അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 192 ദിവസം

ഉപവാസ പ്രാര്‍ത്ഥനകള്‍ക്ക് പ്രസക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് ഇന്നത്തെ ക്രൈസ്തവ സമൂഹം കടന്നുപോകുന്നത്. ഉപവാസ പ്രാര്‍ത്ഥനകളിലൂടെ ദൈവസന്നിധിയില്‍നിന്നും ദൈവജനം നേടിയെടുത്തിട്ടുള്ള കൃപകളും അനുഗ്രഹങ്ങളും അനവധിയാണ്. ദൈവത്തെ മറന്ന് ജീവിക്കുകയും അന്യദൈവങ്ങളെ ആരാധിക്കുകയും ചെയ്ത തന്റെ ജനത്തെ യഹോവയാം ദൈവം കഠിനമായി ശിക്ഷിച്ച്, ഉപജീവനത്തിനുപോലും മാര്‍ഗ്ഗമില്ലാത്ത രീതിയില്‍ അവരുടെ വിളകള്‍ നശിപ്പിച്ചുകളഞ്ഞു. ഈ കഷ്ടത്തിന്റെയും, നഷ്ടത്തിന്റെയും ദാരിദ്ര്യത്തിന്റെയും ക്ഷാമത്തിന്റെയും നടുവിലാണ് ''ഒരു ഉപവാസദിവസം പ്രഖ്യാപിക്കുവിന്‍'' എന്ന ദൈവത്തിന്റെ ശബ്ദം മൂന്നു പ്രാവശ്യം പ്രവാചകനിലൂടെ മുഴങ്ങിക്കേള്‍ക്കുന്നത്. അവര്‍ തങ്ങളുടെ പാപപങ്കിലമായ ജീവിതത്തെ ഉപേക്ഷിച്ച് അനുതാപത്തോടെ പുതിയ സൃഷ്ടികളായി തങ്കലേക്ക് മടങ്ങിവരണമെന്ന് ദൈവം ആഗ്രഹിക്കുന്നു. അവര്‍ ഉപവസിക്കുമ്പോള്‍ ദൈവം അവരില്‍നിന്ന് വാസ്തവമായ അനുതാപമാണ് പ്രതീക്ഷിക്കുന്നത്. മദ്യപന്മാരോട് ഉണര്‍ന്നു കരയുവാനും പുരോഹിതന്മാരോടും ദൈവത്തിന്റെ ശുശ്രൂഷക്കാരോടും പരുക്കന്‍ വസ്ത്രം ധരിച്ച് വിലപിക്കുവാനും ദേശത്തിലെ സകല നിവാസികളും യഹോവയോടു നിലവിളിക്കുവാനും പ്രവാചകന്‍ ആഹ്വാനം ചെയ്യുന്നു. തുള്ളനും പച്ചപ്പുഴുവും വിട്ടിലും വെട്ടുക്കിളിയും നഷ്ടമാക്കിയ കാലങ്ങള്‍ മടക്കിത്തരുവാന്‍ കഴിഞ്ഞകാല ജീവിതത്തിന്റെ പാപങ്ങള്‍ ഓര്‍ത്ത് ഉപവാസത്തോടെ ദൈവസന്നിധിയില്‍ നിലവിളിച്ച് അനുതപിച്ച് അത്യുന്നതനായ ദൈവവുമായി നിരപ്പു പ്രാപിച്ച് പുതിയ സൃഷ്ടികളായിത്തീരുവാന്‍ ദൈവം കല്പിക്കുന്നു. 

                 ദൈവത്തിന്റെ പൈതലേ! അനേക ഉപവാസങ്ങള്‍ അനുഷ്ഠിച്ചിട്ടും നീ ഇന്നും ഒന്നാം യിസ്രായേലിനെപ്പോലെ കഷ്ടങ്ങളുടെയും നഷ്ടങ്ങളുടെയും ദാരിദ്ര്യത്തിന്റെയും നടുവില്‍ ഉഴലുകയാണോ? നിന്റെ ജീവിതത്തിലെ പാപങ്ങളെക്കുറിച്ച് അനുതപിച്ച് അവയെ ഉപേക്ഷിച്ച് ഒരു പുതിയ സൃഷ്ടിയായി ജീവിതമാരംഭിക്കുവാന്‍ കഴിയുന്നില്ലെങ്കില്‍ നിന്റെ ഉപവാസത്തിന് ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ കഴിയുകയില്ലെന്ന് നീ മനസ്സിലാക്കുമോ? നീ ഒരു പുതിയ സൃഷ്ടിയായിത്തീരുമ്പോള്‍ നിന്റെ നഷ്ടപ്പെട്ട കാലങ്ങള്‍ ദൈവം നിനക്ക് മടക്കിത്തരുമെന്ന് നീ ഓര്‍ക്കുമോ? 

ഉണരുവിന്‍ ഉണരുവിന്‍ കാഹളങ്ങള്‍ ഊതിവേഗം

ഉപവാസം പ്രഖ്യാപിക്കുവിന്‍

ഒരു ഉപവാസം പ്രഖ്യാപിക്കുവിന്‍

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com