അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അസമാധാനം നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് ഇന്നു ലോകം കടന്നുപോകുന്നത്. അസംതൃപ്തിയും, അസന്തുഷ്ടിയും, അത്യാഗ്രഹവും സമാധാനത്തെ കെടുത്തിക്കളയുന്ന ഘടകങ്ങളാണ്. സമാധാനത്തിന്റെ പ്രഭുവായ യേശുവിനെ കണ്ടെത്തുവാന്‍ കഴിയാതെ അനേക സഹോദരങ്ങള്‍ ഒരിറ്റു സമാധാനത്തിനായി മദ്യത്തെയും മയക്കുമരുന്നുകളെയും ആശ്രയിച്ചു ജീവിതം നശിപ്പിച്ചുകൊണ്ടിരിക്കുന്നു. അതില്‍നിന്നു താല്‍ക്കാലികമായി ലഭിക്കുന്ന സമാധാനത്തിനായി അവര്‍ പരക്കം പായുമ്പോള്‍ അവര്‍ തങ്ങളുടെ മാത്രമല്ല മറ്റുള്ളവരുടെയും സമാധാനം നഷ്ടമാക്കുന്നു. സമാധാനം തേടി അലയുന്നവര്‍ക്ക് സമാധാനത്തെക്കാള്‍ ഉപരിയായ മഹാസമാധാനം ലഭ്യമാകുന്ന മാര്‍ഗ്ഗമാണ് സങ്കീര്‍ത്തനക്കാരന്‍ ചൂണ്ടിക്കാണിക്കുന്നത്. അതായത് ദൈവത്തിന്റെ ന്യായപ്രമാണത്തോട് പ്രിയം ഉള്ളവര്‍ക്ക് മഹാസമാധാനം ഉണ്ടെന്ന് സങ്കീര്‍ത്തനക്കാരന്‍ സാക്ഷിക്കുന്നു. അവര്‍ക്ക് വീഴ്ചയ്ക്കു കാരണം ഏതുമില്ല എന്നുകൂടി ഉറപ്പിച്ച് പറയുന്ന സങ്കീര്‍ത്തനക്കാരന്റെ അനുഭവത്തിലേക്ക് നമുക്കു വളരുവാന്‍ കഴിയണമെങ്കില്‍ ദൈവത്തിന്റെ തിരുവചനത്തെ നാം സ്‌നേഹിക്കണം. നിരന്തരമായി തിരുവചനം വായിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നവരെ പാപത്തില്‍നിന്നും ആപത്തില്‍നിന്നും സൂക്ഷിക്കുവാനും രക്ഷിക്കുവാനും ദൈവത്തിന്റെ വചനത്തിന് കഴിയും. കഷ്ടതയില്‍ ദൈവത്തിന്റെ വചനം ആശ്വാസം പ്രദാനം ചെയ്യുകയും ജീവിപ്പിക്കുകയും ചെയ്യുന്നു (സങ്കീര്‍ത്തനങ്ങള്‍ 119 : 50) എന്നു പ്രഖ്യാപിക്കുന്ന സങ്കീര്‍ത്തനക്കാരന്‍ ദൈവത്തിന്റെ വചനം തേന്‍കട്ടയെക്കാള്‍ മാധുര്യമേറിയതെന്ന് സാക്ഷിക്കുന്നു. തിരുവചനത്തില്‍ പ്രിയംവച്ച് അതിനെ ധ്യാനിക്കുകയും അനുസരിക്കുകയും ചെയ്യുന്നവര്‍ക്ക് സ്വര്‍ഗ്ഗീയ സമാധാനം അനുഭവിക്കുവാന്‍ ദൈവം മുഖാന്തരമൊരുക്കുന്നു.
സഹോദരാ! സഹോദരീ! അസമാധാനത്തോടെയാണ് നീ ഈ വരികള്‍ വായിക്കുന്നതെങ്കില്‍ ദൈവത്തിന്റെ തിരുവചനം അനുദിനം വായിച്ച് ധ്യാനിക്കുമ്പോള്‍ അതു നിനക്ക് മഹാസമാധാനം നല്‍കുമെന്ന് നീ മനസ്സിലാക്കുമോ? അതു നിന്റെ സമാധാനം നഷ്ടപ്പെടുത്തുന്ന വഴികളില്‍നിന്നു നിന്നെ രക്ഷിക്കുകയും സൂക്ഷിക്കുകയും ചെയ്യുമെന്ന് നീ ഓര്‍ക്കുമോ? ഇന്നുമുതല്‍ അനുദിനം തിരുവചനം വായിക്കുമെന്ന് ഈ നിമിഷങ്ങളില്‍ നിനക്കു തീരുമാനിക്കുവാന്‍ കഴിയുമോ?
ഹൃദയത്തില്‍ നിന്‍ തിരുവചനം
ഞാന്‍ സംഗ്രഹിച്ചീടുന്നായതിനാല്‍
പാപത്തില്‍ വീഴാതെന്‍
പാതയെ കാത്തിടും തിരുവചനം. ജീവന്റെ വചനം...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com