അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

കര്‍ത്താവിന്റെ ഇഹലോകജീവിതത്തില്‍ കര്‍ത്താവിനെ കാണുവാനുള്ള തിക്കിലും തിരക്കിലും നൂറുകണക്കിനാളുകള്‍ അവനെ തൊട്ടിട്ടുണ്ടാവും. പക്ഷേ ഒരിക്കല്‍ മാത്രമാണ് ''എന്റെ വസ്ത്രത്തില്‍ തൊട്ടത് ആര്?'' എന്ന് കര്‍ത്താവ് ചോദിക്കുന്നത്. ആരുമറിയാതെ കര്‍ത്താവിന്റെ വസ്ത്രത്തിന്റെ തൊങ്ങല്‍ മാത്രം തൊട്ട് കര്‍ത്താവിന്റെ ശക്തിയാല്‍ സൗഖ്യം പ്രാപിച്ചത് ജീവിതത്തിലെ എല്ലാ ആശകളും അറ്റുപോയ ഒരു രക്തസ്രവക്കാരി സ്ത്രീ ആയിരുന്നു. പന്ത്രണ്ടു സംവത്സരങ്ങളായി പല വൈദ്യന്മാരുടെ ചികിത്സകള്‍ നടത്തി ആവോളം വേദനകള്‍ സഹിച്ച ഒരു സ്ത്രീ ആയിരുന്നു അവള്‍. ജീവിതത്തിന്റെ സമ്പാദ്യങ്ങളൊക്കെയും തന്റെ സൗഖ്യത്തിനായി ചെലവഴിച്ചിട്ടും സൗഖ്യം ലഭിച്ചില്ലെന്നു മാത്രമല്ല, അവള്‍ ഏറ്റവും പരവശയായിത്തീരുകയും ചെയ്തു. ആരോഗ്യവും സമ്പത്തുമെല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണ് അവള്‍ യേശുവിനെക്കുറിച്ചു കേട്ടത്. അവളെ രക്ഷിക്കുവാന്‍ യേശുവിനു മാത്രമേ കഴിയുകയുള്ളുവെന്ന് അവള്‍ക്കു ബോദ്ധ്യമായി. രക്തസ്രവംകൊണ്ട് തളര്‍ന്ന ശരീരവുമായി അവള്‍ ഓടി. യേശുവിനു ചുറ്റും തിക്കിത്തിരക്കുന്ന നൂറുകണക്കിന് ആളുകളുടെ ഇടയിലൂടെ പോകുവാന്‍ ആരോഗ്യമുള്ള ഒരു പുരുഷനുപോലും പ്രയാസമായ സാഹചര്യത്തില്‍ അവള്‍ സര്‍വ്വശക്തിയുമുപയോഗിച്ച് യേശുവിനെ ലക്ഷ്യമാക്കി മുമ്പോട്ടു കുതിച്ചു. യേശുവിന്റെ അടുത്തെത്തി; ഭവിഷ്യത്തുകള്‍ വകവയ്ക്കാതെ അവള്‍ യേശുവിന്റെ വസ്ത്രത്തില്‍ തൊട്ടു. ആ ക്ഷണം അവള്‍ സൗഖ്യം പ്രാപിച്ചു. അവളുടെ സൗഖ്യത്തിന് നിദാനമായത് എന്താണെന്ന് കര്‍ത്താവ് പറയുന്നു, ''മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു.''
സഹോദരാ! സഹോദരീ! രക്തസ്രവക്കാരിയെപ്പോലെ തകര്‍ന്ന്, തളര്‍ന്ന് എല്ലാം നഷ്ടപ്പെട്ട്, ആശയറ്റ അവസ്ഥയിലാണോ നീ ഈ വരികള്‍ വായിക്കുന്നത്? എങ്കില്‍ ആ രക്തസ്രവക്കാരിയെപ്പോലെ യേശുവില്‍ സമ്പൂര്‍ണ്ണമായി വിശ്വസിച്ചുകൊണ്ട് ഈ സമയത്ത് യേശുവിന്റെ അരികിലേക്കു വരുവാന്‍ നിനക്കു കഴിയുമോ? രക്തസ്രവക്കാരിയെ സൗഖ്യമാക്കിയ കര്‍ത്താവ് ഇന്നും ജീവിക്കുന്നു. ഈ നിമിഷത്തിലും! വരൂ! യേശു നിന്നെ സൗഖ്യമാക്കുവാന്‍ മതിയായവന്‍! അവന്റെ കാരുണ്യത്തിനായി യാചിക്കൂ! യേശുവില്‍നിന്നു സൗഖ്യം പ്രാപിക്കൂ!
രോഗങ്ങളേഴയെ തകര്‍ക്കുന്നതിനാല്‍
വേദനയാല്‍ ഞാന്‍ തകരുന്നു താതാ,
യേശുവേ അങ്ങേ പൊന്‍കരത്താല്‍
സൗഖ്യമിന്നേഴയ്‌ക്കേകീടണമേ സൗഖ്യംതേടി...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com