അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

നമ്മില്‍ അനേകര്‍ ആത്മികര്‍ അഥവാ ദൈവത്തിന്റെ പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്നവര്‍ ആകുന്നുവെന്ന് അഭിമാനിക്കുന്നുണ്ടാവും. അതിന് ഉപോദ്ബലകമായി ധാരാളം കാരണങ്ങള്‍ നമുക്കു നിരത്തിവയ്ക്കാനുമുണ്ടാവും. മുടങ്ങാതെ ആരാധനകളിലും ശുശ്രൂഷകളിലും പങ്കെടുക്കുന്നു, നോമ്പു നോക്കുന്നു, ഏകദിന, ത്രിദിന ഉപവാസങ്ങള്‍ അനുഷ്ഠിക്കുന്നു തുടങ്ങിയ അനേക യോഗ്യതകള്‍ നമുക്കു പറയാനുണ്ടാവും. എന്നാല്‍ താന്‍ സ്ഥാപിച്ച കൊരിന്ത്യസഭയിലെ വിശ്വാസികളോട് അപ്പൊസ്തലനായ പൗലൊസിനു പറയുവാനുള്ളത് ''എന്നാല്‍ സഹോദരന്മാരേ, ജഡികരോട് എന്നപോലെയും ക്രിസ്തുവില്‍ ശിശുക്കളോട് എന്നപോലെയുമല്ലാതെ ആത്മികരോട് എന്നപോലെ നിങ്ങളോടു സംസാരിക്കുവാന്‍ എനിക്ക് കഴിഞ്ഞില്ല'' (1 കൊരിന്ത്യര്‍ 3 : 1). ഏതാണ്ട് ഒന്നര വര്‍ഷം കൊരിന്തില്‍ പാര്‍ത്ത് മ്ലേച്ഛത ഏറെ നടമാടിയിരുന്ന കൊരിന്തില്‍ സഭ സ്ഥാപിച്ച അപ്പൊസ്തലനായ പൗലൊസ് അവിടെനിന്നു യാത്രയാകുന്നത് പരിശുദ്ധാത്മാവില്‍ നിറഞ്ഞ വിശ്വാസികളുടെ ഒരു സമൂഹത്തെ കണ്ടുകൊണ്ടായിരുന്നു. എന്നാല്‍ അല്പകാലം കഴിഞ്ഞ് അവരോടു പഴയ ആത്മികരോടെന്നപോലെയല്ല ജഡികരോടെന്നപോലെയാണ് താന്‍ സംസാരിക്കുന്നത് എന്ന് അപ്പൊസ്തലന്‍ പറയുവാന്‍ കാരണം അവരുടെ ഇടയില്‍ ഉളവായ അസൂയയും പിണക്കവുമാണ്. മറ്റൊരാളെ അംഗീകരിക്കുവാനോ വഹിക്കുവാനോ സഹിക്കുവാനോ കഴിയാതെവരുമ്പോഴാണ് അസൂയ ഉണ്ടാകുന്നത്. മറ്റുള്ളവരെ കരുതുവാനും അവരുടെ സങ്കടങ്ങളിലും കഷ്ടതകളിലും കടന്നുചെല്ലുവാനും കഴിയാത്തത് അസൂയ ഉളവാകുമ്പോഴാണ്. പിണക്കം സൃഷ്ടിക്കുന്നത് പിശാചാണ്. പിണക്കം സ്‌നേഹവും സമാധാനവും നഷ്ടപ്പെടുത്തുന്നു. ദൈവത്തിന്റെ മന്ദിരങ്ങളെ അതു നശിപ്പിക്കുന്നു. ദൈവത്തിന്റെ പരിശുദ്ധാത്മാവിന് അസൂയയുടെയും പിണക്കത്തിന്റെയും നടുവില്‍ വസിക്കുവാന്‍ സാദ്ധ്യമല്ലാത്തതിനാല്‍ പരിശുദ്ധാത്മാവ് നഷ്ടപ്പെട്ട് ആത്മികര്‍ ജഡികന്മാരായിത്തീരുന്നു.
ദൈവത്തിന്റെ പൈതലേ! ആത്മികനെന്ന് അഭിമാനിക്കുന്ന നിന്നില്‍ അസൂയയും പിണക്കവുമുണ്ടെങ്കില്‍ ദൈവത്തിന്റെ പരിശുദ്ധാത്മാവിനു നിന്നില്‍ വസിക്കുവാന്‍ കഴിയുകയില്ലെന്ന് നീ മനസ്സിലാക്കുമോ? നീ പ്രാപിച്ച പരിശുദ്ധാത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ ശേഷം മനുഷ്യരെപ്പോലെ നീയും ജഡികനായി മാറുമെന്നോര്‍ക്കുമോ?
പാപത്തെ വിട്ടോടിടാം അനുതപിച്ചിടാം
വിശുദ്ധിയില്‍ വളര്‍ന്നിടാം
വിശ്വാസത്താല്‍ മുന്നേറിടാം എന്‍ പാറയും...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com