അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

ഇന്നലത്തെക്കാളധികമായി ഇന്നു സമ്പാദിക്കുവാനുള്ള നാളെകള്‍ സമ്പന്നമാക്കുവാനുള്ള ആവേശത്തോടെ മനുഷ്യന്‍ പ്രയത്‌നിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ അതുവരെയും അവന് ദൈവം നല്‍കിയ സമ്പാദ്യങ്ങളില്‍നിന്നു ദൈവത്തിനായി എന്തു കൊടുത്തിട്ടുണ്ടെന്ന് അവന്‍ ചിന്തിക്കാറില്ല. പ്രതീക്ഷകള്‍ക്കു വിരുദ്ധമായി സമ്പാദ്യങ്ങള്‍ ശുഷ്‌കമാകുമ്പോഴും നഷ്ടങ്ങളുടെ നടുവിലും, അവരുടെ ഉപജീവനത്തിനുള്ള തുച്ഛമായതിനെപ്പോലും താന്‍ ഊതിക്കളയുവാനുള്ള കാരണമെന്തെന്ന് യഹോവയാം ദൈവം തന്റെ ജനത്തോടു ചോദിക്കുന്നു. ''എന്റെ ആലയം ശൂന്യമായിക്കിടക്കുകയും നിങ്ങള്‍ ഓരോരുത്തനും താന്താന്റെ വീട്ടിലേക്ക് ഓടുകയും ചെയ്യുന്നതുകൊണ്ടുതന്നെ'' (ഹഗ്ഗായി 1 : 9) എന്ന് ചോദിക്കുന്ന ദൈവംതന്നെ അതിനു മറുപടിയും നല്‍കുന്നു. ബാബിലോണിയന്‍പ്രവാസത്തില്‍നിന്ന് യെരൂശലേമില്‍ തിരിച്ചെത്തിയ യിസ്രായേല്‍മക്കള്‍, തങ്ങളെ വിടുവിച്ച സര്‍വ്വശക്തനായ ദൈവത്തിനു യാഗപീഠം പണിത് യാഗമര്‍പ്പിക്കുകയും പുതിയൊരു ദൈവാലയത്തിന് അടിസ്ഥാനമിടുകയും ചെയ്തു. തുടര്‍ന്ന് അതിന്മേല്‍ പണികളൊന്നും ചെയ്യാതെ അവര്‍ പോയി തങ്ങള്‍ക്കായി നല്ല ഭവനങ്ങള്‍ നിര്‍മ്മിച്ച് സമ്പാദ്യങ്ങള്‍ സ്വരൂപിക്കുവാന്‍ രാപ്പകലില്ലാതെ അദ്ധ്വാനിച്ചു. വര്‍ഷങ്ങള്‍ കടന്നുപോയപ്പോള്‍ ദൈവത്തിന്റെ കോപം അവരുടെമേല്‍ ജ്വലിച്ചു. തന്നെ മറന്നുകൊണ്ടുള്ള അവരുടെ അദ്ധ്വാനങ്ങളൊക്കെയും അവന്‍ ശുഷ്‌കമാക്കിക്കളഞ്ഞു. അവരുടെ നഷ്ടങ്ങളില്‍നിന്നും കഷ്ടങ്ങളില്‍നിന്നും കരകയറ്റുവാന്‍ താന്‍ അവരുടെമേല്‍ അനുഗ്രഹങ്ങള്‍ ചൊരിയേണ്ടതിന്, അവര്‍ മലയില്‍ ചെന്ന് മരം കൊണ്ടുവന്ന് തനിക്കുവേണ്ടി ആലയം പണിയുവാന്‍ യഹോവയാം ദൈവം അവരോടു ബുദ്ധിയുപദേശിക്കുന്നു (ഹഗ്ഗായി 1 : 7).
സഹോദരാ! സഹോദരീ! സമ്പാദ്യങ്ങള്‍ സ്വരൂപിക്കുവാനുള്ള നിന്റെ പരക്കം പാച്ചിലില്‍ ദൈവത്തിനുവേണ്ടി കരുതുവാന്‍ നീ മറന്നിട്ടുണ്ടോ? നിനക്കു സര്‍വ്വവും നല്‍കുന്ന ദൈവത്തിനുവേണ്ടി ഒന്നും കൊടുക്കാതെ നീ അത്യാര്‍ത്തിയോടെ സമ്പാദിക്കുന്നതൊക്കെയും, കൂലിവേലക്കാരന്‍ ഓട്ടസഞ്ചിയില്‍ കൂലി വാങ്ങുന്നതുപോലെ മാത്രമാണെന്ന് നീ മനസ്സിലാക്കുമോ? അതുകൊണ്ട് ദൈവത്തിനു വേണ്ടി, ദൈവത്തിന്റെ വേലയ്ക്കുവേണ്ടി നീ എന്തു ചെയ്തിട്ടുണ്ടെന്ന് ഈ സമയത്ത് പരിശോധിക്കുമോ?
നിന്‍ വേലയില്‍ യേശുവേ ഞാന്‍ വീണുപോയ്
എന്നു ഞാന്‍ സമ്മതിച്ചീടുന്നേന്‍...
യേശുവേ.. എന്നേശുവേ.. ചേര്‍ക്കനിന്‍ മാര്‍വ്വിങ്കല്‍
ഏഴയിന്‍ പാപമോര്‍ക്കാതെ നീ ഞാന്‍ വരുന്നേശുവേ...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com