അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

ആധുനിക മനുഷ്യന്‍ അവന്റെ ആവശ്യങ്ങളെല്ലാം അതിവേഗം ലഭ്യമാകുവാന്‍ ആവേശത്തോടെ പ്രയത്‌നിക്കുന്നു. എവിടെയും, എന്തിനും, സമയലാഭത്തിനുവേണ്ടി നൂതന സംവിധാനങ്ങള്‍ തേടി പരക്കം പായുന്ന മനുഷ്യന് ഒന്നിനുവേണ്ടിയും കാത്തിരിക്കുവാനുള്ള ക്ഷമയില്ലാതായിത്തീര്‍ന്നിരിക്കുന്നു. ഈ അക്ഷമയുടെ മൂര്‍ദ്ധന്യാവസ്ഥയിലാണ് നാം പലപ്പോഴും അനുഗ്രഹങ്ങള്‍ തേടി ദൈവത്തിന്റെ സന്നിധിയിലെത്തുന്നത്. തിരക്കേറിയ ജീവിതചര്യയില്‍ നമുക്ക് സമയം കണ്ടെത്തുവാന്‍ കഴിയാത്തത് പ്രാര്‍ത്ഥനയ്ക്കു മാത്രമാണ്. ദൈവത്തിന്റെ വേലയില്‍ ആയിരിക്കുന്ന അനേക സഹോദരങ്ങള്‍ക്കുപോലും ദൈവത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുടെ തിരക്കില്‍ പ്രാര്‍ത്ഥിക്കുവാനായി സമയം കണ്ടെത്തുവാന്‍ കഴിയുന്നില്ല. ജീവിതത്തിന്റെ വൈതരണികളെ വിജയകരമായി ദാവീദിന് തരണം ചെയ്യുവാന്‍ കഴിഞ്ഞത് അവന്‍ അനുദിനം സമയഭേദമെന്യേ ദൈവത്തെ അന്വേഷിക്കുന്നവന്‍ ആയിരുന്നതുകൊണ്ടാണ് (സങ്കീര്‍ത്തനങ്ങള്‍ 63 : 1). യഹോവയെ അന്വേഷിക്കുന്ന തന്റെ ഭക്തന്മാരൊക്കെയും യഹോവയുടെ സന്നിധിയില്‍ പ്രാര്‍ത്ഥനയാല്‍ സ്വയം സമര്‍പ്പിക്കുന്നവരാണ്. ആ ധന്യനിമിഷങ്ങളില്‍ അത്യുന്നതനായ ദൈവത്തിന്റെ സന്നിധിയില്‍നിന്ന് അവര്‍ പ്രാപിക്കുന്ന പരിശുദ്ധാത്മശക്തിയാല്‍ ജീവിതത്തിലെ പ്രയാസപ്രതിസന്ധികളെ ദൈവകൃപയാല്‍ തരണം ചെയ്യുവാന്‍ അവര്‍ക്കു കഴിയുന്നു. രാത്രിയില്‍ ഉറങ്ങുന്നതിനുമുമ്പും അവര്‍ യഹോവയെ അന്വേഷിക്കുകയും അവന്റെ കരങ്ങളില്‍ സമര്‍പ്പിച്ചുറങ്ങുകയും ചെയ്യുന്നു. യഹോവ അവര്‍ക്ക് നല്ലവനാണ്. അതേ! തന്നെ അന്വേഷിക്കുന്നവര്‍ക്ക് യഹോവ നല്ലവന്‍തന്നെ!
സഹോദരാ! സഹോദരീ! പ്രതിദിനം ദൈവം നിനക്കു തന്നിരിക്കുന്ന 1440 നിമിഷങ്ങളില്‍ യഹോവയെ കാത്തിരിക്കുവാനും അവനെ അന്വേഷിക്കുവാനും എത്ര നിമിഷങ്ങള്‍ ചെലവഴിക്കുന്നുണ്ട്? നീ അതിന്റെ കണക്കു പറയുമ്പോള്‍ പത്രപാരായണത്തിനും നിന്റെ ദിനചര്യകള്‍ക്കും, റേഡിയോ - ടെലിവിഷന്‍ പരിപാടികള്‍ മുതലായവയ്ക്കും ചെലവഴിക്കുന്ന സമയംകൂടി കണക്കിലെടുക്കുവാന്‍ ഓര്‍ക്കുമോ? യഹോവയ്ക്കുവേണ്ടി കാത്തിരിക്കുവാനും അവനെ അന്വേഷിക്കുവാനും അതിന്റെ ഒരംശം സമയമെങ്കിലും ചെലവഴിക്കുവാന്‍ നിനക്കു കഴിയുമോ? അങ്ങനെയുള്ളവര്‍ക്ക് യഹോവ നല്ലവനെന്ന് നീ ഓര്‍ക്കുമോ?
യേശു നല്ലവന്‍ എന്നു രുചിച്ചറിവിന്‍
യേശു നല്ലവന്‍ യേശു വല്ലഭന്‍
യേശു എനിക്കെന്നും മതിയായവന്‍
എന്നേശു എനിക്കെന്നും മതിയായവന്‍
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com