അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അത്യാപത്തുകളും അനര്‍ത്ഥങ്ങളും വ്യക്തികളെയും കുടുംബങ്ങളെയും ഛേദിച്ചുകളയുമ്പോള്‍, ഭൂമിയില്‍നിന്നു മാറ്റിക്കളയുമ്പോള്‍, അതില്‍നിന്നു പാഠങ്ങള്‍ പഠിക്കുവാന്‍ പലപ്പോഴും നാം കൂട്ടാക്കാറില്ല. യിസ്രായേലിന്റെ ഒന്നാമത്തെ രാജാവായി ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട ശൗലിന്റെയും അവന്റെ ഭവനത്തിന്റെയും ഉന്മൂലനാശം ദൈവത്തിന്റെ വിളികേട്ടിറങ്ങിത്തിരിക്കുന്ന ഓരോരുത്തര്‍ക്കും പാഠമാകണം. യിസ്രായേലിന്റെ സിംഹാസനം അവനു നല്‍കുവാന്‍ യഹോവയാം ദൈവം പ്രസാദിച്ചിരിക്കുന്നു എന്നു പ്രവാചകന്‍ അവനെ അറിയിച്ചപ്പോള്‍, എളിമയോടെ, തന്റെ ഗോത്രം യിസ്രായേല്‍ഗോത്രങ്ങളില്‍ ഏറ്റവും ചെറുതാണെന്നും, തന്റെ കുടുംബം ആ ഗോത്രത്തില്‍ ഏറ്റവും ചെറുതാണെന്നും പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ ശൗല്‍ ശ്രമിച്ചു. എന്നാല്‍ അവന്റെ അവസ്ഥയറിഞ്ഞ് അവനെ തിരഞ്ഞെടുത്ത ദൈവം, അവനെ രാജാവായി അഭിഷേകം ചെയ്തു. രാജാവായ ശൗലിനോട് അമാലേക്യരെ ആക്രമിച്ച് അവരെ ഉന്മൂലനാശം ചെയ്യണമെന്ന് യഹോവയാം ദൈവം കല്പിച്ചുവെങ്കിലും അവന്‍ അമാലേക്യരാജാവായ ആഗാഗിനെയും അവന്റെ ആടുമാടുകളെയും ജീവനോടെ കൊണ്ടുവന്നു. ആ അനുസരണക്കേട് അവന്റെ ആത്മീയ വീഴ്ചയുടെ ആരംഭമായിരുന്നു. തുടര്‍ന്നു തനിക്കു പകരം യഹോവയാം ദൈവം അഭിഷേകം ചെയ്ത ദാവീദിനെ കൊല്ലുവാന്‍ ഇരുപത്തിയൊന്നു പ്രാവശ്യം അവന്‍ ശ്രമിച്ചു. മാത്രമല്ല, നോബിലെ യഹോവയാം ദൈവത്തിന്റെ എണ്‍പത്തിയഞ്ച് പുരോഹിതന്മാരെയും അവിടെയുണ്ടായിരുന്ന ആബാലവൃദ്ധം ജനങ്ങളെയും അവന്‍ കൊന്നൊടുക്കി. അവസാനം വെളിച്ചപ്പാടത്തിയുടെ അടുക്കല്‍ ചെന്നെത്തിയ അവന്റെ അന്ത്യം അതിദാരുണമായിരുന്നു! അവന്റെ അകൃത്യങ്ങള്‍ക്ക് അവന്‍ മാത്രമല്ല അവന്റെ മൂന്ന് ആണ്‍മക്കളും ഭവനം മുഴുവനും കൊല്ലപ്പെട്ടു.
സഹോദരാ! സഹോദരീ! ദൈവത്തില്‍നിന്ന് അനുഗ്രഹങ്ങള്‍ പ്രാപിച്ചശേഷം ദൈവത്തെ മറന്നാണ് നീ മുമ്പോട്ടു പോകുന്നതെങ്കില്‍ ദൈവം നിന്നെ മാത്രമല്ല, ആ അനുഗ്രഹങ്ങള്‍ അനുഭവിച്ചു വളര്‍ന്ന നിന്റെ തലമുറയെയും നശിപ്പിച്ചുകളയുമെന്ന് ശൗലിന്റെ അനുഭവത്തില്‍നിന്നു നീ മനസ്സിലാക്കുമോ? നിന്റെ പാപങ്ങള്‍ ക്ഷമിക്കുന്നതിനായി ദാവീദിനെപ്പോലെ ഈ അവസരത്തില്‍ നീ ദൈവത്തോടു കരയുമോ?
പാപി ഞാനേശുവേ എന്‍ പാപങ്ങള്‍
രക്താംബരം പോലെയെന്നാകിലും...
യേശുവേ... എന്നേശുവേ... ചേര്‍ക്കനിന്‍ മാര്‍വ്വിങ്കല്‍
ഏഴയിന്‍ പാപമോര്‍ക്കാതെ നീ ഞാന്‍ വരുന്നേശുവേ...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com