അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 181 ദിവസം

ദൈവത്തിന്റെ വിളികേട്ട് ഇറങ്ങിത്തിരിക്കുന്ന അനേക സഹോദരങ്ങള്‍ ദൈവത്തിനായി പ്രവര്‍ത്തിക്കുകയും ജീവിക്കുകയും ചെയ്യുന്ന തങ്ങള്‍ക്ക് കഷ്ടനഷ്ടങ്ങളും രോഗദു:ഖങ്ങളും വരരുതെന്ന് ആഗ്രഹിക്കുന്നു. സുഖവും സമാധാനവും നല്‍കുന്ന ഒരു പുറംചട്ടയായിട്ടാണ് ഇങ്ങനെയുള്ളവര്‍ ആത്മീകജീവിതത്തെ കാണുന്നത്. പ്രയാസ പ്രതിസന്ധികളുടെ ആഴമേറിയ നദികളെയും ആളിക്കത്തുന്ന തീനാളങ്ങളെയും അഭിമുഖീകരിക്കേണ്ടിവന്നാലും, ആ വെള്ളങ്ങള്‍ക്ക് എന്നെന്നേക്കുമായി അവരെ മുക്കിക്കളയുവാനോ, ആളിക്കത്തുന്ന തീജ്വാലകള്‍ക്ക് അവരെ ദഹിപ്പിച്ചുകളയുവാനോ കഴിയുകയില്ലെന്ന് നിരാലംബരായി നിസ്സഹായതയില്‍ തന്നോടു നിലവിളിക്കുന്ന തന്റെ ജനത്തോടു യഹോവയാം ദൈവം കല്പിക്കുന്നു. ഇത് ദൈവത്തില്‍ മാത്രം ആശ്രയംവയ്ക്കുന്ന ജനത്തോടുള്ള അവന്റെ നിത്യവാഗ്ദത്തമാണ്. ദൈവത്തിന്റെ വിളികേട്ടിറങ്ങിത്തിരിക്കുമ്പോള്‍ കഷ്ടങ്ങളുടെ ആഴക്കയങ്ങളില്‍ക്കൂടി കടന്നുപോകേണ്ടി വന്നേക്കാം! രോഗങ്ങളുടെയും വേദനകളുടെയും വെന്തെരിയുന്ന തീച്ചൂളകളിലേക്കു വലിച്ചെറിയപ്പെട്ടെന്നിരിക്കാം! പക്ഷേ ദൈവം തന്റെ പൈതലിനെ അവയില്‍നിന്നെല്ലാം ഒരു പോറല്‍പോലുമേല്‍ക്കാതെ രക്ഷിക്കുന്നു. അതുകൊണ്ടാണ് സങ്കീര്‍ത്തനക്കാരനായ ദാവീദ് ''നീതിമാന്റെ അനര്‍ത്ഥങ്ങള്‍ അസംഖ്യമാകുന്നു; അവ എല്ലാറ്റില്‍നിന്നും യഹോവ അവനെ വിടുവിക്കുന്നു'' എന്നു പാടുന്നത്. നീണ്ട എഴുപതുവര്‍ഷങ്ങള്‍ ബാബിലോണിലെ ക്രൂരമായ അടിമപ്പണികൊണ്ട് ശരീരമനസ്സുകള്‍ ക്ഷയിച്ച് യെരൂശലേമിലേക്ക് മടങ്ങിപ്പോകാമെന്നുള്ള സ്വപ്‌നങ്ങളെല്ലാം തകര്‍ന്നുടഞ്ഞ തന്റെ ജനത്തിനു നല്‍കിയ ഈ വാഗ്ദത്തം, ദൈവം നിറവേറ്റിയതായി തിരുവചനം പഠിപ്പിക്കുന്നു. 

                   ദൈവത്തിന്റെ പൈതലേ! നിന്റെ മുമ്പിലുള്ള വെള്ളങ്ങളുടെ അഗാധതയെക്കുറിച്ചും, എരിയുന്ന തീച്ചൂളയെക്കുറിച്ചും സങ്കടപ്പെട്ടുകൊണ്ടാണോ ഈ വാക്കുകള്‍ ശ്രദ്ധിക്കുന്നത്? എങ്കില്‍ ധൈര്യമായിരിക്കുക! വെള്ളങ്ങള്‍ നിന്റെമീതേ കവിയുകയില്ലെന്നും അഗ്‌നിജ്വാലകള്‍ നിന്നെ ദഹിപ്പിക്കുകയില്ലെന്നും അരുളിച്ചെയ്യുന്ന ദൈവം, നിന്നോടു കൂടെയുണ്ടെന്ന് നീ ഓര്‍മ്മിക്കുമോ? തനിക്കുവേണ്ടി ഇറങ്ങിത്തിരിക്കുന്ന തന്റെ ഭക്തന്മാരെ ആഴമേറിയ വെള്ളത്തിന്റെ നടുവിലും, ആളിക്കത്തുന്ന തീനാളങ്ങളുടെ നടുവിലും അത്യുന്നതനായ ദൈവം കാത്തുസൂക്ഷിക്കുമെന്ന് നീ മനസ്സിലാക്കുമോ? 

ഏഴയിന്‍ പരീക്ഷയാം ഈ വന്‍തീച്ചൂളയില്‍ 

ശദ്രക്ക്‌മേശക്കബേദ്‌നഗൊവിന്‍ ചാരെ വന്നതുപോല്‍ 

എന്‍ ചാരെ വന്നീടണേ... എന്‍ ചാരെ വന്നീടണേ.                 യഹോവയാം...

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com