അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

ദൈവത്തിന്റെ പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്നവരെന്ന് അവകാശപ്പെടുന്നവരും, ഭൂമിയില്‍ ദൈവത്തിന്റെ അജപാലകന്മാരെന്ന് അഭിമാനിക്കുന്നവരും, ദൈവത്തിനുവേണ്ടി വിവിധ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുമായ സഹോദരങ്ങള്‍, തങ്ങള്‍ ദൈവത്തെയാണ് പ്രതിനിധീകരിക്കുന്നതെന്നും തങ്ങളുടെ നാവിന്‍തുമ്പില്‍ നിന്നുയരുന്ന ഓരോ വാക്കും ദൈവസ്വഭാവത്തിന് അനുരൂപമായിരിക്കണമെന്നുള്ളതും ഓര്‍ക്കാറില്ല. ദൈവത്തെ അറിഞ്ഞ്, അത്യുന്നതനായവനെ ഭയപ്പെട്ട്, അവന്റെ പരിശുദ്ധാത്മാവില്‍ നിറഞ്ഞ്, അവനായി പ്രവര്‍ത്തിക്കുന്ന ഓരോരുത്തരും 'ഉവ്വ് ' എന്നുച്ചരിക്കുമ്പോള്‍ അഥവാ വാക്കും, വാഗ്ദാനങ്ങളും നല്‍കുമ്പോള്‍, അവയെ എന്തു വില കൊടുത്തും പാലിക്കുവാന്‍ കടപ്പെട്ടിരിക്കുന്നു എന്ന് കര്‍ത്താവ് ചൂണ്ടിക്കാണിക്കുന്നു. എന്തെന്നാല്‍ അവര്‍ വാക്കുമാറാത്ത, വാഗ്ദത്തത്തില്‍ വിശ്വസ്തനായ ദൈവത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഈ പ്രപഞ്ചത്തിന്റെ ഉല്‍പത്തിമുതല്‍ മനുഷ്യരോടുള്ള തന്റെ വാഗ്ദത്തങ്ങള്‍ മാറ്റമില്ലാതെ പൂര്‍ണ്ണമായി പാലിക്കുന്ന സര്‍വ്വശക്തനായ ദൈവത്തിന്, തന്റെ ജനം 'ഉവ്വ് ' എന്നു പറഞ്ഞാല്‍ ആ വാക്കു പാലിക്കണമെന്ന് നിര്‍ബ്ബന്ധമുണ്ട്. പ്രലോഭനങ്ങളുടെ മുമ്പില്‍, സ്ഥാനമാനങ്ങള്‍ നിലനിര്‍ത്തുവാനും ഭൂരിപക്ഷത്തിന്റെ പിന്തുണ നേടിയെടുക്കുവാനും, 'ഉവ്വ് ' എന്ന വാക്കു പറഞ്ഞവര്‍ക്ക് അത് പാലിക്കുവാന്‍ കഴിയാതെ, തങ്ങളുടെ പ്രവൃത്തി 'ഇല്ല' എന്ന പദത്തില്‍ കലാശിക്കുമ്പോള്‍ അങ്ങനെയുള്ളവര്‍ ആത്മീയ മണ്ഡലങ്ങളില്‍ എത്ര ഉന്നതന്മാരായിരുന്നാലും അവര്‍ക്ക് ദൈവത്തിന്റെ സന്നിധിയില്‍ ഒരു പ്രാഗത്ഭ്യവുമില്ല. എന്തെന്നാല്‍ ദുഷ്ടന് ദൈവരാജ്യത്ത് പ്രവേശനമില്ല. അതുകൊണ്ട് അത് ദുഷ്ടനില്‍നിന്നു വരുന്നു എന്ന് കര്‍ത്താവ് വ്യക്തമാക്കുന്നു. ദൈവത്തിന്റെ വചനം വിശ്വസിച്ച് ദൈവഭക്തിയില്‍ ജീവിക്കുന്നവരുടെ വാക്ക് വിശ്വാസയോഗ്യമാകണം അഥവാ 'ഉവ്വ്, ഉവ്വ് ' എന്നും 'ഇല്ല, ഇല്ല' എന്നും ആയിരിക്കണം.
ദൈവത്തിന്റ പൈതലേ! ദൈവത്തിന്റെ പരിശുദ്ധാത്മാവ് പ്രാപിച്ചു ജീവിക്കുന്നുവെന്നും, ദൈവത്തിന്റെ അധികാരം പേറുന്നുവെന്നുമൊക്കെ അഭിമാനിക്കുന്ന നിനക്ക്, നിന്റെ വാക്കുകള്‍ അഥവാ വാഗ്ദത്തങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ? താല്ക്കാലിക നിലനില്പിനുവേണ്ടിയും കാര്യലാഭങ്ങള്‍ക്കുവേണ്ടിയും 'ഉവ്വ് ' എന്നു പറയുന്ന നിന്റെ വാക്ക് പ്രവൃത്തി പഥത്തില്‍ 'ഇല്ല ' എന്നാകുന്നുവെങ്കില്‍ സാത്താന്‍ നിന്നെ കീഴടക്കിയെന്ന് നീ മനസ്സിലാക്കുമോ?
വാഗ്ദത്തത്തില്‍ വിശ്വസ്തന്‍
വാക്കു മാറാത്തവന്‍
പതിനായിരങ്ങളില്‍ സുന്ദരന്‍
രാജാധിരാജനവന്‍ വീരനാം ദൈവം...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com