അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 168 ദിവസം

പാപത്തിന്റെ പെരുവഴിയിലൂടെ ഓടി തന്നില്‍നിന്ന് അകന്നുപോയ മനുഷ്യനായി സ്‌നേഹവാനായ ദൈവം കാത്തിരിക്കുന്നു. വീടുവിട്ടുപോയ തന്റെ മകനോടുള്ള സ്‌നേഹത്തിന്റെ അഗാധതയും പ്രതീക്ഷയോടെയുള്ള കാത്തിരിപ്പും, തന്റെ മകന്റെ തിരിച്ചുവരവില്‍ ആ പിതാവില്‍നിന്ന് ഉയരുന്ന പ്രതികരണത്തിലൂടെ കര്‍ത്താവ് വ്യക്തമാക്കുന്നു. തനിക്കു ലഭിക്കുവാനുള്ള പിതാവിന്റെ സ്വത്തെല്ലാം വാങ്ങി ആ മകന്‍ കടന്നുപോയപ്പോള്‍ തന്റെ പിതാവിനെക്കുറിച്ചോ, തന്റെ ഭവനത്തെക്കുറിച്ചോ, അവന്റെ പ്രവൃത്തിമൂലം തന്റെ പിതാവിനുണ്ടാകുന്ന ഹൃദയവേദനയെക്കുറിച്ചോ ആ മകന് ഒട്ടും ചിന്തയില്ലായിരുന്നു. ധനമെല്ലാം ധൂര്‍ത്തടിച്ച്, എല്ലാം നഷ്ടപ്പെട്ട്, ഒന്നുമില്ലാത്ത അവസ്ഥയില്‍ എല്ലാവരും അവനെ ഉപേക്ഷിച്ചപ്പോള്‍ പന്നികളെ മേയ്ക്കുന്ന ജോലി അവന്‍ ഏറ്റെടുത്തു. എന്നാല്‍ വിശപ്പടക്കുവാന്‍, പന്നികള്‍ക്ക് കൊടുക്കുന്ന പയറിന്റെ തവിടുപോലും അവനു നിഷേധിക്കപ്പെട്ടപ്പോള്‍ തന്റെ പിതാവിന്റ സ്‌നേഹത്തെക്കുറിച്ച് അവന്‍ ഓര്‍ത്തു. പിതൃഭവനത്തില്‍ യാതൊരു അവകാശവും ഇല്ലാത്ത തന്നെ ഒരു ദാസനായെങ്കിലും സ്വീകരിക്കണമേ എന്ന് അപേക്ഷിക്കുവാനായി അവന്‍ പുറപ്പെട്ടു. ദാരിദ്ര്യത്തിലും പട്ടിണിയിലും അവശനായ അവന്റെ വരവ് അവന്റെ അപ്പന്‍ ദൂരത്തുനിന്നു കണ്ടു. അവന്‍ വീടുവിട്ടുപോയ നിമിഷംമുതല്‍ മകന്റെ തിരിച്ചുവരവിനുവേണ്ടി ആ പിതാവ് കാത്തിരിക്കുകയായിരുന്നു. അങ്ങു ദൂരത്ത് അവനെ കണ്ട മാത്രയില്‍ സ്‌നേഹധനനായ ആ പിതാവ് അവന്റെ അടുത്തേക്ക് ഓടിച്ചെന്നു. പന്നികളുടെകൂടെ വസിച്ച്, മുഷിഞ്ഞ് പ്രാകൃതനായ തന്റെ മകനെ, നഷ്ടങ്ങളുടെ കണക്കൊന്നും പറയാതെ കെട്ടിപ്പിടിച്ചു ചുംബിച്ചു. മേല്‍ത്തരമായ അങ്കിയും മോതിരവും ചെരുപ്പും അവനു നല്‍കി; കാളക്കുട്ടിയെ അറുത്ത് വിരുന്നൊരുക്കി മകന്റെ തിരിച്ചുവരവ് ആഘോഷിച്ചു. 

                       സഹോദരാ! സഹോദരീ! പാപപങ്കിലമായ ജീവിതത്തില്‍നിന്ന് നിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്ന സ്‌നേഹധനനായ സ്വര്‍ഗ്ഗീയ പിതാവിന്റെ കരതലങ്ങളിലേക്ക് നീ മടങ്ങിവരുമോ? അവന്‍ തന്ന അനുഗ്രഹങ്ങളൊക്കെയും നീ നശിപ്പിച്ചിരിക്കാം! നീ പ്രാകൃതമായി മുഷിഞ്ഞ അവസ്ഥയിലായിരിക്കാം! പക്ഷേ, ഈ സമയത്ത് നീ മടങ്ങിവരുമെങ്കില്‍ നിന്നെ മാറോടണച്ചു ചുംബിക്കുവാന്‍ നിന്റെ സ്വര്‍ഗ്ഗീയ പിതാവ് കാത്തുനില്‍ക്കുന്നുവെന്ന് നീ മനസ്സിലാക്കുമോ? 

ആലംബഹീനരായ്... ആശാവിഹീനരായ്

ആകുല ചിത്തരായ് വന്നീടുന്നേ...

നിന്‍ മുഖം കാണുവാന്‍ നിന്‍ചാരെ ചേരുവാന്‍

ഏഴകള്‍ വന്നീടുന്നേ...                                             നിന്‍ മാറില്‍...

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com