അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

ദൈവത്തെ മാത്രം വിശ്വസിച്ചു ഇറങ്ങിത്തിരിക്കുന്നവരുടെ, പരീക്ഷകളുടെയും പ്രതിസന്ധികളുടെയും താഴ്‌വാരങ്ങളിലൂടെയുള്ള യാത്ര, മാസങ്ങളും വര്‍ഷങ്ങളുമായി നീണ്ടുപോകുമ്പോള്‍ അവയില്‍നിന്നും വിമോചനം നേടുവാന്‍, ചിലരെങ്കിലും തങ്ങളുടെ ദുര്‍ബ്ബലനിമിഷങ്ങളില്‍ മനുഷ്യരെ ആശ്രയിച്ചു പോകാറുണ്ട്. തന്റെ ബാല്യത്തില്‍ ദൈവം നല്‍കിയ ദര്‍ശനങ്ങള്‍ മാതാപിതാക്കന്മാരെയും സഹോദരങ്ങളെയും അറിയിച്ചതുകൊണ്ട് യോസേഫിനോട് സഹോദരങ്ങള്‍ക്കെല്ലാം അസൂയ വര്‍ദ്ധിച്ച് അവനെ അവര്‍ അടിമയായി വിറ്റു. അവനെ വിലയ്ക്കു വാങ്ങിയ പോത്തീഫറിന്റെ ഭാര്യ നിരന്തരമായി നിര്‍ബ്ബന്ധിച്ചിട്ടും അവളോടുകൂടി ശയിക്കുവാനോ, ഇരിക്കുവാനോ അവന്‍ കൂട്ടാക്കിയില്ല. തന്റെ യജമാനനോടുള്ള വിശ്വസ്തതയും ദൈവത്തിലുള്ള ഭക്തിയും യോസേഫിന് സമ്മാനിച്ചത് സുദീര്‍ഘമായ കാരാഗൃഹവാസമായിരുന്നു. അതു തന്റെ യൗവനത്തെ കാര്‍ന്നുതിന്നുകൊണ്ട് മാസങ്ങളും വര്‍ഷങ്ങളും പിന്തള്ളിയ അവസ്ഥയിലാണ് തന്നോടൊപ്പം തടവില്‍ കഴിഞ്ഞിരുന്ന, മിസ്രയീംരാജാവിന്റെ പാനപാത്രവാഹകന്റെയും അപ്പക്കാരന്റെയും സ്വപ്‌നങ്ങളുടെ അര്‍ത്ഥം യോസേഫ് അവര്‍ക്ക് വിശദീകരിച്ചു കൊടുത്തത്. പാനപാത്രവാഹകനോട് അവന്‍ യഥാസ്ഥാനപ്പെടുമ്പോള്‍ ''എന്നെ ഓര്‍ത്ത് എന്നോടു ദയ കാണിക്കണമേ; എന്റെ കാര്യങ്ങള്‍ ഫറവോനോടു പറഞ്ഞ് എന്നെ ഈ കാരാഗൃഹത്തില്‍നിന്നു വിടുവിക്കണമേ'' (ഉല്‍പത്തി 40 : 14) എന്ന് യോസേഫ് അപേക്ഷിച്ചു. പക്ഷേ പാനപാത്രവാഹകന്‍ യോസേഫിനെ മറന്നുകളഞ്ഞുവെങ്കിലും അവനെ മറക്കാത്ത ദൈവം, ഫറവോനു നല്‍കിയ സ്വപ്‌നത്തിന്റെ വ്യാഖ്യാനത്തിലൂടെ യോസേഫിനെ കാരാഗൃഹത്തില്‍നിന്ന് മിസ്രയീമിന്റെ മേലധികാരിയായി ഫറവോന്റെ കൊട്ടാരത്തിലെത്തിച്ചു.
ദൈവത്തിന്റെ പൈതലേ! ദൈവം നല്‍കിയിരിക്കുന്ന പരീക്ഷകളിലൂടെ കടന്നുപോകുന്ന നീ അവയില്‍നിന്നു വിമോചനം നേടുവാന്‍ മനുഷ്യരെ ആശ്രയിക്കാറുണ്ടോ? അവര്‍ നിന്നെ മറന്നേക്കാം! എന്നാല്‍ തക്ക സമയത്ത് നിന്നെ ഓര്‍ത്തു നിന്റെ പരീക്ഷയെ അനുഗ്രഹമാക്കി മാറ്റുന്ന യോസേഫിന്റെ ദൈവമാണ് നിന്റെ ദൈവമെന്ന് നീ ഓര്‍ക്കുമോ? ഈ സമയത്ത് നിന്റെ ദൈവത്തെ നീ ഒന്നുകൂടി മുറുകെ പിടിക്കുമോ?
ആരെന്നെ മറന്നാലും എല്ലാവരും പിന്മാറിയാലും
എന്നെ മറക്കാത്ത എന്നെ ഓര്‍ത്തീടും
യേശു എന്‍ കൂടെയുണ്ട്. യേശു എന്നെ...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com