അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 186 ദിവസം

മഹാകാരുണ്യവാനായ ദൈവത്തിന്റെ വഴിയില്‍ ജീവിതം ആരംഭിക്കുമ്പോള്‍മുതല്‍ നേരിടേണ്ടിവരുന്ന പരീക്ഷണങ്ങളും പരിശോധനകളുമെല്ലാം തന്റെ വേലയില്‍ നമ്മെ ശ്രേഷ്ഠന്മാരാക്കുവാനുള്ള ദൈവത്തിന്റെ അഭ്യസനങ്ങളായിരുന്നുവെന്ന് കാലങ്ങള്‍ കഴിയുമ്പോള്‍ മാത്രമേ നമുക്കു മനസ്സിലാക്കുവാന്‍ കഴിയുകയുള്ളു എന്ന് ദൈവപുരുഷനായ മോശെ തന്റെ മരണത്തിനുമുമ്പ് യിസ്രായേല്‍മക്കള്‍ക്കു ചൊല്ലിക്കൊടുത്ത പാട്ടില്‍ വ്യക്തമാക്കുന്നു. നാലു നൂറ്റാണ്ടിലേറെയുള്ള മിസ്രയീമ്യ അടിമത്തത്തില്‍നിന്ന് യിസ്രായേല്‍മക്കളെ വിമോചിപ്പിച്ച് അവരെ കനാനിലേക്ക് നടത്തുന്ന ദൈവം, കഴുകന്‍ തന്റെ കൂട് അനക്കി കുഞ്ഞുങ്ങള്‍ക്കുമീതേ പറക്കുന്നതുപോലെ ചിറകു വിരിച്ച് അതിന്മേല്‍ അവരെ വഹിച്ചുവെന്ന്, നാലു പതിറ്റാണ്ടു കാലം അവരെ നയിച്ച മോശെ പാടുന്നു. വളരെ ഉയരത്തില്‍ കൂടുവയ്ക്കാറുള്ള കഴുകന്‍ തന്റെ കുഞ്ഞുങ്ങളെ പറക്കുവാന്‍ പഠിപ്പിക്കുന്നതിനായി കൂട് അനക്കി അവയെ താഴേക്ക് തള്ളിയിടുന്നു. താഴേക്ക് കുത്തനെ വീഴുന്ന കഴുകന്റെ കുഞ്ഞുങ്ങള്‍ മരണഭയത്താല്‍ തങ്ങളുടെ കൊച്ചു ചിറകുകള്‍ വിടര്‍ത്തി ചലിപ്പിക്കുവാന്‍ തുടങ്ങുമ്പോള്‍ താഴേക്കു വീഴാതെ അവ അന്തരീക്ഷത്തില്‍ത്തന്നെ നിലനിന്ന് സമനില വീണ്ടെടുത്തുകൊണ്ട് പറക്കുവാന്‍ പഠിക്കുന്നു. പ്രാണഭയത്താല്‍ ചിറകടിച്ചു തളര്‍ന്ന തന്റെ കുഞ്ഞുങ്ങള്‍ ക്ഷീണിച്ച് ഭൂമിയിലേക്ക് വീഴുമെന്നു തോന്നുമ്പോള്‍ കഴുകന്‍ വേഗത്തില്‍ ചിറകു വിരിച്ച്, ചിറകിന്മേല്‍ അവയെ വഹിച്ച് ഉയരത്തിലുള്ള തന്റെ കൂടിനുള്ളിലെത്തിക്കുന്നു. അങ്ങനെ കഴുകന്‍ തന്റെ കുഞ്ഞുങ്ങളെ പറക്കുവാന്‍ അഭ്യസിപ്പിക്കുന്നതുപോലെയാണ് അത്യുന്നതനായ ദൈവം തന്റെ ജനമായ യിസ്രായേല്‍മക്കളെ പലവിധമായ കഷ്ടങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും കടത്തിവിട്ടതെന്ന് മോശെ പാടുന്നു. 

               ദൈവത്തിന്റെ പൈതലേ! കഠിനമായ ശോധനകളിലൂടെയും വേദനകളിലൂടെയും ദൈവം നിന്നെ കടത്തിവിടുമ്പോള്‍ നീ നിരാശപ്പെടാറുണ്ടോ? അവന്‍ നിന്നെ പറക്കശീലം പഠിപ്പിക്കുകയാണെന്നും, കൈകള്‍ കുഴയുമ്പോള്‍ തന്റെ ചിറകിന്മേല്‍ വഹിക്കുവാനായി അവന്‍ നിന്റെ ചാരത്തുണ്ടെന്നും നീ മനസ്സിലാക്കുമോ? അങ്ങനെ തന്റെ ചിറകിന്മേല്‍ വഹിക്കുന്ന കര്‍ത്താവിനെ കണ്ടെത്തുവാന്‍ ഈ സമയത്ത് നിനക്കു കഴിയുമോ? 

യേശു എന്നെ അനുദിനം നടത്തിടുന്നു

നാള്‍തോറും തന്‍ കരങ്ങള്‍ പോറ്റിടുന്നു

കാറ്റിലും കൊടുങ്കാറ്റിലും

കോട്ടയായെന്നെ കാത്തിടുന്നു

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com