അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അത്യുന്നതനായ ദൈവം നല്‍കുന്ന അനവരതങ്ങളായ അനുഗ്രഹങ്ങളാല്‍ മനുഷ്യന്‍ അഭിവൃദ്ധിയിലേക്കു കുതിച്ചുകയറുമ്പോള്‍ അവന്‍ നേടിയ സൗഭാഗ്യങ്ങളെല്ലാം തന്റെ കഴിവുകൊണ്ടാണെന്നുള്ള അഹങ്കാരം അവനില്‍ അങ്കുരിക്കുകയായി. ധനവും പ്രതാപവും വര്‍ദ്ധിക്കുന്തോറും സമ്പത്തുകൊണ്ട് എന്തും നേടിയെടുക്കാമെന്നുള്ള നിഗളം അവനെ കീഴടക്കുന്നു. കുപ്പയില്‍നിന്നു തന്നെ ഉയര്‍ത്തിയ ദൈവത്തെക്കുറിച്ചു ചിന്തിക്കുവാന്‍പോലും അവനു കഴിയാറില്ല. പ്രിയപ്പെട്ട ഭാര്യയുടെ സ്‌നേഹം നിറഞ്ഞ അഭിപ്രായങ്ങള്‍ അവനു പുച്ഛമാണ്. ആത്മീയമായ ഉപദേശങ്ങള്‍ അവനു വെറുപ്പാണ്. ഇല്ലായ്മയുടെ കാലങ്ങളില്‍ തന്നോടൊപ്പമുണ്ടായിരുന്നവരോട് ഒരു നല്ല വാക്കു പറയുവാന്‍ അവനു സമയമില്ല. അവന്റെ ലോകത്തില്‍ അവന്‍ മാത്രം... അവനെക്കാള്‍ ഉപരിയായി മറ്റാരും ഇല്ലെന്ന അഹങ്കാര ചിന്ത അവനില്‍ അങ്കുരിക്കുന്നു. ദൈവത്തില്‍നിന്നു മനുഷ്യനെ അകറ്റിക്കളയുവാന്‍ മനുഷ്യനെ ഈ പാപത്തിലേക്കു നയിക്കുന്നത് സാത്താനാണ്. എന്തെന്നാല്‍ ദൈവം വെറുക്കുന്ന പാപമാണ് നിഗളം. യഹോവയാം ദൈവമാണ്, തന്റെ പ്രമോദമായ യെരൂശലേംദൈവാലയം ചുട്ടുകരിച്ച്, പട്ടണത്തിന്റെ മതിലുകള്‍ തകര്‍ത്ത് തന്റെ ജനത്തെ അടിമകളാക്കുവാന്‍ അവകാശം നല്‍കിയതെന്നു മറന്ന നെബൂഖദ്‌നേസര്‍ ദൈവജനത്തെ ക്രൂരമായി പീഡിപ്പിച്ച്, അടിമവേല ചെയ്യിച്ച്, ബാബിലോണിനെ പ്രാചീനലോകത്തിലെ ഏറ്റവും മനോഹരവും സുരക്ഷിതവുമായ പട്ടണമാക്കി. പേരും പെരുമയും പ്രതാപവും വര്‍ദ്ധിച്ചപ്പോള്‍ ആര്‍ക്കും തങ്ങളെ കീഴടക്കുവാന്‍ കഴിയുകയില്ലെന്ന് അഹങ്കരിച്ച ബാബിലോണിനോട് യഹോവയാം ദൈവം ''അഹങ്കാരിയേ, ഞാന്‍ നിനക്കെതിരായിരിക്കുന്നു'' എന്ന് അരുളിച്ചെയ്ത് ബാബിലോണ്‍സാമ്രാജ്യത്തെ തകര്‍ത്തുകളഞ്ഞു.
സഹോദരാ! സഹോദരീ! ദൈവം തന്ന അനുഗ്രഹങ്ങളാല്‍ മുന്നേറുന്ന നിന്നില്‍ അഹങ്കാരമുണ്ടോ? അഹങ്കാരമുണ്ടെന്ന് നീ സമ്മതിക്കുകയില്ലായിരിക്കാം! പക്ഷേ മറ്റുള്ളവരെ അംഗീകരിക്കുവാനോ, ആദരിക്കുവാനോ സ്‌നേഹിക്കുവാനോ കഴിയാതെ വരുമ്പോള്‍ നിന്റെ ബുദ്ധികൊണ്ട് നീ എല്ലാം വെട്ടിപ്പിടിച്ചതാണെന്ന് പ്രഖ്യാപിക്കുമ്പോള്‍, കണ്ണുനീരോടെ പ്രാര്‍ത്ഥിക്കുവാന്‍ കഴിയാതെ വരുമ്പോള്‍ നീ ഒരു അഹങ്കാരിയായി മാറിയിരിക്കുന്നുവെന്ന് മനസ്സിലാക്കുമോ?
നിഗളത്തെ നീക്കണമേ സൗമ്യതയേകണമേ
സ്വാര്‍ത്ഥതയെല്ലാം നീക്കിയെന്‍ കോപമകറ്റണമേ സ്‌നേഹമാം നിന്‍...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com