അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 175 ദിവസം

ദൈവം താന്‍ സൃഷ്ടിച്ച മനുഷ്യനെ ആളത്തമായി അറിയുന്നു എന്ന പരമാര്‍ത്ഥം ദൈവത്തെ മറന്നു ജീവിക്കുന്ന മനുഷ്യനും, ദൈവമില്ലെന്നു പറയുന്ന മൂഢനും മനസ്സിലാക്കുന്നില്ല. ദൈവഭയമില്ലാതെ ദൈവജനത്തെ ദുഷിക്കുന്നവര്‍ക്കും പരിഹസിക്കുന്നവര്‍ക്കും ഉടനടി യാതൊരു തിന്മയും ഭവിക്കാത്തതിനാല്‍ ദൈവം തങ്ങളെ അറിയുന്നില്ലെന്നു കരുതി തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. ദൈവജനത്തെ പീഡിപ്പിക്കുകയും പരിഹസിക്കുകയും ചെയ്യുന്നവരെക്കുറിച്ചുള്ള ദൈവജനത്തിന്റെ കണ്ണുനീരില്‍ കുതിര്‍ന്ന പ്രാര്‍ത്ഥനകള്‍ക്കു കര്‍ത്താവ് തക്ക സമയത്ത് മറുപടി തരുമെന്ന് തര്‍സൊസുകാരനായ ശൗലിനുണ്ടായ അനുഭവത്തില്‍നിന്നു വ്യക്തമാകുന്നു. കര്‍ത്താവിന്റെ മാര്‍ഗ്ഗത്തിലേക്ക് ചേരുന്നവരെ പീഡിപ്പിച്ചുവന്ന ശൗല്‍, സ്‌തെഫാനൊസിനെ കല്ലെറിഞ്ഞു കൊല്ലുന്നതിന് സാക്ഷിയായിരുന്നു. ദമസ്‌കൊസിലുള്ള, കര്‍ത്താവിന്റെ അനുയായികളെ പിടിച്ചുകൊണ്ടുപോകുവാന്‍ മഹാപുരോഹിതന്മാരില്‍നിന്നും അധികാരപത്രവും വാങ്ങി ദമസ്‌കൊസിലേക്കു പ്രയാണം ചെയ്യുമ്പോള്‍ ഒരു വലിയ വെളിച്ചം അവന്റെമേല്‍ വീശി. ''ശൗലേ! ശൗലേ!'' എന്നു തന്നെ പേര്‍ ചൊല്ലി വിളിക്കുന്നത് അവന്‍ കേട്ടു. ''നീ ആരാകുന്നു കര്‍ത്താവേ'' എന്നുള്ള ചോദ്യത്തിന് ''നീ ഉപദ്രവിക്കുന്ന യേശുവാകുന്നു ഞാന്‍, നീ എഴുന്നേറ്റ് പട്ടണത്തില്‍ ചെല്ലുക; നീ ചെയ്യേണ്ടതെന്തെന്ന് അവിടെവച്ച് നിന്നോടു പറയും'' എന്ന മറുപടിയാണ് ലഭിച്ചത്. കര്‍ത്താവിന്റെ വാക്കനുസരിച്ച് അവന്‍ പട്ടണത്തിലേക്ക് അന്ധനായി കടന്നുപോയി. ശൗലിന്റെ പീഡനങ്ങളെക്കുറിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന അനന്യാസ് എന്ന തന്റെ ശിഷ്യന് കര്‍ത്താവ് ദര്‍ശനത്തില്‍, ശൗല്‍ എവിടെ, ആരോടൊപ്പം ഏതവസ്ഥയില്‍ പാര്‍ക്കുന്നു എന്നു വെളിപ്പെടുത്തി അവനെ ശൗലിന്റെ അടുത്തേക്ക് അയച്ചു. 

                       സഹോദരാ! സഹോദരീ! നിന്നെ ശരിയായി അറിയുന്ന ദൈവത്തിന്റെ സന്നിധിയിലാണ് നീ ഈ അവസരത്തിലിരിക്കുന്നതെന്നു മനസ്സിലാക്കുമോ? ശൗലിനെ പേര്‍ ചൊല്ലി വിളിച്ച കര്‍ത്താവ് നിന്നെയും ഇപ്പോള്‍ വിളിക്കുന്നു! ശൗലിനെപ്പോലെ കര്‍ത്താവിനെ അനുസരിക്കുവാന്‍ നിനക്കു കഴിയുമോ? കര്‍ത്താവിന്റെ വിളകേട്ട് സമ്പൂര്‍ണ്ണമായി അവനെ അനുസരിക്കുമ്പോഴാണ് അനന്യാസിനെ ശൗലിന്റെ അടുക്കലേക്ക് അയച്ച കര്‍ത്താവ് നീ പോകേണ്ട വഴി നിന്നെ മനസ്സിലാക്കുന്നതെന്ന് ഓര്‍മ്മിക്കുമോ? 

മാറാത്തവന്‍ യേശു മാറാത്തവന്‍ 

മറക്കാത്തവന്‍ അവന്‍ മതിയായവന്‍ 

മാറയാകുമീ ലോകയാത്രയെ മധുരമാക്കി 

അനുദിനം നടത്തിടുന്നവന്‍

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com