അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 174 ദിവസം

''ആരാണ് വലിയവന്‍'' എന്നുള്ള ചോദ്യം ഇന്ന് സമുദായങ്ങളെയും സമൂഹങ്ങളെയും രാഷ്ട്രങ്ങളെയും രാഷ്ട്രീയത്തെയും തകര്‍ത്തുകൊണ്ടിരിക്കുന്നു. കര്‍ത്താവ് ഈ ഭൂമുഖത്ത് ജീവിച്ചിരുന്നപ്പോള്‍ താന്‍ തിരഞ്ഞെടുത്ത് തന്നോടൊപ്പം രാപ്പകല്‍ പ്രവര്‍ത്തിച്ചിരുന്ന പ്രിയപ്പെട്ട ശിഷ്യന്മാരില്‍നിന്നുമുയര്‍ന്ന ഈ ചോദ്യം ഇന്ന് ക്രൈസ്തവ സഭകളെയും ശുശ്രൂഷകളെയും പിളര്‍ന്നുകൊണ്ടിരിക്കുന്നു. വളരെ പ്രതീക്ഷകളോടെ മനുഷ്യരെ പിടിക്കുവാന്‍ നിയോഗിച്ച തന്റെ ശിഷ്യന്മാരില്‍ പലര്‍ക്കും ''വലിയവന്‍'' ആകുവാന്‍ ആഗ്രഹമുണ്ടായിരുന്നു. കര്‍ത്താവ് ലോകത്തില്‍ രാജ്യം സ്ഥാപിക്കുമെന്ന് ധരിച്ച സെബദിമക്കളുടെ മാതാവ്, കര്‍ത്താവിനോട് തന്റെ മക്കളായ യാക്കോബിനെയും യോഹന്നാനെയും കര്‍ത്താവിന്റെ ഇടത്തും വലത്തും ഇരുത്തണമെന്നാവശ്യപ്പെടുന്നത് വലിയവരാകുവാനുള്ള അവരുടെ ആഗ്രഹത്തിന്റെ പ്രകടമായ തെളിവാണ്. കര്‍ത്താവ് അവരുടെ ആഗ്രഹങ്ങള്‍ മനസ്സിലാക്കി ''നിങ്ങളില്‍ വലിയവന്‍ ചെറിയവനെപ്പോലെയും നായകന്‍ ശുശ്രൂഷിക്കുന്നവനെപ്പോലെയും ആയിരിക്കട്ടെ'' (ലൂക്കൊസ്  22 : 26) എന്നരുളിച്ചെയ്യുന്നു. എളിമയുടെയും സൗമ്യതയുടെയും താഴ്മയുടെയും മാര്‍ഗ്ഗമാണിതെന്ന് കര്‍ത്താവ് അവരെ പഠിപ്പിക്കുന്നു. ''ഞാന്‍ നിങ്ങളുടെ ഇടയില്‍ ശുശ്രൂഷിക്കുന്നവനെപ്പോലെ ആകുന്നു'' (ലൂക്കൊസ് 22 : 27) എന്ന് കര്‍ത്താവ് പറയുമ്പോള്‍ അവരുടെ തര്‍ക്കമെല്ലാം അലിഞ്ഞുപോയി. എന്തെന്നാല്‍ തങ്ങളുടെ ഗുരുവും കര്‍ത്താവുമായവന്റെ കരുതലിന്റെയും സ്‌നേഹത്തിന്റെയും ശുശ്രൂഷ അനുദിനം അവര്‍ രുചിച്ചറിഞ്ഞു ജീവിക്കുന്നവരായിരുന്നു. ''മനുഷ്യപുത്രന്‍ ശുശ്രൂഷിക്കപ്പെടുവാനല്ല ശുശ്രൂഷിക്കുവാനും അനേകര്‍ക്കു തന്റെ ജീവനെ മറുവിലയായി കൊടുക്കുവാനുമത്രേ വന്നിരിക്കുന്നത് '' എന്ന് ശിഷ്യന്മാരോട് പറയുക മാത്രമല്ല, അതു പ്രായോഗികമായി കാണിച്ചുകൊടുക്കുകയും ചെയ്തപ്പോള്‍ ശിഷ്യന്മാര്‍ക്ക് തങ്ങളില്‍ ആരെയാകുന്നു വലിയവനായി എണ്ണേണ്ടതെന്ന് പിന്നീടൊരിക്കലും തര്‍ക്കിക്കേണ്ടിവന്നിട്ടില്ല. 

                      ദൈവത്തിന്റെ പൈതലേ! സഭയില്‍, സമൂഹത്തില്‍, ശുശ്രൂഷയില്‍ വലിയവനാകുവാനുള്ള ആഗ്രഹം നിന്നെ ഭരിക്കുന്നുവോ? ആ ചിന്ത നിന്റെ സമാധാനവും സഹിഷ്ണുതയും നഷ്ടപ്പെടുത്തിക്കളയുമെന്നു നീ മനസ്സിലാക്കുമോ? അതോടൊപ്പം ഒരുമനസ്സോടെ ശുശ്രൂഷ ചെയ്യുവാനുള്ള നിന്റെ വൈമനസ്യം കര്‍ത്താവിന്റെ മുമ്പില്‍ വെളിപ്പെടുത്തുകയും ചെയ്യുമെന്ന് നീ ഓര്‍മ്മിക്കുമോ? 

കര്‍ത്തന്‍ വയലില്‍ കൊയ്ത്താളാവാന്‍ 

കൃപകള്‍ നേടീടാം 

ഉയിര്‍ത്ത കര്‍ത്തന്‍ ശക്തിയെ കാട്ടി 

ഉലകെങ്ങും പോകാം......                           ഉലകെങ്ങും പോകാം...

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com