അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

ആപത്തുകളും അനര്‍ത്ഥങ്ങളും ചുറ്റിവളയുമ്പോള്‍ അദൃശ്യനായ ദൈവത്തോട് സഹായം കേഴുന്ന മനുഷ്യന്‍ പലപ്പോഴും പ്രതീക്ഷിക്കുന്നത് ദൃശ്യമായ സഹായമാണ്. തന്റെ ബുദ്ധിയുടെ മൂശയില്‍നിന്നുരുത്തിരിയുന്ന കണക്കുകൂട്ടലുകളനുസരിച്ച് ദൈവം സഹായമെത്തിക്കുന്നുവോ എന്ന് അവന്റെ കണ്ണുകള്‍ നാലുപാടും തിരയുന്നു. ദൈവത്തിന്റെ ശക്തിയാല്‍ വലിയ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന എലീശാപ്രവാചകന്റെ ദാസന് തന്റെ യജമാനന്‍ ആരാധിക്കുന്ന ദൈവത്തെ പൂര്‍ണ്ണമായി മനസ്സിലാക്കുവാന്‍ കഴിഞ്ഞിരുന്നില്ല. എലീശായെ പിടിക്കുവാന്‍ അരാമ്യസൈന്യം കുതിരകളും രഥങ്ങളുമായി പട്ടണം വളഞ്ഞിരിക്കുന്നത് എലീശായുടെ ദാസന്‍ പ്രഭാതത്തില്‍ കണ്ടപ്പോള്‍ അവന്‍ പരിഭ്രാന്തനായി. തന്റെ യജമാനനെ പിടിക്കുവാന്‍ കടന്നുവന്നിരിക്കുന്ന സുശക്തമായ ആ സൈന്യത്തില്‍നിന്നും തന്റെ യജമാനനെ രക്ഷിക്കുവാനായി യജമാനന്‍ സേവിക്കുന്ന ദൈവം ഒരുക്കിയിരിക്കുന്ന യാതൊന്നിനെയും അവന്റെ ബാഹ്യനേത്രങ്ങള്‍ക്കു കാണുവാന്‍ കഴിഞ്ഞില്ല. ''അയ്യോ യജമാനനേ, നാം എന്തു ചെയ്യും?'' എന്ന് അവന്‍ നിലവിളിക്കുമ്പോള്‍ അചഞ്ചലനായ എലീശാ ശാന്തമായി അവനോട് ''ഭയപ്പെടേണ്ട; നമ്മോടു കൂടെയുള്ളവര്‍ അവരോടുകൂടെയുള്ളവരെക്കാള്‍ അധികമാകുന്നു'' എന്നാണ് മറുപടി നല്‍കുന്നത്. നഗ്‌നനേത്രങ്ങള്‍കൊണ്ട് ഒന്നും കാണുവാന്‍ കഴിയാതിരുന്നതുകൊണ്ട് തന്റെ ദാസന് അതു വിശ്വസിക്കുവാന്‍ ബുദ്ധിമുട്ടാണെന്നു മനസ്സിലാക്കിയ എലീശാ, ദാസന്റെ കണ്ണു തുറക്കുവാനായി യഹോവയോടു പ്രാര്‍ത്ഥിച്ചു. യഹോവ അവന്റെ കണ്ണു തുറന്നു. എലീശായുടെ ചുറ്റും അഗ്‌നിമയമായ രഥങ്ങളും കുതിരകളുംകൊണ്ട് മല നിറഞ്ഞിരിക്കുന്നത് അവന്‍ കണ്ടു. സര്‍വ്വശക്തനായ ദൈവം തന്റെ ഭക്തന്മാരെ എങ്ങനെയാണ് കാത്തുസൂക്ഷിക്കുന്നതെന്ന് അവന്‍ മനസ്സിലാക്കി.
ദൈവത്തിന്റെ പൈതലേ! ദൈവത്തിന്റെ പിന്നാലെ ഇറങ്ങിത്തിരിച്ചതുകൊണ്ട് നിന്നെ പിടിക്കുവാനും തകര്‍ക്കുവാനുമായി നിന്നെ വളഞ്ഞിരിക്കുന്ന സൈന്യങ്ങളെക്കുറിച്ചുള്ള പരിഭ്രാന്തിയിലാണോ നീ ഈ വാക്കുകള്‍ ശ്രദ്ധിക്കുന്നത്? എങ്കില്‍ ഭയപ്പെടേണ്ട! എലീശായുടെ ദൈവം ഇന്നും ജീവിക്കുന്നു! തന്റെ ഭക്തന്മാരെ രക്ഷിക്കുന്ന ദൈവം നിന്നെയും രക്ഷിക്കുവാന്‍ കടന്നുവരുമെന്ന് നീ വിശ്വസിക്കുമോ?
വൈരികളേഴയെ തകര്‍ത്തിടുവാന്‍ തീ
അമ്പുകളെയ്യും വേളകളില്‍
കഴുകനെപ്പോല്‍ ഞാന്‍ ചിറകടിച്ചുയരുമെന്‍
പാറയാമേശുവില്‍ മറയും ഭയമിനി വേണ്ട...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com