അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 170 ദിവസം

വിശുദ്ധനായ ദൈവത്തിനായി വേര്‍തിരിക്കപ്പെടുന്ന ദൈവജനത്തെ വിശുദ്ധന്മാരെന്ന് പഴയനിയമകാലംമുതല്‍ അഭിസംബോധന ചെയ്തിരുന്നു. അടിമയായി ജനിച്ച്, ഫറവോന്റെ കൊട്ടാരത്തില്‍ വളര്‍ന്ന്, മിസ്രയീമിലെ സകല വിദ്യകളും അഭ്യസിച്ച്, യൗവനത്തിന്റെ പൂര്‍ണ്ണതയില്‍ ഒരു ആട്ടിടയനായി താഴ്ത്തപ്പെട്ട് മിദ്യാന്യമരുഭൂമിയില്‍ ജീവിച്ച് വാര്‍ദ്ധക്യത്തിലെത്തിയ മോശെ, ദൈവത്തിന്റെ വിളികേട്ട് അവന്റെ പ്രഭുവായി ഫറവോന്റെ സന്നിധിയിലേക്കു ചെന്ന്, തന്റെ ജനത്തെ അടിമത്തത്തില്‍നിന്നു വിടുവിച്ചു. ദൈവപുരുഷനായ മോശെ തന്റെ മരണത്തിനു മുമ്പ് യിസ്രായേല്‍മക്കളോടു പറയുന്ന ഈ വാക്കുകള്‍ അന്നത്തെപ്പോലെ ഇന്നും പ്രസക്തമാണ്. വിശുദ്ധന്മാര്‍ എന്ന പദം മരണാനന്തരമുള്ള അവസ്ഥയെ കുറിക്കുന്നു എന്നാണ് അനേകര്‍ ധരിച്ചിരിക്കുന്നത്. എന്നാല്‍ വിശുദ്ധന്മാരെന്ന വാക്ക് ആംപ്ലിഫൈഡ് ബൈബിള്‍ വിവര്‍ത്തനം ചെയ്തിരിക്കുന്നത് ദൈവത്തിനുവേണ്ടി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നവര്‍ എന്നാണ്. ദൈവം വാഗ്ദത്തം ചെയ്ത പാലും തേനും ഒഴുകുന്ന കനാന്‍ദേശത്ത് തന്റെ ജനത്തെ എത്തിക്കുവാന്‍ തനിക്കു കഴിയുന്നില്ലെങ്കിലും വാഗ്ദത്തത്തില്‍ വിശ്വസ്തനായ ദൈവം അവരെ അവിടെ എത്തിക്കുമെന്ന് തന്റെ മരണത്തിനുമുമ്പ് മോശെ യിസ്രായേല്‍മക്കളോട് ഉറപ്പിച്ചു പറയുന്നു. എന്തെന്നാല്‍ അവന്റെ സകല വിശുദ്ധന്മാരും അഥവാ അവനായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന എല്ലാവരും ആ തൃക്കൈയില്‍ ഇരിക്കുന്നു. മിസ്രയീമിലെ ആദ്യജാതന്മാരെ കൊന്നൊടുക്കി തന്റെ ജനത്തെ വിടുവിക്കുകയും അസംഖ്യങ്ങളായ അമാനുഷിക അത്ഭുതങ്ങളാല്‍ തന്നെ വഴിനടത്തുകയും ചെയ്ത ദൈവത്തെക്കുറിച്ച് മരിക്കുന്നതിനുമുമ്പ് മോശെയ്ക്കു പറയുവാനുള്ളത് തന്റെ വിശുദ്ധന്മാരെ അഥവാ തനിക്കായി പ്രതിഷ്ഠിച്ചിരിക്കുന്നവരെ ദൈവം തന്റെ കരങ്ങളില്‍ വഹിക്കുന്നുവെന്നാണ്. 

                     ദൈവപൈതലേ! പ്രതിസന്ധികളുടെ ചെങ്കടലും, കഷ്ടങ്ങളുടെ മാറയും നിന്റെ ജീവിതത്തെ പിടിച്ചു കുലുക്കുമ്പോള്‍ തന്റെ സകല വിശുദ്ധന്മാരും യഹോവയാം ദൈവത്തിന്റെ തൃക്കരങ്ങളില്‍ ഇരിക്കുന്നു എന്ന മോശെയുടെ സാക്ഷ്യം നീ ഓര്‍ക്കുമോ? ചെങ്കടലിനെ പിളര്‍ക്കുകയും, മാറയെ മധുരമാക്കുകയും ചെയ്യുന്ന ദൈവമാണ് നിന്റെ ദൈവമെന്ന് ഈ സമയത്ത് നീ മനസ്സിലാക്കുമോ? 

എന്നെ വിളിച്ച ദൈവം 

എന്നെ വേര്‍തിരിച്ച ദൈവം 

എന്നധിപതിയായ് തന്‍ വഴികളിലെന്നെ 

അനുദിനം നടത്തിടുന്നു.                             എന്നെ വിളിച്ച ദൈവം

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com