അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

മനുഷ്യന്റെ നാവില്‍നിന്നു പുറപ്പെടുന്ന ഓരോ വാക്കും സര്‍വ്വവ്യാപിയും സര്‍വ്വലോക സൃഷ്ടിതാവുമായ ദൈവം ശ്രദ്ധവച്ചു കേള്‍ക്കുന്നു എന്ന് നാം ഓര്‍ക്കാറില്ല. ഭൂമിയിലെ രാജാക്കന്മാരുടെയും ജേതാക്കന്മാരുടെയും പരിശുദ്ധാത്മാവിനെ രുചിച്ചറിയുന്നവരുടെയും ദൈവത്തിന്റെ അധികാരം പേറുന്നവരുടെയും സാമാന്യ ജനത്തിന്റെയുമെല്ലാം വാക്കുകള്‍ അത്യുന്നതനായ ദൈവം ശ്രദ്ധിക്കുകയും പ്രതികരിക്കുകയും ചെയ്തിട്ടുള്ള അനേക സംഭവങ്ങള്‍ തിരുവചനം ചൂണ്ടിക്കാട്ടുന്നു. പരിശുദ്ധാത്മാവില്‍ നിറഞ്ഞവരെന്ന് സ്വയം പ്രഖ്യാപിച്ചുകൊണ്ട് തങ്ങളുടെ ആദര്‍ശങ്ങളുമായി യോജിക്കാത്ത ദൈവത്തിന്റെ ശുശ്രൂഷകളെയും ദൈവത്തിന്റെ ദാസന്മാരെയും താറടിച്ചു സംസാരിക്കുകയും തരംതാഴ്ത്തുന്ന കിംവദന്തികളാല്‍ വെട്ടിനിരത്തുവാന്‍ ശ്രമിക്കുകയും ചെയ്യുന്ന ''ദൈവമക്കളെ''പ്പോലും ദൈവം കഠിനമായി ശിക്ഷിക്കുമെന്ന് പ്രവാചികയായ മിര്യാമിന്റെ അനുഭവം നമ്മെ പഠിപ്പിക്കുന്നു. ദൈവം മുഖാമുഖമായി സംസാരിച്ചുകൊണ്ടിരുന്ന തന്റെ ദാസനായ മോശെ ഒരു കൂശ്യസ്ത്രീയെ വിവാഹം ചെയ്തതിനെ വിമര്‍ശിച്ച് അവന്റെ സഹോദരിയും പ്രവാചികയായ മിര്യാമും സഹോദരനും ദൈവത്തിന്റെ മഹാപുരോഹിതനുമായ അഹരോനും സംസാരിച്ചത് മോശെ കേട്ടില്ലായിരുന്നു. പക്ഷേ യഹോവ അതു കേട്ടു. ഉടന്‍ അവരെ മൂവരെയും സമാഗമനകൂടാരത്തിങ്കല്‍ വിളിച്ചുവരുത്തി മിര്യാമിനോടും അഹരോനോടും ചോദിക്കുന്നത് ''നിങ്ങള്‍ എന്റെ ദാസനായ മോശെയ്‌ക്കെതിരായി സംസാരിക്കുവാന്‍ ഭയപ്പെടാതിരുന്നത് എന്ത്?'' (സംഖ്യാ. 12 : 8) എന്നാണ്. അവരുടെമേല്‍ ദൈവത്തിന്റെ കോപം ജ്വലിച്ചു. മോശെയുടെ സഹോദരി ആയിരുന്നിട്ടും അവനെതിരേ സംസാരിച്ച, പരിശുദ്ധാത്മാവില്‍ പ്രശോഭിച്ചിരുന്ന പ്രവാചികയായ മിര്യാമിനെ യഹോവ കുഷ്ഠരോഗംകൊണ്ട് ശിക്ഷിച്ചു.
ദൈവത്തിന്റെ പൈതലേ! ദൈവം നിനക്ക് ചില ആത്മിക പദവികളോ കൃപകളോ നല്‍കിയിരിക്കുന്നതുകൊണ്ട് ദൈവവിളി കേട്ടിറങ്ങിത്തിരിച്ച് ദൈവത്തിന്റെ വ്യത്യസ്തങ്ങളായ ശുശ്രൂഷകള്‍ ചെയ്യുന്ന ദൈവദാസന്മാരെ നീ വിമര്‍ശിക്കാറുണ്ടോ? ദൈവത്തിന്റെ ശുശ്രൂഷകളെ നീ നിന്ദിക്കാറുണ്ടോ? ദൈവത്തിന്റെ പ്രവാചികയായ മിര്യാം തന്റെ സ്വന്തം സഹോദരനെതിരേ നാവുയര്‍ത്തിയപ്പോള്‍ ലഭിച്ചത് കുഷ്ഠമാണെന്ന് നീ ഓര്‍ക്കുമോ? ഇനിമേല്‍ ദൈവത്തിന്റെ ശുശ്രൂഷകളെയോ ശുശ്രൂഷക്കാരെയോ വിമര്‍ശിക്കുകയില്ലെന്ന് നീ ഇപ്പോള്‍ തീരുമാനിക്കുമോ?
എല്ലാവരും വെറുത്തിടുമ്പോള്‍ ഏകനായ് തീര്‍ന്നിടുമ്പോള്‍
യേശുവെന്‍ കൂട്ടാളിയായ് എന്നുമെന്നെ കാത്തിടും നന്മ മാത്രം...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com