അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 171 ദിവസം

പാപപങ്കിലമായ ജീവിതത്തോടു യാത്ര പറഞ്ഞ് ക്രിസ്തുവില്‍ പുതിയ സൃഷ്ടിയായി പുതിയ ജീവിതമാരംഭിക്കുവാന്‍ ദൈവം എല്ലാവര്‍ക്കും അവസരം നല്‍കുന്നു. ദൈവത്തിന്റെ വിളി കേള്‍ക്കുന്ന അനേകര്‍ തങ്ങള്‍ക്കു ലഭിക്കുന്ന അവസരം ദൈവത്തിങ്കലേക്കു ചെല്ലുവാന്‍ വിനിയോഗിക്കുന്നു. ചിലര്‍ ദൈവത്തെ ലക്ഷ്യമാക്കി യാത്ര തിരിക്കുന്നുവെങ്കിലും തങ്ങള്‍ ഉപേക്ഷിച്ച സങ്കേതങ്ങളെ പാടേ മറക്കുവാന്‍ കഴിയാതെ പിന്‍തിരിഞ്ഞു വീണ്ടും പാപത്തിന്റെ ആകര്‍ഷണ വലയങ്ങളിലേക്കു വഴുതി വീഴുന്നു. അങ്ങനെയുള്ളവര്‍ക്ക് ലോത്തിന്റെ ഭാര്യയുടെ അനുഭവം പാഠമായിരിക്കണമെന്ന് കര്‍ത്താവ് മുന്നറിയിപ്പു നല്‍കുന്നു. പട്ടണനിവാസികളെക്കുറിച്ചുള്ള ആവലാതി ദൈവസന്നിധിയില്‍ വലുതായിത്തീര്‍ന്നിരിക്കുന്നതിനാല്‍ തങ്ങള്‍ ഈ പട്ടണങ്ങളെ നശിപ്പിക്കുവാന്‍ പോകുകയാണെന്നും അതുകൊണ്ട് അവനുള്ളവരെയൊക്കെയും കൊണ്ടുപൊയ്‌ക്കൊള്ളുവാനും യഹോവ അയച്ച ദൂതന്മാര്‍ ലോത്തിനെ അറിയിച്ചു. ലോത്തിന്റെ പുത്രിമാരെ വിവാഹനിശ്ചയം ചെയ്തിരുന്ന മരുമക്കള്‍ അതു സ്വീകരിച്ചില്ല. ഉഷസ്സായപ്പോള്‍ ദൂതന്മാര്‍ ലോത്തിനെയും ഭാര്യയെയും രണ്ടു പുത്രിമാരെയും കൈയ്ക്കു പിടിച്ചു പട്ടണത്തിന്റെ പുറത്തു കൊണ്ടുപോയി അവരോട് ജീവരക്ഷയ്ക്കായി പര്‍വ്വതത്തിലേക്ക് ഓടിപ്പോകുവാനും, പുറകോട്ട് നോക്കരുതെന്നും ആവശ്യപ്പെട്ടു. പര്‍വ്വതത്തിലേക്ക് ഓടിയെത്തുവാന്‍ അവര്‍ക്ക് കഴിയാത്തതിനാല്‍ സമീപപട്ടണമായ സോവരിലേക്ക് ഓടുമ്പോള്‍, ലോത്തിന്റെ ഭാര്യ താന്‍ വിട്ടിട്ടു പോരുന്ന സമ്പന്നതയുടെയും ലൗകികസുഖങ്ങളുടെയും നാടിനെ തിരിഞ്ഞുനോക്കി  അവള്‍ ഉപ്പുതൂണായിത്തീര്‍ന്നു. 

                      സഹോദരാ! സഹോദരീ! പാപം നിറഞ്ഞ നിന്റെ സൊദോമ്യജീവിതത്തില്‍ നിന്നു പുറത്തുവരുവാനുള്ള ദൈവത്തിന്റെ വിളി കേട്ട് ഇറങ്ങിത്തിരിച്ച നീ ഇന്ന് ലോത്തിന്റെ ഭാര്യയെപ്പോലെ തിരിഞ്ഞുനോക്കുന്ന അവസ്ഥയിലാണോ? നീ ഉപേക്ഷിച്ച പഴയ മനുഷ്യന്റെ സ്വഭാവങ്ങളെ സമ്പൂര്‍ണ്ണമായി മറക്കുവാനും ഉപേക്ഷിക്കുവാനും നിനക്ക് കഴിയുന്നില്ലയോ? നിന്റെ പഴയ ജീവിതത്തിലേക്കു നീ വീണ്ടും മടങ്ങിപ്പോയാല്‍ അതു നിന്റെ ജീവിതത്തെ തകര്‍ത്തുകളയുമെന്ന് നീ ഓര്‍ക്കുമോ? 

എന്‍ പാപങ്ങള്‍ കടുംചുവപ്പാകിലും 

യേശുവേ നിന്‍ നിത്യ സ്‌നേഹ...ത്താല്‍ 

ഹിമംപോല്‍ വെളുപ്പിച്ചെന്നെ നീ 

വെണ്മയായ് തീര്‍ക്കണമേ!                             സമര്‍പ്പിക്കുന്നേ...

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com