അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

ദൈവം സ്‌നേഹമാകുന്നുവെന്ന് പ്രഘോഷിക്കുന്ന ക്രൈസ്തവ സമൂഹം സ്‌നേഹത്തിന്റെ ദാരിദ്ര്യത്താല്‍ മുരടിച്ചുകൊണ്ടിരിക്കുന്നു. ദൈവസ്‌നേഹം രുചിച്ചറിയുവാന്‍ കഴിയാത്തതുകൊണ്ട് ശിഥിലമാകുന്ന വ്യക്തിജീവിതങ്ങളും കുടുംബജീവിതങ്ങളും അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. സ്‌നേഹത്തിന്റെ അഭാവം വ്യക്തികളിലും സമൂഹത്തിലും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ വലുതാണ്. ഒരു മനോരോഗ വിദഗ്ദനെ സമീപിക്കുന്ന പത്തു മനോരോഗികളില്‍ ഒന്‍പതുപേര്‍ക്കും ചികിത്സയ്ക്കു പകരം ദൈവസ്‌നേഹത്താല്‍ അവരെ സ്‌നേഹിക്കുന്നവരെയാണ് ആവശ്യമെന്ന് പോള്‍ ടോര്‍ണിയര്‍ എന്ന മന:ശാസ്ത്രവിദഗ്ദ്ധന്‍ അഭിപ്രായപ്പെടുന്നു. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അടിമകളായി സാമൂഹ്യവിരുദ്ധ സ്വഭാവത്തോടെ വളരുന്ന യുവതലമുറയില്‍ ഭൂരിഭാഗവും തകര്‍ന്നുടഞ്ഞ കുടുംബജീവിതങ്ങളുടെ സന്താനങ്ങളാണെന്ന് സര്‍വ്വേ വെളിപ്പെടുത്തുന്നു. ഭാര്യാഭര്‍ത്താക്കന്മാര്‍ ക്രൈസ്തവ ശുശ്രൂഷകളിലും, തങ്ങളുടെ ഇടവകകളിലും ഉന്നത സ്ഥാനീയരാണെങ്കിലും, കുടുംബജീവിതത്തില്‍ ദൈവസ്‌നേഹമില്ലാതെ ഇരുധ്രുവങ്ങളിലായി ജീവിക്കുമ്പോള്‍, ദൈവസ്‌നേഹം രുചിച്ചറിയുവാന്‍ കഴിയാതെ വളരുന്ന അവരുടെ മക്കള്‍ക്ക് ദൈവമെന്നും പ്രാര്‍ത്ഥനയെന്നുമൊക്കെ പറയുന്നത് അരോചകമായിത്തീരുന്നു. എന്തെന്നാല്‍ ദൈവാലയങ്ങളിലും മറ്റു ശുശ്രൂഷകളിലും പങ്കെടുക്കുന്ന തങ്ങളുടെ മാതാപിതാക്കളില്‍ ഈ ദൈവത്തിന്റെ സ്‌നേഹം അവര്‍ക്കു കാണുവാന്‍ കഴിയുന്നില്ല. ഈ അവസ്ഥയില്‍ യോഹന്നാന്‍ശ്ലീഹായുടെ വാക്കുകള്‍ക്ക് പ്രസക്തിയേറുന്നു. ''നമുക്ക് പരസ്പരം സ്‌നേഹിക്കാം. എന്തെന്നാല്‍ സ്‌നേഹം ദൈവത്തില്‍നിന്നു വരുന്നു.'' മാതാപിതാക്കള്‍ തമ്മില്‍, മക്കളും മാതാപിതാക്കളും തമ്മില്‍, കൂട്ടുവേലക്കാര്‍ തമ്മില്‍, വിശ്വാസികള്‍ തമ്മില്‍, സഭകള്‍ തമ്മില്‍ പരസ്പരം സ്‌നേഹിക്കാം. ദൈവം സ്‌നേഹമാകുന്നു.
സഹോദരാ! സഹോദരീ! നിന്റെ കുടുംബജീവിതത്തില്‍ നിനക്ക് തുണയായി തന്ന ഇണയോട്, നിന്റെ മക്കളോട് സ്‌നേഹം പകരുവാന്‍ നിനക്കു കഴിയുന്നുണ്ടോ? നിന്റെ കൂട്ടുവിശ്വാസികളെയും കൂട്ടുവേലക്കാരെയും സ്‌നേഹിക്കുവാന്‍ നിനക്കു കഴിഞ്ഞിട്ടുണ്ടോ? നിന്നെത്തന്നെ പരിശോധിക്കുക! ദൈവം സ്‌നേഹമാണെന്ന് നീ ഓര്‍ക്കുമോ?
സ്‌നേഹിപ്പാന്‍ പുതിയോരു കല്പന
ശിഷ്യന്മാര്‍ക്കേകിയ താതാ
സ്‌നേഹത്താലെന്നെ നിറയ്‌ക്കേണമേ - നിന്‍
സ്‌നേഹത്താലെന്നെ നിറയ്‌ക്കേണമേ
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com