അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 177 ദിവസം

പരിശുദ്ധാത്മാവിനെ, ആരാധനാക്രമങ്ങളിലൂടെയും പ്രാര്‍ത്ഥനാപുസ്തകങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും മാത്രം അറിയുന്ന അവസ്ഥയിലാണ് ക്രൈസ്തവ ലോകത്തെ ഭൂരിഭാഗം സഹോദരങ്ങളും ഇരുപത്തി ഒന്നാം നൂറ്റാണ്ടിലേക്കു പ്രവേശിച്ചിരിക്കുന്നത്. വായിച്ചും കേട്ടും അറിയുന്ന പരിശുദ്ധാത്മാവിനെ അനുഭവിച്ചറിയുവാന്‍ അധികമാരും ആഗ്രഹിക്കാറില്ല. കര്‍ത്താവ് സ്വര്‍ഗ്ഗാരോഹണം ചെയ്യുന്നതിനുമുമ്പ് തന്റെ ശിഷ്യന്മാരോട് താന്‍ പോയാല്‍ സകല സത്യത്തിലും അവരെ വഴിനടത്തുവാന്‍ ആശ്വാസപ്രദന്‍ അവരുടെമേല്‍ വരുമെന്നും, അതിനായി അവര്‍ യെരൂശലേം വിട്ടുപോകാതെ കാത്തിരിക്കണമെന്നും കല്പിച്ചിരുന്നു. പരിശുദ്ധാത്മാവിനായി അവര്‍ കാത്തിരുന്നു... പരിശുദ്ധാത്മാവില്‍ നിറഞ്ഞ അവര്‍ ശക്തി പ്രാപിച്ച് കര്‍ത്താവിനായി പ്രവര്‍ത്തിച്ചു. ആദിമസഭയുടെ ശക്തിയും സവിശേഷതയും, അവരില്‍ നിറഞ്ഞുനിന്നു പ്രവര്‍ത്തിച്ച പരിശുദ്ധാത്മാവായിരുന്നു. പരിശുദ്ധാത്മാവിനെ നല്‍കുന്നത് സ്വര്‍ഗ്ഗസ്ഥനായ പിതാവാണ്. പരിശുദ്ധാത്മാവിനായി നാം യാചിക്കുമ്പോള്‍ പിതാവിലുണ്ടാകുന്ന പ്രതികരണം കര്‍ത്താവ് എടുത്തു പറയുന്നു. ഒരു മകന്‍ പിതാവിനോട് അപ്പം ചോദിക്കുമ്പോള്‍ സ്‌നേഹധനനായ ആ പിതാവ് തന്റെ മകന് ഒരിക്കലും കല്ല് കൊടുക്കുകയില്ല; മീന്‍ ചോദിക്കുമ്പോള്‍ പാമ്പിനെയോ, മുട്ട ചോദിക്കുമ്പോള്‍ തേളിനെയോ കൊടുക്കുകയില്ല. എന്തെന്നാല്‍ ഇവയൊക്കെയും അവന്റെ ശരീരത്തെ നശിപ്പിക്കും. നാം നമ്മുടെ കുഞ്ഞുങ്ങളുടെ ശാരീരിക വളര്‍ച്ചയെക്കുറിച്ച് അത്രമാത്രം ബോധമുള്ളവരാണെങ്കില്‍, നമ്മുടെ ആത്മിക വളര്‍ച്ചയ്ക്കും നമ്മോടുകൂടെയിരുന്നു വഴിനടത്തുന്നതിനുംവേണ്ടി പരിശുദ്ധാത്മാവിനായി ദൈവത്തോടു യാചിക്കുമ്പോള്‍ നാം ആഗ്രഹിക്കുന്നതിലും അധികമായി പരിശുദ്ധാത്മാവിനാല്‍ നമ്മെ നിറയ്ക്കുമെന്ന് കര്‍ത്താവ് പഠിപ്പിക്കുന്നു. 

                         സഹോദരാ! സഹോദരീ! പാടുകയും പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയുമൊക്കെ ചെയ്യുന്ന നിനക്ക് ഈ വരികള്‍ വായിക്കുന്ന നിമിഷംവരെയും പരിശുദ്ധാത്മാവിനെ അനുഭവമാക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ? ഇല്ലെങ്കില്‍ നിന്റെ പാപങ്ങള്‍ ഏറ്റുപറഞ്ഞ് കണ്ണുനീരോടെ പ്രാര്‍ത്ഥിക്കൂ! അതിനുശേഷം പരിശുദ്ധാത്മാവിനാല്‍ നിന്നെ നിറയ്ക്കുവാന്‍ നിന്റെ സ്വര്‍ഗ്ഗീയ പിതാവിനോടു യാചിക്കൂ! അവന്‍ നിന്നെ നിറയ്ക്കും! അതേ ഇപ്പോള്‍ത്തന്നെ! നീ പ്രാര്‍ത്ഥിക്കൂ! പരിശുദ്ധാത്മാവില്‍ നിറയൂ! 

പാവനമാം പരിപാവനമാം പരിശുദ്ധാത്മാവേ 

എന്നില്‍ നിറയണമേ, ഇപ്പോള്‍ എന്നില്‍ നിറയണമേ! 

എന്നില്‍ നിറയണമേ ഇപ്പോള്‍ എന്നില്‍ നിറയണമേ 

പാവനമാം പരിപാവനമാം പരിശുദ്ധാത്മാവേ

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com