അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 167 ദിവസം

ദൈവജനത്തെ ദൈവകോപത്തിലേക്കും ശിക്ഷയിലേക്കും തള്ളിയിടുവാന്‍ അവരുടെ വായില്‍നിന്നു പുറപ്പെടുന്ന വാക്കുകള്‍ മുഖാന്തരമായിട്ടുണ്ട്. കനാന്റെ പടിവാതിലില്‍ എത്തിയ യിസ്രായേല്‍മക്കള്‍ക്ക് അവരുടെ വായിലെ വാക്കുകള്‍ കാരണം വീണ്ടും നാല്പതു സംവത്സരങ്ങള്‍ ആ മരുഭൂമിയില്‍ ഉഴലേണ്ടിവന്നു. നമ്മുടെ വായില്‍നിന്നും പുറപ്പെടുന്ന വാക്കുകള്‍ക്ക് മനുഷ്യരെ വെറുപ്പിക്കുവാനും പ്രകോപിപ്പിക്കുവാനും നിരാശപ്പെടുത്തുവാനും ദു:ഖിപ്പിക്കുവാനുമൊക്കെ കഴിയുമെന്ന് ചിന്തിക്കാതെയാണ് നാം പലപ്പോഴും വാക്കുകള്‍ ഉരുവിടുന്നത്. ''ഒരുവന്‍ വാക്കില്‍ തെറ്റാതിരുന്നാല്‍ അവന്‍ ശരീരത്തിനു മുഴുവനും കടിഞ്ഞാണിടുവാന്‍ കഴിവുള്ള പൂര്‍ണ്ണമനുഷ്യന്‍ ആകുന്നു'' എന്ന് യാക്കോബ്ശ്ലീഹാ ഓര്‍മ്മിപ്പിക്കുന്നു (യാക്കോബ്  3 : 2). ഒരു ദൈവപൈതലിന്റെ വായില്‍നിന്നു പുറപ്പെടുന്ന വാക്കുകള്‍ എങ്ങനെയുള്ളതായിരിക്കണമെന്ന് അപ്പൊസ്തലനായ പൗലൊസ് എഫെസ്യസഭയിലെ വിശ്വാസികളെ അറിയിക്കുന്നത് ശ്രദ്ധേയമാണ്. നമ്മുടെ വാക്കുകള്‍ കേള്‍ക്കുന്നവര്‍ക്ക് കൃപ ലഭിക്കത്തക്ക നല്ല വാക്കുകളായിരിക്കണം. അവ മറ്റുള്ളവരുടെ ആത്മിക വളര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നതും വിശ്വാസത്തില്‍ ഉറപ്പിക്കുന്നതും സ്വാന്തനം പകരുന്നതും കര്‍ത്താവിനെ മഹത്ത്വപ്പെടുത്തുന്നതുമായിരിക്കണം. യാതൊരു ദുഷിച്ച വാക്കും നമ്മുടെ വായില്‍നിന്നു പുറപ്പെടരുതെന്ന് അപ്പൊസ്തലന്‍ കര്‍ശനമായി നിഷ്‌കര്‍ഷിക്കുന്നു. വായില്‍നിന്നു പുറപ്പെടുന്ന വാക്കുകള്‍ ദൈവകോപം വരുത്തിവയ്ക്കുവാന്‍ ഇടയാകാതെയിരിക്കുവാനാണ് ''യഹോവേ, എന്റെ വായ്ക്ക് ഒരു കാവല്‍ക്കാരനെ നിര്‍ത്തണമേ; എന്റെ അധരകവാടം സംരക്ഷിക്കണമേ'' (സങ്കീര്‍ത്തനങ്ങള്‍ 141 : 3) എന്ന് ദാവീദ് പ്രാര്‍ത്ഥിക്കുന്നത്. സന്തോഷത്തിലും സന്താപത്തിലും സംഘര്‍ഷത്തിലും കോപത്തിലും ക്രോധത്തിലുമെല്ലാം ഒരു ദൈവപൈതലില്‍നിന്ന് ഉയരുന്നത് നല്ല വാക്കുകള്‍ മാത്രമായിരിക്കും. 

                        ദൈവത്തിന്റെ പൈതലേ! കോപത്തിലും ക്രോധത്തിലും നിന്റെ വായില്‍നിന്നു പുറപ്പെടുന്ന വാക്കുകള്‍ കേള്‍ക്കുന്നവര്‍ക്ക് കൃപ ലഭിക്കുവാന്‍ മുഖാന്തരമൊരുക്കുമോ എന്നു നീ ചിന്തിക്കാറുണ്ടോ? നിന്റെ കോപത്തിന്റെ നിമിഷങ്ങളില്‍ നീ അറിയാതെ നിന്റെ നാവിന്‍തുമ്പില്‍ ഓടിയെത്തുന്ന പദപ്രയോഗങ്ങള്‍, വിഷമുനയുള്ള വാക്കുകള്‍ മറ്റുള്ളവരുടെ ആത്മിക വര്‍ദ്ധനയ്ക്ക് ഉതകുകയില്ലെന്നു മാത്രമല്ല, അവ നിന്റെ ദൈവകൃപയെ ചോര്‍ത്തിക്കളയുകയും ചെയ്യുമെന്ന് നീ ഓര്‍മ്മിക്കുമോ? 

അശുദ്ധതയകറ്റുവാന്‍ താതാ 

വിശുദ്ധിയില്‍ വളരുവാന്‍ നാഥാ 

നിന്‍ പുണ്യ രക്തത്താല്‍ 

ഏഴയെ കഴുകണമേ.                       യേശുവേ നിന്‍....

തിരുവെഴുത്ത്

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com