അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 188 ദിവസം

ആപത്തുകളും അനര്‍ത്ഥങ്ങളും അപകടങ്ങളും പതിയിരിക്കുന്ന അനുദിന ജീവിതത്തില്‍ ദൈവത്തെ മാത്രം ആശ്രയമാക്കിയിരിക്കുന്ന ഒരു ദൈവപൈതല്‍ മുമ്പോട്ടു പോകുന്നത് അത്യുന്നതനായ ദൈവം അവനെ കാത്തുരക്ഷിക്കുമെന്നുള്ള അചഞ്ചല വിശ്വാസം ഒന്നുകൊണ്ടു മാത്രമാണ്. ജീവന്റെ ഉടയവനായ സര്‍വ്വശക്തനായ ദൈവത്തില്‍ സ്വയം സമര്‍പ്പിച്ച് അവനായി ജീവിക്കുന്ന ഏവരെയും ദുരിതങ്ങളുടെ മദ്ധ്യേയും, ശത്രുക്കളുടെ ക്രോധത്തിന്റെ നടുവിലും കാത്തു രക്ഷിക്കുന്നുവെന്ന് ദാവീദ് തന്റെ അനുഭവത്തിലൂടെ വിവരിച്ച് ദൈവത്തെ സ്‌തോത്രം ചെയ്ത് മഹത്ത്വപ്പെടുത്തുന്നു. ദാവീദിന് തന്റെ ബാല്യംമുതല്‍ അനേകദുരിതങ്ങളിലൂടെ സഞ്ചരിക്കേണ്ടിവന്നു. ഇടയച്ചെറുക്കനായിരിക്കുമ്പോള്‍ സിംഹത്തിനെയും കരടിയെയും മല്ലനായ ഗൊല്യാത്തിനെയും അവന് നേരിടേണ്ടിവന്നുവെങ്കിലും അവിടെയൊക്കെയും അവന്റെ ജീവനെ ദൈവം കാത്തുരക്ഷിച്ചു. ശൗല്‍ തന്റെ ക്രോധത്തില്‍ ദാവീദിനെ കൊന്നൊടുക്കുവാന്‍ ശ്രമിച്ചപ്പോഴൊക്കെയും, അവന്‍ ആശ്രയംവച്ചിരുന്ന അവന്റെ ജീവിതത്തിന്റെ എല്ലാമെല്ലാമായ സര്‍വ്വശക്തനായ ദൈവം തന്റെ വലങ്കൈയാല്‍ അവനെ രക്ഷിച്ചു എന്ന് ദാവീദ് സാക്ഷിക്കുന്നു. ഇരുപത്തിയൊന്നു പ്രാവശ്യം തന്നെ കൊല്ലുവാന്‍ ശ്രമിച്ച ശൗലില്‍നിന്നും ഫെലിസ്ത്യ ആക്രമണങ്ങളില്‍നിന്നും തന്റെ ഓമനപ്പുത്രനായ അബ്ശാലോമിന്റെ കരങ്ങളില്‍നിന്നും മറ്റു ശത്രുക്കളുടെ ആക്രമണങ്ങളില്‍നിന്നുമൊക്കെയും തന്നെ രക്ഷിച്ച ദൈവത്തെ ദാവീദ് സദാ സ്‌തോത്രം ചെയ്യുകയും കീര്‍ത്തിക്കുകയും ചെയ്യുന്നത് ആത്മീയ ജീവിതത്തില്‍ നമ്മുടെ മാതൃകയാക്കണം. തന്റെ അമ്മയുടെ ഉദരംമുതല്‍ തന്നെ കാത്തുപരിപാലിച്ച ദൈവത്തിന്റെ വലങ്കൈ തന്റെ കഷ്ടതകളില്‍നിന്ന് രക്ഷിക്കുമെന്നുള്ള ദാവീദിന്റെ അചഞ്ചല വിശ്വാസം അവന്റെ വിജയമായിരുന്നു. 

                ദൈവത്തിന്റെ പൈതലേ! ജീവിത യാത്രയില്‍ ദുര്‍ഘടങ്ങളെയും ദുരിതങ്ങളെയും നേരിടുമ്പോള്‍ നീ നിരാശപ്പെടാറുണ്ടോ? ശത്രുക്കള്‍ നിന്റെ ജീവനുവേണ്ടി കെണികള്‍ ഒരുക്കി കാത്തിരിക്കുമ്പോള്‍ നീ ഭീരുവായിത്തീര്‍ന്നിട്ടുണ്ടോ? എങ്കില്‍ ഈ സമയത്ത് നിന്നെത്തന്നെ ദൈവസന്നിധിയില്‍ സമര്‍പ്പിക്കുമോ? അവന്‍ നിന്റെ ജീവനെ രക്ഷിക്കുവാന്‍ മതിയായവനാണ്. തന്റെ വലങ്കരത്താല്‍ തന്റെ ഭക്തന്മാരുടെ ജീവനെ അവന്‍ രക്ഷിക്കുന്നു. ദാവീദിനോടൊപ്പം പൂര്‍ണ്ണഹൃദത്തോടെ അവനെ സ്‌തോത്രം ചെയ്യാം. സ്‌തോത്രം.... സ്‌തോത്രം... 

വരുമവന്‍ തരുമവന്‍ വന്‍കൃപകള്‍

വലംകരം പിടിച്ചെന്നെ നടത്തിടുന്നു                  ഏകനല്ല...

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com