അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

യേശുവിങ്കലേക്ക് ആരെയെങ്കിലും ആകര്‍ഷിക്കുവാന്‍ നാം പരിശ്രമിക്കുമ്പോള്‍ അവരെ പിന്തിരിപ്പിക്കുവാന്‍ വ്യക്തികള്‍ എഴുന്നേല്ക്കുക സ്വാഭാവികമാണ്. ലോകത്തിന്റെ വെളിച്ചമായ യേശുവിന്റെ സന്നിധിയിലേക്ക് ആരും വരുവാന്‍ പിശാച് ആഗ്രഹിക്കാത്തതുകൊണ്ട്, അവന്‍ സര്‍വ്വശക്തിയും ഉപയോഗിച്ച് പല തന്ത്രങ്ങളിലൂടെ നമ്മുടെ ശ്രമങ്ങളെ തകര്‍ക്കുവാന്‍ ശ്രമിക്കും. അനേക സഹോദരങ്ങള്‍ സാത്താന്റെ എതിര്‍പ്പുകളെ കീഴടക്കുവാന്‍ കഴിയാതെ പ്രതികൂലങ്ങളെ പഴിപറഞ്ഞ് പിന്മാറിപ്പോകാറുണ്ട്. ഇങ്ങനെയൊരവസ്ഥ പാഫൊസില്‍ അഭിമുഖീകരിച്ച് വിജയിച്ച അപ്പൊസ്തലനായ പൗലൊസിന്റെ സമീപനം നമുക്കു മാതൃകയാകണം. പാഫൊസിലെത്തിയ പൗലൊസിനെയും ബര്‍ന്നബാസിനെയും ദേശാധിപതിയായ സെര്‍ഗ്ഗ്യൊസ് പൗലൊസ് വരുത്തി ദൈവവചനം കേള്‍ക്കുവാന്‍ ആഗ്രഹിച്ചു. അവനോടൊപ്പമുണ്ടായിരുന്ന യെഹൂദനായ കള്ളപ്രവാചകന്‍ ബര്‍യേശു അതിന് തടസ്സം സൃഷ്ടിച്ച് വിശ്വാസം തടുത്തുകളവാന്‍ ശ്രമിച്ചപ്പോള്‍ പൗലൊസ് പരിശുദ്ധാത്മപൂര്‍ണ്ണനായി അവനെ ഉറ്റുനോക്കി ''പിശാചിന്റെ മകനേ'' എന്നു വിളിച്ചുകൊണ്ട് ''ഇപ്പോള്‍ കര്‍ത്താവിന്റെ കൈ നിന്റെമേല്‍ വീഴും; നീ കുറച്ചു സമയത്തേക്ക് സൂര്യനെ കാണാതെ കുരുടനായിരിക്കും'' എന്നു പറയുമ്പോള്‍ത്തന്നെ ബര്‍യേശു അഥവാ എലീമാസ് എന്ന മന്ത്രവാദി കാഴ്ച നഷ്ടപ്പെട്ടവനായി തപ്പിത്തടഞ്ഞ് അവിടെനിന്നു പോകുന്നു. ദേശാധിപതി ഇവയൊക്കെയും കണ്ടപ്പോള്‍ യേശുവില്‍ വിശ്വസിച്ചു. പൗലൊസ് പരിശുദ്ധാത്മപൂര്‍ണ്ണനായി എലീമാസിനെ നേരിട്ടതുകൊണ്ടാണ് കര്‍ത്താവിന് എതിരായി നിന്ന എലീമാസിനെ കീഴടക്കുവാനും ആ ദേശാധിപതിയെയും മറ്റനേകരെയും യേശുവിങ്കലേക്ക് ആകര്‍ഷിക്കുവാനും അവനു കഴിഞ്ഞത്.
ദൈവത്തിന്റെ പൈതലേ! യേശുവിങ്കലേക്ക് വ്യക്തികളെ ആകര്‍ഷിക്കുവാന്‍ ശ്രമിക്കുമ്പോള്‍ അതിനെതിരേ ഉയരുന്ന വിമര്‍ശനങ്ങളും പരാമര്‍ശനങ്ങളും നിന്നെ തളര്‍ത്തിക്കളയാറുണ്ടോ? ശത്രുവിന്റെ ശബ്ദം ഉയരുമ്പോള്‍, യേശുവിനു വേണ്ടി ഉയര്‍ന്ന നിന്റെ ശബ്ദത്തിന് ശത്രുവിന്റെ ശബ്ദത്തെ കീഴടക്കുവാന്‍ കഴിയണമെങ്കില്‍ പൗലൊസിനെപ്പോലെ പരിശുദ്ധാത്മപൂര്‍ണ്ണനായി അവനെ നേരിടണം. ഈ സമയത്ത് പരിശുദ്ധാത്മാവില്‍ പുതുക്കം പ്രാപിച്ച് യേശുവിനെതിരായി ഉയരുന്ന ശബ്ദങ്ങളെ കീഴടക്കൂ!
കൃപകള്‍ നല്‌കേണം കൃപാവരങ്ങള്‍ ജ്വലിക്കണം
ലോകത്തിന്നറ്റത്തോളം സാക്ഷിയായ് പോകുവാന്‍ നല്‌കേണം...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com