന അവസ്ഥയില്‍നിന്നു കാരുണ്യവാനായ ദൈവം കോരിയെടുത്ത് തന്റെ തോട്ടത്തിലാക്കിയ അനേക സഹോദരങ്ങള്‍ വളര്‍ന്നു പടര്‍ന്നു പന്തലിച്ച് വന്‍വൃക്ഷങ്ങളായി തോട്ടത്തില്‍ നില്‍ക്കുന്നുവെങ്കിലും അവനുവേണ്ടി ഫലം പുറപ്പെടുവിക്കുവാന്‍ കഴിയുന്നില്ല. തന്റെ തോട്ടത്തില്‍ താന്‍ ശ്രദ്ധയോടെ നട്ട്, ശുശ്രൂഷിച്ച് വളര്‍ത്തുന്ന നടുതലകളില്‍നിന്നു താന്‍ എന്തു പ്രതീക്ഷിക്കുന്നുവെന്ന് മുന്തിരിത്തോട്ടത്തില്‍ നട്ടിരുന്ന അത്തിവൃക്ഷത്തിന്റെ ഉപമയില്‍ക്കൂടി കര്‍ത്താവ് നമ്മെ പഠിപ്പിക്കുന്നു. ഈ അത്തിവൃക്ഷത്തിന്റെ അരികിലേക്ക് അത് ഫലം പുറപ്പെടുവിക്കേണ്ട കാലമായപ്പോള്‍ കടന്നുചെന്ന തോട്ടത്തിന്റെ ഉടമയ്ക്ക്, അതില്‍ യാതൊരു ഫലവും കാണുവാന്‍ കഴിഞ്ഞില്ല. അടുത്ത രണ്ടു വര്‍ഷങ്ങളിലും ഇതേ അനുഭവം ആവര്‍ത്തിക്കപ്പെട്ടപ്പോള്‍ തോട്ടത്തിന്റെ ഉടമ തന്റെ തോട്ടക്കാരന് നല്‍കിയ നിര്‍ദ്ദേശം ശ്രദ്ധേയമാണ് - ''ഞാന്‍ ഇപ്പോള്‍ മൂന്നു വര്‍ഷമായി ഈ അത്തിയില്‍ ഫലം തിരഞ്ഞുവരുന്നു; എന്നാല്‍ ഒന്നും കാണുന്നില്ല; അതു വെട്ടിക്കളയുക, അതു നിലത്തെ നിഷ്ഫലമാക്കുന്നതെന്തിന്?'' തന്റെ മുന്തിരിത്തോട്ടത്തില്‍ വഴിയോരവൃക്ഷമായ അത്തിയെ വാത്സല്യത്തോടെ നട്ടപ്പോള്‍, അതില്‍നിന്ന് അവന്‍ ഫലങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. ഫലങ്ങള്‍ പുറപ്പെടുവിക്കേണ്ട കാലമായിട്ടും ഫലങ്ങള്‍ കായ്ക്കാതിരുന്നപ്പോള്‍ വീണ്ടും നീണ്ട മൂന്നു വര്‍ഷങ്ങള്‍ കാത്തിരുന്നു. തോട്ടത്തില്‍ ഫലം പുറപ്പെടുവിക്കുന്ന മറ്റു വൃക്ഷങ്ങള്‍ക്കു ലഭിക്കേണ്ട വെള്ളവും വളവും ഈ ഫലം പുറപ്പെടുവിക്കാത്ത വൃക്ഷം വലിച്ചെടുത്ത് നിലത്തെ നിഷ്ഫലമാക്കാതിരിക്കേണ്ടതിന് അതിനെ നിഷ്‌കരുണം വെട്ടിക്കളയുവാന്‍ തോട്ടത്തിന്റെ ഉടമ ആജ്ഞാപിക്കുന്നു. എന്തെന്നാല്‍ എല്ലാവരും ഉപേക്ഷിച്ച അതിനെ കോരിയെടുത്ത് സ്‌നേഹവാത്സല്യങ്ങളോടെ തന്റെ തോട്ടത്തില്‍ വളര്‍ത്തിയ യജമാനന്റെ പ്രതീക്ഷകളൊക്കെയും ആ വൃക്ഷം തകര്‍ത്തുകളഞ്ഞു.
ദൈവത്തിന്റെ പൈതലേ! ആരും ശ്രദ്ധിക്കാത്ത ഒരു വഴിയോരവൃക്ഷം മാത്രമായിരുന്ന നിന്നെ കര്‍ത്താവ് തന്റെ തോട്ടത്തിലാക്കി അനുഗ്രഹങ്ങളാലും കൃപകളാലും പരിപോഷിപ്പിച്ചത് നീ അവനുവേണ്ടി ഫലങ്ങള്‍ പുറപ്പെടുവിക്കുമെന്ന പ്രതീക്ഷയിലായിരുന്നുവെന്ന് നീ ഓര്‍ക്കുമോ? ഫലങ്ങള്‍ തേടി നിന്റെ അരികില്‍ എത്ര കാലം വന്നുവെന്ന് കര്‍ത്താവ് ഓര്‍മ്മിക്കുന്നുവെന്ന് നീ മനസ്സിലാക്കുമോ? അവനുവേണ്ടി ഫലങ്ങള്‍ പുറപ്പെടുവിക്കുവാന്‍ ഇപ്പോള്‍ നീ സ്വയം സമര്‍പ്പിക്കുമോ?
ഇപ്പോഴെന്‍ ദൈവമേ അങ്ങേ കരങ്ങളില്‍
അര്‍പ്പിക്കുന്നേഴയെ സമ്പൂര്‍ണ്ണമായ്
കൈവിടാതേഴയെ കാത്തു പാലിക്കണം
കാവല്‍ ചെയ്യേണമെന്‍ ജീവനാഥാ. നാള്‍തോറു....
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com